- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ അമ്മയും പെൺമക്കളും ഫ്ളാറ്റിൽ മരിച്ച നിലയിൽ; മരണം വിഷവാതകം ശ്വസിച്ച്; ആത്മഹത്യാ കുറിപ്പിൽ മുന്നറിയിപ്പും
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നംഗ കുടുംബത്തെ വിഷവാതകം ശ്വസിച്ച് മരിച്ചനിലയിൽ കണ്ടെത്തി. വസന്ത് വിഹാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
50-കാരിയായ സ്ത്രീയേയും രണ്ട് പെൺമക്കളേയുമാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെക്കൻ ഡൽഹിയിലുള്ള ഫ്ളാറ്റിൽ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 50 വയസുള്ള മഞ്ജു, മക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചത്. ഫ്ളാറ്റിൽ നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ വിഷവാതകം സംബന്ധിച്ച മുന്നറിയിപ്പുമുണ്ടായിരുന്നു. മുറിയിലെത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ളതായിരുന്നു കുറിപ്പ്.
വസന്ത് വിഹാലുള്ള വസന്ത് അപാർട്ട്മെന്റിലെ ഫ്ളാറ്റിലാണ് സംഭവം. ഇവരുടെ മുറി അകത്തുനിന്ന് പൂട്ടിരിക്കുകയാണെന്നും തുറക്കുന്നില്ലെന്നും രാവിലെ എട്ടരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മൂന്ന് പേരും മരിച്ച നിലയിലായിരുന്നു. അകത്തെ മുറിയിൽ കിടക്കയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും കിടന്നിരുന്നത്.
ഫ്ളാറ്റിന്റെ എല്ലാ വാതിലുകളും ജനലുകളും അടച്ച് ഭദ്രമാക്കിയിരുന്നു. വായു പുറത്ത് കടക്കാതിരിക്കാൻ പോളീത്തീൻ ഉപയോഗിച്ച് അടക്കുകയും ചെയ്തിരുന്നു. ഓൺലൈനിൽ ഓർഡർ ചെയ്താണ് കവറുകളും മറ്റും വരുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പാചക വാതക സിലിണ്ടറും തുറന്നിട്ടിരുന്നു. സമീപത്ത് കൽക്കരി കത്തിച്ച് വെക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തീ പടർന്ന് പിടിക്കാൻ സാധ്യതയുള്ളതിനാൽ ഫ്ളാറ്റിലേക്ക് കയറുന്ന ആരും തീ കത്തിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു.
'മാരകമായ വാതകം... ഉള്ളിൽ കാർബൺ മോണോക്സൈഡ്. അത് കത്തുന്നതാണ്. ദയവായി ജനൽ തുറന്ന് ഫാൻ ഓൺ ചെയ്ത് മുറിയിൽ വായുസഞ്ചാരമുണ്ടാക്കുക. തീപ്പെട്ടിയോ മെഴുകുതിരിയോ മറ്റോ കത്തിക്കരുത് മുറിയിൽ അപകടകരമായ വാതകം നിറഞ്ഞതിനാൽ കർട്ടൻ നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ശ്വസിക്കരുത്', എന്നൊക്കെ ഇംഗ്ലീഷിലുള്ള ആത്മഹത്യാ കുറിപ്പിൽ കുറിച്ചിരുന്നു.
ആത്മഹത്യ ചെയ്ത മഞ്ജു എന്ന സ്ത്രീയുടെ ഭർത്താവ് കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം ഈ കുടുംബം അസ്വസ്ഥരായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു. മഞ്ജുവിനും സുഖമില്ലായിരുന്നു. കുറച്ചുനാളായി ഇവരും കിടപ്പിലായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.




