കോതമംഗലം: കൊലയാളിഗെയിമിന്റെ ഇരയെന്ന് സംശയം. മാതിരപ്പിള്ളി പള്ളിപ്പടിയിൽ 13 കാരൻ പുഴയിൽ ച്ചാടി ആത്മഹത്യചെയ്തു. വെള്ളക്കാമറ്റം പള്ളിപ്പടി കുഞ്ചാട്ട് വീട്ടിൽ ഹിലാലാണ് (13)മരണപ്പെട്ടത്. ജഡം പള്ളിപ്പടി പാലത്തിന് താഴെ പുഴയിൽ നിന്നും കോതമംഗലം ഫയർഫോഴ്സിലെ സ്‌കൂബ സംഘം കണ്ടെടുത്തു.

സ്‌കൂബടീം രണ്ടര മണിക്കുറോളം തിരച്ചിൽ നടത്തിയാണ ജഡം കണ്ടെടുത്തത്.രാത്രിയിൽ കുട്ടിയെ കാണാതായതിനെത്തുടർന്ന് നാട്ടുകാരും വീട്ടുകാരും വ്യാപകമായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് ബന്ധുക്കൾ വിവരം കോതമംഗലം പൊലീസിൽ അറിയിച്ചത്.
ഉച്ചയോടെ കുട്ടിയുടേത് എന്ന് സംശയിക്കുന്ന ചെരുപ്പ് പുഴയിൽ കണ്ടതിനെത്തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.തുടർന്നാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.

2 കിലോമീറ്റർ ദൂരത്തിൽ കയങ്ങളിലും തടയണയിലുമായിട്ടാണ് ആദ്യഘട്ടത്തിൽ തിരച്ചിൽ നടന്നത്.ഒടുവിൽ പാലത്തിനു താഴെ 20 അടിയോളം ആഴത്തിലെ കയത്തിൽ നിന്നും ഏറെ ശ്രമകരമായ തിരച്ചിലിനിടയിലാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്.
അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ നേതൃത്വത്തിൽ സ്‌കൂബ ടീം അംഗങ്ങളായഎം അനിൽ കുമാർ, പി എം റഷീദ്, സിദ്ദിഖ് ഇസ്മായിൽ എന്നിവരും സേനാംഗങ്ങളായ വിൽസൺ പി കുര്യാക്കോസ്, ഹോം ഗാർഡ് കെ ജെ ജേക്കബ് എന്നിവരാണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.

മൊബൈൽ ഫോണിന്റെ ദുരുപയോഗമായിരിക്കാം ഹിലാലിന്റെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രധമീക നിഗമനം.ടാബിൽ നിരവധി ഗെയിമുകളും മാജിക് സംബന്ധമായ വീഡിയോകളും ഉണ്ടെന്നാണ് സൂചന.ആരുമായും കാര്യമായ അടുപ്പം സൂക്ഷിച്ചിരുന്നില്ല.മുൻവശത്തെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട ശേഷം താൻ മരിക്കാൻ പോകുന്നു, പിൻവശത്തെ വാതിൽ ഉപയോഗിയ്്ക്കുക എന്നൊരുകുറിപ്പും മുൻവശത്തെ വാതിലിൽ പതിപ്പിച്ചശേഷമാണ് ഹിലാൽ വീട്ടിൽ നിന്നും യാത്രയായത്.
മരണം കൊലയാളിഗെയിമുകളുമായിബന്ധമുണ്ടോ എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാവില്ലന്നും മൊബൈലും ടാബും വിശദമായി പരിശോധിച്ചാലെ ഇക്കാര്യം വ്യക്തമാവു എന്നാണ് പൊലീസ് നിലപാട്.