തിരൂർ: തോട്ടം പാട്ടത്തിനെടുത്ത് ജോലി ചെയ്യുകയായിരുന്നു കൃഷ്ണകുമാർ. കുടുംബത്തെ സുരക്ഷിതമാക്കാനുള്ള നെട്ടോട്ടമായിരുന്നു കൃഷ്ണകുമാറിന്റേത്. ഇതിനിടെയാണ് വില്ലനായി സുരേഷ് ബാബു എത്തുന്നത്. ഭർത്താവ് വയനാട്ടിൽ പോകുമ്പോൾ മക്കളെ സ്‌കൂളിൽ വിടാൻ സുജാത സ്വകാര്യ ബസിലാണ് പോകാറുള്ളത്. ആ ബസിലെ ഡ്രൈവറാണ് സുരേഷ്ബാബു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒന്നിച്ചു ജീവിക്കാൻ സുജാത തീരുമാനിച്ചപ്പോൾ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ സംഘം എത്തുകയായിരുന്നു. എല്ലാം പൊളിച്ചത് പൊലീസിന്റെ കരുതലോടെയുള്ള നീക്കമായിരുന്നു.

തിരൂർ സ്വദേശി സുജാതയെയും കാമുകൻ സുരേഷ് ബാബുവിനെയും വിയ്യൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ക്വട്ടേഷൻ സംഘത്തിൽപെട്ട നാലു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ സംശയം തോന്നിയ കൃഷ്ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളിപൊളിഞ്ഞത്. ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവർ നാല് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്.

വയനാട്ടിൽ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും നടന്ന് പോകവേ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും കൃഷ്ണകുമാറിന്റെ മനസിൽ സംശയമെത്തി. ഇതാണ് ഭാര്യയേയും കാമുകനേയും പൊലീസിന് കാട്ടിക്കൊടുത്തതും. റോഡിൽ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോൾ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു സംശയത്തിന് കാരണം. പരാതി നൽകേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മിൽ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്നതും കൃഷ്ണകുമാറിനെ സത്യമറിയാൻ സഹായിച്ചു.

റോഡിൽ പ്രഭാത നടത്തത്തിന് പോകുന്നവരുടെ സഹായത്തോടെ വണ്ടി നമ്പർ കൃഷ്ണകുമാർ സംഘടിപ്പിച്ചു. വിയ്യൂർ എസ്‌ഐയെ പരാതി അറിയിച്ചു. വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പൊലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടൻ ക്വട്ടേഷൻ ഗുണ്ട്. ഇതോടെ പൊലീസിന് അപകടത്തിലെ ചതി മനസ്സിലായി. കൂട്ടാളികളായ ഷറഫുദ്ദീൻ, മുഹമ്മദലി, ശരത് എന്നിവരും തൊട്ടുപിന്നാലെ പൊലീസ് കസ്റ്റഡിയിലായി. ഓമനക്കുട്ടൻ എല്ലാം തുറന്നു പറഞ്ഞു. മിണാലൂർ സ്വദേശിയായ സുരേഷ്ബാബുവാണ് ക്വട്ടേഷൻ നൽകിയത്. 4 ലക്ഷം രൂപ പ്രതിഫലം.

അഡ്വാൻസായി പതിനയ്യായിരം രൂപ. വധിക്കേണ്ട ആളുടെ പേര്, അടയാളങ്ങൾ എല്ലാം നൽകി. ക്വട്ടേഷൻ സംഘം കാറുമായി വീടിനു സമീപത്തെ റോഡിൽ കാത്തുനിന്നു. വെളുപ്പിന് നാലരയോടെ ഉറക്കമുണർന്ന ഭർത്താവ് കുളിക്കാൻ പോയപ്പോൾ ഭാര്യ കാമുകനെ വിവരമറിയിച്ചു. കാമുകൻ ക്വട്ടേഷൻ സംഘാംഗങ്ങൾക്കു വിവരം കൈമാറി. ഇതോടെ ഓപ്പറേഷനും നടന്നു. എന്നാൽ ഭാഗ്യം കൃഷ്ണകുമാറിന്റെ രക്ഷയ്‌ക്കെത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രഭാത സവാരിക്കാർ ഉള്ള റോഡായതിനാൽ ക്വട്ടേഷൻ സംഘം കാറിടിപ്പിച്ച ഉടനെ സ്ഥലംവിട്ടു. ചിലർ നമ്പർ കുറിച്ചതും നിർണ്ണായകമായി.

ക്വട്ടേഷൻ തെളിഞ്ഞതോടെ ഭാര്യയും കാമുകനും കൂട്ടാളികളും പൊലീസിന്റെ പിടിയിലായി. വീട്ടിൽ എത്തിയ പൊലീസിന് മുമ്പിൽ വച്ച് ഭാര്യ സുജാത ഭർത്താവിനോട് പറഞ്ഞു: 'ചേട്ടാ തെറ്റുപ്പറ്റിപ്പോയി, ക്ഷമിക്കണം'. ''നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാൻ നീ പറഞ്ഞില്ലേ''. കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുനിറഞ്ഞ നിമിഷമായിരുന്നു അത്. മുൻകൂട്ടി നിശ്ചയിച്ച കൃത്യമായ ആസൂത്രണ പ്രകാരമായിരുന്നു തിരൂർ സ്വദേശിനി സുജാതയും കാമുകനായ സുരേഷ് ബാബുവും ചേർന്ന് കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിൽ നിന്നിറങ്ങിയ കൃഷ്ണകുമാർ അവിചാരിതമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. നടന്ന് പോയപ്പോൾ കാർ തിരിക്കുന്നതും കൃഷ്ണ കുമാർ ശ്രദ്ധിച്ചിരുന്നു. പിന്നീടാണ് പാഞ്ഞെത്തിയ കാർ കൃഷ്ണകുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ കൃഷ്ണകുമാർ തെറിച്ചുവീണു.

അപകടത്തിൽ കാലിനും തോളെല്ലിനും പൊട്ടൽ സംഭവിച്ചെങ്കിലും ജീവൻ തിരികെ ലഭിച്ചു. ആശുപത്രി കിടക്കയിലായിരുന്നപ്പോഴും കൃഷ്ണകുമാറിന്റെ ചിന്ത കാറിനെ കുറിച്ചായിരുന്നു. ആ കാർ തിരിച്ച് തന്നെ ഇടിച്ചത് മനപ്പൂർവ്വമല്ലേ എന്നായിരുന്നു കൃഷ്ണകുമാർ ചിന്തിച്ചിരുന്നത്. പതിവില്ലാതെ വഴിയിൽ കാർ നിർത്തിയിരിക്കുന്നു, താൻ പോന്നതിന് ശേഷം കാർ തിരിച്ച് തന്റെ നേർക്ക് വരുന്നു, വഴിയുടെ അരിക് ചേർന്ന് നടന്ന തന്നെ ഇടിച്ച് തെറിപ്പിച്ച് കടന്നു പോകുന്നു. തന്നെ കൊല്ലുക തന്നെയല്ലായിരുന്നോ അവരുടെ ലക്ഷ്യം? കൃഷ്ണകുമാർ ചിന്തിച്ചെടുത്തു. ആദ്യം അറസ്റ്റിലായ ഓമനക്കുട്ടനാണ് പൊലീസിന് മുന്നിൽ ക്വട്ടേഷൻ വിവരം ആദ്യം വെളിപ്പെടുത്തിയത്.