അമ്മയുടെ അനിയത്തിയുടെ മകളാണെങ്കിലും സ്വന്തം അനിയത്തിക്കുട്ടിയായിരുന്നു രാധിക തിലകെന്ന് സുജാത പറയുന്നു. രാധികയുടെ മരണം ജീവിതത്തിലുണ്ടായ വലിയൊരു നഷ്ടമാണ്. ഈ ഓർമ്മകൾ ഇപ്പോഴും വല്ലാതെ വേദനിപ്പിക്കുന്നതായാണെന്ന് സുജാതയെഴുതുന്നു. ഒരു വാരികയിലാണ രാധിക തിലകിനോടുള്ള വികാരപരമായ ഹൃദയബന്ധം സുജാത തുറന്ന് പറയുന്നത്. 

പാട്ടിലേക്ക് തിരിച്ചുവരണമെന്ന രാധികയുടെ ആഗ്രഹം സാധിക്കാതെ പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. മരിക്കുന്നതിന് രണ്ടും ദിവസം മുമ്പും എറണാകുളത്ത് ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. എനിക്ക് പാട്ടിലേക്ക് തിരിച്ചുവരണം, ചേച്ചീ എന്നാണ് രാധിക പറഞ്ഞു കൊണ്ടിരുന്നത്. നിനക്കതിന് കഴിയുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചതായി സുജാതയെഴുതുന്നു.

എറണാകുളത്തുനിന്ന് മദ്രാസിലേക്ക് വന്നതിന്റെ രണ്ടാംദിവസമാണ് പനി കൂടിയ വിവരമറിഞ്ഞത്. പിന്നീട് കേട്ടത് മരണവാർത്തയായിരുന്നു. ഒരടി കിട്ടിയതുപോലെയായി എനിക്ക്. റെക്കോർഡിംഗില്ലാത്ത വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ നീളുന്ന നടത്തം പതിവാണ്. മദ്രാസിലെ വീടിന്റെ ടെറസിലൂടെയുള്ള നടത്തത്തിനിടയിൽ, സ്ഥിരമായി ഫോണിൽ വിളിക്കുന്നത് രാധികയാണ്. പലപ്പോഴും മുക്കാൽ മണിക്കൂറോളം ആ സംസാരം നീളും. കുടുംബവും സംഗീതവുമൊക്കെ ആ ചർച്ചയിലേക്ക് കടന്നുവരും. എന്നാൽ ഇപ്പോൾ ആ ഫോൺവിളികൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.

കുട്ടിക്കാലം മുതൽ എന്റെ പിന്നാലെയുണ്ടാവുമായിരുന്നു, രാധിക. ചേച്ചി എന്നതിലുപരി എന്നിലെ ഗായികയോടായിരുന്നു ഇഷ്ടം. ആരാധനയോടെയാണ് എന്നെ കണ്ടത്. കേരളത്തിലേക്ക് വന്നാൽ ഞാനും ശ്വേതയും രാധികയുടെ തൃപ്പൂണിത്തുറയിലെ വീട്ടിൽ താമസിച്ചിട്ടേ മടങ്ങുകയുള്ളൂ. ഞങ്ങളൊന്നിച്ച് പാട്ടുപാടിയും തമാശകൾ പറഞ്ഞും സമയം പോകുന്നതറിയില്ല. ശ്വേതയുടെ വിവാഹം എറണാകുളത്ത് വച്ച് നടത്താനാണ് തീരുമാനിച്ചത്. അതിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയത് രാധികയും ഭർത്താവ് സുരേഷുമായിരുന്നു എന്നും സുജാത ഓർക്കുന്നു.

ഇടക്കാലത്ത് അസുഖം വന്നപ്പോഴും എന്നോട് ഒന്നും പറഞ്ഞില്ല. ആരും വിഷമിക്കുന്നത് രാധികയ്ക്കിഷ്ടമല്ല. പോസിറ്റീവ് ആയ കാര്യങ്ങളേ സംസാരിക്കാറുള്ളൂ. എപ്പോഴും സ്മാർട്ടായിരുന്നു. രാധികയും കുടുംബവും പിന്നീട് പനമ്പിള്ളി നഗറിലേക്ക് താമസം മാറി. അതിന് തൊട്ടുമുകളിലായിരുന്നു ശ്വേതയുടെ ഭർത്താവിന്റെ ഫ്‌ളാറ്റ്. ഞങ്ങൾ അവിടെ താമസിക്കാൻ വരുമ്പോൾ ഭക്ഷണമുണ്ടാക്കരുതെന്ന് രാധികയ്ക്ക് നിർബന്ധമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണം അവളുണ്ടാക്കിവയ്ക്കും. അത്രയ്ക്ക മാത്രം രാധിക തന്നെ ഇഷ്ടപ്പെട്ടിരുന്നുവെന്നും സുജാത ഓർക്കുന്നുണ്ട്.