തിരുവനന്തപുരം: ചാനൽ ഷോയ്ക്കിടയിൽ സ്വവർഗാനുരാഗികളായ ദമ്പതികളെ അപമാനിച്ച നടിയും അവതാരകയുമായ ഗീതയ്ക്ക് മറുപടിയുമായി ഭിന്നലിംഗക്കാരിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സുകന്യ രംഗത്ത്. സീ തെലുഗു ചാനലിൽ സംപ്രേഷണം ചെയ്യുന്ന ബതുക്കു ജാതക ബന്ദിയിൽ പങ്കെടുക്കാനെത്തിയ ദമ്പതികളെയാണ് പരിപാടിയുടെ അവതാരികയായ ഗീത കടുത്ത ഭാഷയിൽ ആക്ഷേപിച്ചത്. ചെരുപ്പ് ഊരി അടിക്കുമെന്നു വരെ പരിപാടിയുടെ ഒരു ഘട്ടത്തിൽ ഗീത പറഞ്ഞിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപെടെ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് ഗീകയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് സുകന്യ രംഗത്ത് എത്തിയിരിക്കുന്നത്.

ഒരുപാട് അനുഭവങ്ങൾ നേരിട്ട ഒരു സാധാരണ സ്ത്രീയേക്കാൾ എത്രയോ അധികം ഹൃദയം തൊടുന്ന അനുഭവങ്ങളിൽ കൂടി കടന്നു പോകുന്നവരാണ് ഭിന്നലിംഗക്കാർ എന്ന് നാം വിളിക്കുന്നവർ. ജനിക്കുമ്പോൾ സമൂഹം കാണുന്ന ലിംഗത്തിൽ നിന്നും മനസ്സിലും ശരീരത്തിലും അപരത്വം പേറുന്നവർ. താൻ അതല്ല എന്ന് എപ്പോഴും മനസ്സ് ഉറക്കെ വിളിച്ചു പറയുന്നവർ. അതുമൂലം വ്യക്തിത്വം നഷ്ടപ്പെട്ടവർ.

സമൂഹവും ചിന്തകളും ഏറെ പുതുമയുള്ളതായി ഓരോ നിമിഷവും മാറി വരുമ്പോഴും ഇവരെ മനുഷ്യരായി പോലും അംഗീകരിക്കാൻ കഴിയാത്ത വലിയൊരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സിനിമാ നടി ഗീതയുടെ ടെലിവിഷൻ പരിപാടി. ഒരു പെൺകുട്ടിയും അവൾ പ്രണയിച്ച ട്രാൻസ്ജെൻഡർ യുവാവും അവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ വേണ്ടിയാണ് ചാനൽ ഷോയിൽ എത്തിയത്. സുകന്യ പറയുന്നു.

എന്നാൽ അവരുടെ പ്രണയത്തെയും ലൈംഗികതയെ പോലും ഏറ്റവും ക്രൂരമായ രീതിയിൽ ഗീത അപമാനിക്കുന്നിടത്ത് നിരവധി ചോദ്യങ്ങളുയരുന്നു. എന്താണ് ഭിംന്നലിംഗം? എന്താണ് ലെസ്‌ബിയനിസം? എന്താണ് പ്രണയം... പ്രണയത്തിനു ലിംഗഭേദങ്ങളുണ്ടോ? ഇല്ലെന്നുതന്നെയാണ് തീർത്തും ആത്മീയമായി പറയാൻ കഴിയുന്ന ഉത്തരമെങ്കിലും പ്രകൃതി വിരുദ്ധം എന്ന രീതിയിൽ ലെസ്‌ബിയൻ- ഗേ പ്രണയങ്ങൾ വിവക്ഷിക്കപ്പെടുമ്പോൾ എന്താണ് പ്രകൃതി വിരുദ്ധം എന്നത് മനുഷ്യന്റെ ചിന്തയ്ക്ക് മാത്രം അനുസരിച്ച് നിലകൊള്ളുന്നതായിപ്പോകുന്നുണ്ട്. ഗീതയുടെ വാക്കുകളെക്കുറിച്ച് ഭിംന്നലിംഗക്കാരിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ പറയുന്നു.

ലൈംഗികബന്ധവും ലൈംഗികസംതൃപ്തിയുമാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയമെന്ന് ചിന്തിക്കുന്നവർ വിശാലമനസ്‌കത ആവശ്യമുള്ള ഇത്തരം ഒരു പരിപാടിയിൽ അവതാരകയായി തുടരാൻ യോഗ്യയല്ല. ദമ്പതിമാരോട് മാപ്പപേക്ഷിച്ച് ഈ പരിപാടിയുടെ അവതാരകസ്ഥാനം മറ്റാർക്കെങ്കിലും കൈമാറുകയോ അല്ലെങ്കിൽ ബോധശൂന്യമായ ഈ പരിപാടി തന്നെ നിർത്തലാക്കുകയോ ചെയ്യുക.

റേറ്റിങ്ങ് കൂട്ടാനുള്ള മാർഗമായി ഭിന്നലിംഗസമൂഹത്തെ അപമാനിക്കുന്നത് ഇപ്പോൾ സിനിമാ-ടെലിവിഷൻ ലോകത്ത് ഒരു ഫാഷനായി മാറുന്നു. ഇത്തരം സംഭവങ്ങളോടുള്ള ഭിന്നലിംഗസമൂഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും മാദ്ധ്യമങ്ങളിൽ വാർത്തയാകാറില്ല, ചുരുക്കം ചില മാദ്ധ്യമങ്ങൾ മാത്രമാണ് ഭിന്നലിംഗസമൂഹത്തിന്റെ പ്രശനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്

ഭിന്നലിംഗക്കാരും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടവരാണ്.അല്ലാതെ പാർശ്വവത്കരിക്കപ്പെടേണ്ടവരല്ല. സമൂഹത്തെ ഭയന്നും പരിഹാസം സഹിച്ചും ജീവിക്കാൻ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഭിന്നലൈംഗികത്വം തികച്ചും സാധാരണമാണ്. പ്രണയവും ലിംഗവും തമ്മിൽ ബന്ധമൊന്നുമില്ല... പ്രണയത്തിന് വ്യത്യസ്തത ഉണ്ടാകുന്നത് കാഴ്ചപ്പാടിൽ മാത്രമാണ്, ഓരോ മനുഷ്യർക്ക് ഓരോ പ്രണയസങ്കല്പങ്ങൾ. ചിലർക്ക് ആ സങ്കൽപ്പത്തിൽ സ്വന്തം ലിംഗത്തിൽപെടുന്നവർ ഇണയായി തോന്നുന്നു, അത്രമാത്രം.

മതപരമായ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നവർക്ക് ഭിന്നലിംഗത്വം എന്നാൽ ഒരു പാപമാണ്. അത്തരക്കാർ കടന്നു കയറി ആക്രമിക്കുന്ന സാഹചര്യങ്ങൾ കുറവല്ല. ട്രാൻസ്‌ജെന്റർ സുരക്ഷ, ക്ഷേമ, പാർപ്പിട, വിദ്യാഭ്യാസ പദ്ധതികൾ ഒന്നും തന്നെ നിലവിലില്ല. ഉന്നമനത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമായ സമൂഹമായി ട്രാൻസ്‌ജെന്റർ സമൂഹം പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്. ലൈംഗിക ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കാനും സർക്കാരിന് കഴിയണം.

ട്രാൻസ്‌ജെൻഡർ എന്ന പദത്തെ ഒരു കുടയോട് ഉപമിക്കാം. ഈ കുടക്കീഴിൽ വരുന്ന ധാരാളം വിഭാഗങ്ങളുണ്ട്. ട്രാൻസ്സെക്ഷ്വൽസ്, ഇന്റർസെക്ഷ്വൽസ്, ഹിജഡ, പിന്നെയുള്ളത് എതിർലിംഗ വസ്ത്രധാരികൾ അഥവാ ക്രോസ്സ്‌ഡ്രെസ്സർ. ഹോർമോൺ ചികിത്സയിലൂടെയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയും എതിർലിംഗത്തിലേക്ക് ചേക്കേറുന്നവർ ആണ് ട്രാൻസ്സെക്ഷ്വൽസ്. തങ്ങളെ അംഗീകരിക്കാൻ തയാറാകാത്ത ഒരു സമൂഹത്തിന് മുന്നിൽ സ്വത്വബോധത്തോടെ വെല്ലുവിളികളെ അതിജീവിച്ച് ജീവിക്കാനുള്ള ആർജവം ഉള്ളവർ മാത്രമേ അത് ചെയ്യുന്നുമുള്ളൂ.സുകന്യ പറയുന്നു.