ചങ്ങനാശ്ശേരി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച എൻ എസ് എസുകാർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ പൊട്ടിത്തെറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ. സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്ത സർക്കാരിന് എൻഎസ്എസിന്റെ രൂക്ഷ വിമർശനം. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ജനം ടിവിയോട് പറഞ്ഞു. ആർഎസ്എസ് ചാനലാണ് ജനം ടിവി.

പൊലീസ് അനുവാദത്തോടെയാണ് നാമജപഘോഷയാത്ര നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ് ചിറയിൻകീഴ്, ആറ്റിങ്ങൽ, കരുനാഗപ്പള്ളി, നെടുമങ്ങാട് താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ശരണമന്ത്ര നാമജപ യാത്രയിൽ പങ്കെടുത്ത സ്ത്രീകളുൾപ്പെടെയുള്ള അയ്യപ്പഭക്തർക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും. ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിച്ച നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു വിവിധ യൂണിയനുകൾ നാമജപ യാത്ര നടത്തിയത്.

എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ശരണമന്ത്ര നാമജപ യാത്രയിൽ പങ്കെടുത്ത സ്ത്രീകളുൾപ്പെടെയുള്ള ആയിരത്തോളം അയ്യപ്പഭക്തർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യാത്രയുടെ വീഡിയോ പരിശോധിച്ചുവെന്നും, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും, ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിച്ച നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദൻ പിള്ളയുടെ നേതൃത്വത്തിൽ യാത്ര നടത്തിയത്.

ഇതിന് പുറമെ നെടുമങ്ങാട് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ നാമജപ യാത്ര നടത്തിയ അയ്യപ്പഭക്തർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും പരിശുദ്ധിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് എൻഎസ്എസ് യൂണിയൻ നാമജപ യജ്ഞവും നാമജപ യാത്രയും നടത്തിയത്. യാത്രയുടെ പേരിൽ മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് അടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേരെ പ്രതിയാക്കി നെടുമങ്ങാട് പൊലീസ് കേസെടുത്തത്. ഇതോടെയാണ് എൻ എസ് എസ് നിലപാട് കടുപ്പിച്ചത്. നേരത്തെ പത്രപ്രസ്താവനയും പ്രസംഗവുമെല്ലാം സുകുമാരൻ നായർ നടത്തിയിരുന്നു. എന്നാൽ ചാനലുകളോട് ഒന്നും പറഞ്ഞിരുന്നില്ല. ഇതിന് വേണ്ടി സുകുമാരൻ നായർ ആർഎസ്എസ് ചാനലിനെ തെരഞ്ഞെടുക്കുമ്പോൾ അതിലെ രാഷ്ട്രീയവും ചർച്ചയാവുകയാണ്.

ബിജെപിയുമായി അകലം പാലിച്ച പ്രസ്ഥാനമാണ് എൻ എസ് എസ്. പലപ്പോഴും വിമർശിക്കുകയും ചെയ്തു. എന്നാൽ അയ്യപ്പ വിഷയത്തിലെ ഇടപെടലോടെ ഇത് മാറി. സുകുമാരൻ നായർ ബിജെപിയുമായി അടുത്തു. സുകുമാരൻ നായരുടെ അടുത്ത സുഹൃത്തായ പി എസ് ശ്രീധരൻ പള്ളി ബിജെപിയുടെ അധ്യക്ഷനായതും ഇതിന് കാരണമായി. ബിജെപി നേതാക്കൾ എൻ എസ് എസിന്റെ താൽപ്പര്യം കൂടി മനസ്സിലാക്കിയാണ് ശബരിമലയിൽ വിഷയത്തിൽ സമരത്തിനിറങ്ങിയത്. ഇത് വലിയ വിജയമാകുകയും ചെയ്തു. തുലാമാസത്തിൽ സ്ത്രീ പ്രവേശനം അസാധ്യമായി. ഇതോടെ സർക്കാർ എൻ എസ് എസിനെതിരെ കടന്നാക്രമണം നടത്തി. ഇതോടെയാണ് ആർ എസ് എസുമായി കൂടുതൽ അടുക്കുന്ന സാഹചര്യമുണ്ടാകുന്നത്. ഇതിന്റെ പ്രതിഫലനമാണ് ജനം ടിവിക്ക് അഭിമുഖം നൽകിയതിലൂടെ സുകുമാരൻ നായർ നൽകുന്ന സന്ദേശം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. എന്നാൽ രമേശ് ചെന്നിത്തല മാത്രമാണ് ഈ ഭാഗത്തുറച്ച് നിൽക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർക്ക് പ്രതിഷേധത്തിൽ മറിച്ചൊരു അഭിപ്രായമുണ്ട്. വിടി ബൽറാമിനെ പോലുള്ളവർ പരസ്യമായി തന്നെ പ്രതികരണം നടത്തി. ഇതിൽ എൻ എസ് എസ് അടക്കമുള്ളവർക്കുള്ള ഒളിയമ്പുകൾ ഉണ്ടായിരുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് പരിവാർ പക്ഷത്തേക്ക് എൻ എസ് എസും മറ്റും നീങ്ങുന്നത്. വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരേയും പോകുമെന്ന് എൻ എസ് എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടുതു സർക്കാരിനേയും വിമർശിച്ചു.