- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് സിൻഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും സുകുമാരൻ നായർ ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി; താനോ മകളോ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്ന് എൻഎസ്എസ് ജന.സെക്രട്ടറി; മകൾ എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു
കോട്ടയം: തിരഞ്ഞെടുപ്പ് കാലത്ത് പൊതുവെ നിശ്ശബ്ദനായിരുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ വോട്ടെണ്ണൽ കഴിഞ്ഞതോടെ, കോൺഗ്രസിനും എൻഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. എൻഎസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എൻഎസ്എസും സവർണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എൻഎസ്എസ് കാണിച്ചത് നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മകൾക്ക് സിൻഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എൻ എസ് എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്നായിരുന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയത്. എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് സുകുമാരൻ നായരുടെ മകൾ ഡോ. സുജാത എംജി സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവെച്ചു.
പദവിക്കായി സർക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പ്രസ്താവനയിലൂടെ അറിയിച്ചു.
സുകുമാരൻ നായരുടെ പ്രസ്താവന
സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാന രഹിതമായ ആരോപണവുമായി എസ് . എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരിക്കുകയാണ്. എൻ.എസ്.എസ് ഹിന്ദു കോളേജ് പ്രിൻസിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവർഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയി സേവനമനുഷ്ഠിച്ചുവരുകയാണ്.
ആദ്യം യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എൽ.ഡി.എഫ് ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ.സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു - വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകൾ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് . ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരിൽ വിവാദങ്ങൾക്കിട വരുത്താതെ, മൂന്നുവർഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാൽ എന്റെ മകൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം രാജിവച്ചുകൊണ്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിക്കഴിഞ്ഞു .
വെള്ളാപ്പള്ളിയുടെ വാക്കുകൾ
നന്ദികേടിന്റെ മറ്റൊരു പേരാണ് ചങ്ങനാശേരി. ചങ്ങനാശേരി പറഞ്ഞത് കേരളത്തിലെ ജനങ്ങൾ കേട്ടില്ല. ചങ്ങനാശേരിക്ക് ഒരു പ്രസക്തിയുമില്ലാതായി. ചാനലുകളും സവർണ അജണ്ടയ്ക്ക് വിധേയരായെന്നും വെള്ളാപ്പള്ളി പറഞ്ഞു. വ്യക്തിപരമായി ഒരു നേട്ടത്തിനും താൻ പിണറായി വിജയന്റേയോ എൽ ഡി എഫ് സർക്കാരിന്റെയോ അടുത്ത് പോയിട്ടില്ല.
ചങ്ങനാശേരി തമ്പുരാൻ വ്യക്തിപരമായ ആനുകൂല്യങ്ങൾ നേടിയെടുത്ത ആളാണ്. ആര് ഭരണത്തിൽ വന്നാലും എം ജി സർവകലാശാലയ്ക്ക് അകത്ത് സിൻഡിക്കേറ്റ് മെമ്പറായി സുകുമാരൻ നായരുടെ മകൾ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പറയണം. തനിക്കും മക്കളും മരുമക്കളുമുണ്ട്. അവർക്കാർക്കും ഒരു സിൻഡിക്കേറ്റും ആരും തന്നിട്ടുമില്ല, ചോദിച്ചിട്ടുമില്ല. എൽ ഡി എഫ് സർക്കാരിന്റെ കൈയിൽ നിന്നും സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം വാങ്ങി ആ സുഖം അനുഭവിച്ച ആളാണ് സർക്കാരിനെ തള്ളിപ്പറഞ്ഞ സുകുമാരൻ നായരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ