- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുലേഖ വിസമ്മതിച്ചാൽ മാത്രം മറ്റൊരു സ്ഥാനാർത്ഥി; അരുവിക്കരയിൽ കാർത്തികേയന്റെ ഭാര്യയെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കളിൽ ധാരണ; സീറ്റിനായി ആർ എസ് പിയും നിർബന്ധം പിടിക്കില്ല
തിരുവനന്തപുരം: സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുന്ന അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയാരാകണമെന്നതിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. കാർത്തികേയന്റെ ഭാര്യ ഡോക്ടർ എംടി സുലേഖയ്ക്കാണ് പ്രഥമ പരിഗണന. ഗ്രൂപ്പ് സമവാക്യങ്ങൾ പ്രശ്‌നമാകാതിരിക്കാനാണ് നീക്കം. അതിനിടെ കാർത്തികേയന്റെ അടുത്ത അനുയായികളിൽ ഒ
തിരുവനന്തപുരം: സ്പീക്കർ ജി. കാർത്തികേയന്റെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുന്ന അരുവിക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയാരാകണമെന്നതിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. കാർത്തികേയന്റെ ഭാര്യ ഡോക്ടർ എംടി സുലേഖയ്ക്കാണ് പ്രഥമ പരിഗണന. ഗ്രൂപ്പ് സമവാക്യങ്ങൾ പ്രശ്‌നമാകാതിരിക്കാനാണ് നീക്കം. അതിനിടെ കാർത്തികേയന്റെ അടുത്ത അനുയായികളിൽ ഒരാൾക്ക് സീറ്റ് നൽകണമെന്ന വാദം പഴയ തിരുത്തൽവാദ പക്ഷവും ഉയർത്തിയിട്ടുണ്ട്. കാർത്തികേയനുമായി ആത്മബന്ധമുണ്ടായിരുന്ന നേതാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തെ ഐ ഗ്രൂപ്പും എതിർക്കില്ല.
എന്നാൽ അരുവിക്കരയിൽ മത്സരത്തിന് സുലേഖ തയ്യാറാകുമോ എന്ന് വ്യക്തമല്ല. ആരും ഇക്കാര്യം സുലേഖയുമായി ചർച്ചയും നടത്തിയിട്ടില്ല. കാർത്തികേയന്റെ വിയോഗ ദുഃഖത്തിലായതിനാൽ ഇത്തരമൊരു ചർച്ച ആ കുടുംബത്തിലുയർത്താൻ ആരും തയ്യാറാവുകയുമില്ല. കാർത്തികേയന്റെ മരണാനന്തര ചടങ്ങുകൾ തീരുന്നതിന് മുമ്പ് സ്ഥാനാർത്ഥി കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ധാരണയിലെത്തും. സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നതിന് എകെആന്റണിയും അനുകൂലമാണ്. പലകാരണങ്ങൾക്കൊണ്ട് കാർത്തികേയനെന്ന നേതാവ് അർഹിച്ച സ്ഥാനം അദ്ദേഹത്തിന് നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. മരണത്തിന് ശേഷം കുടുംബത്തിന് രാഷ്ട്രീയ അംഗീകാരം നൽകാനുള്ള നീക്കവും ഈ അവഗണന തിരിച്ചറിഞ്ഞ് തന്നെയാണ്.
അടുത്തകൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനുതൊട്ടുമുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യവുമാണ്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയിക്കാനായി. പക്ഷേ സോളാർ വിവാദവും ബാർ കോഴയുമെല്ലാം സർക്കാരിന്റെ പ്രതിശ്ചായ കുറച്ചു. ഈ സാഹചര്യത്തിൽ കാർത്തികേയന്റെ സഹാതാപ തരംഗം അരുവിക്കരയിൽ നിർണ്ണായകമാണ്. അത് പരമാവധി ഉപയോഗിക്കാനാണ് സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നത്. അരുവിക്കരയിൽ രാഷ്ട്രീയ പോരാട്ടം നടന്നാൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. അതുകൊണ്ട് കൂടിയാണ് സുലേഖയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
കാർത്തികേയന് മണ്ഡലത്തിലെ ജനങ്ങളുമായി നല്ല അടുപ്പമായിരുന്നു. മണ്ഡലവുമായി എപ്പോഴും വൈകാരികമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് കാർത്തികേയന്റെ പിന്മാഗിമായി അദ്ദേഹത്തിന്റെ പത്‌നിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടാകുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കളെല്ലാം ഇതിന് അനുകൂലമാണ്. സുലേഖ എന്ന ഒറ്റപേര് മാത്രമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അനൗപചാരിക ചർച്ചകൾ മാത്രമാണ് നടക്കുന്നതെങ്കിലും മറ്റു പേരുകളൊന്നും സ്ഥാനാർത്ഥിയായി ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നില്ല. സർവവിജ്ഞാനകോശം ഡയറക്ടറാണ് ഡോ. എം ടി. സുലേഖ.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സുലേഖയെ മത്സരിപ്പിക്കുന്നത് കോൺഗ്രസ് ആലോചിച്ചിരുന്നു. പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയാൽ വനിതാ സംവരണമായതിനാൽ സുലേഖയെ മേയറാക്കാനും പരിഗണിച്ചു. എന്നാൽ ഇത് ഏറെ വിവാദങ്ങൾ കോൺഗ്രസിനുള്ളിൽ ഉണ്ടാക്കി. ഈ സാഹചര്യത്തിൽ കാർത്തികേയൻ തന്നെയാണ് സുലേഖ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. തന്റെ പേരിൽ വിവാദമുണ്ടായതിൽ വേദനയും നേതാക്കളോട് പങ്കുവച്ചു. കോൺഗ്രസ് രാഷ്ട്രീയവുമായുള്ള സുലേഖയുടെ ആഭിമുഖ്യം തിരിച്ചറിഞ്ഞാണ് അന്ന് സുലേഖയുടെ പേര് കോൺഗ്രസ് പരിഗണിച്ചത്. അതുകൊണ്ട് തന്നെ രാഷ്ട്രീയവുമായി സുലേഖയ്ക്ക് ബന്ധമില്ലെന്ന് ആർക്കും ഈ ഘട്ടത്തിൽ വിമർശനമുന്നയിക്കാനും കഴിയില്ല.
എന്നാൽ അരുവിക്കരയിൽ മത്സരിക്കണമെന്ന നിർദ്ദേശത്തോട് സുലേഖ എപ്രകാരം പ്രതികരിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ സുലേഖയുടെ മനസ്സറിഞ്ഞ ശേഷമേ അടുത്ത നീക്കം ഉണ്ടാകൂ. ഏതായാലും സുലേഖ മത്സരിക്കാൻ വിസമതം പ്രകടിപ്പിച്ചാൽ മാത്രമേ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂ. വിതരു ശശിയെ പോലുള്ള പ്രാദേശിക നേതാക്കളും മത്സരത്തിന് തയ്യാറായി രംഗത്തുണ്ട്. കാർത്തികേയന്റെ വലം കൈയായിരുന്ന കെപിസിസി സെക്രട്ടറി മണക്കാട് സുരേഷിനായും ചരടുവലികളുണ്ട്.
അതിനിടെ അരുവിക്കര മണ്ഡലത്തിൽ അവകാശവാദമുന്നയിക്കേണ്ട എന്ന് ആർഎസ്‌പി തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് മുമ്പ് ഇടതുപക്ഷത്തിനായി അരുവിക്കരയിൽ സ്ഥിരമായി മത്സരിച്ചിരുന്നത് ആർഎസ്‌പിയാണ്.