കുട്ടികൾക്ക് സൽമാൻ ചിത്രം സുൽത്താൻ പ്രചോദനം നലകുമെന്ന ബ്ലോക്ക് എജ്യുക്കേഷൻ ഓഫിസറുടെ കണ്ടെത്തലിനെ തുടർന്ന് ഛണ്ടിഗഡിലെ സ്‌കൂളുകളിൽ സിനിമയുടെ പ്രത്യേക പ്രദർശനം നടത്തുന്നു. ചിത്രം ഇഷ്ടപ്പെട്ട ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക പ്രദർശനം നടത്തുന്നത്. തന്റെ ബ്ലോക്കിന് കീഴിൽ വരുന്ന എല്ലാ സ്‌കുളുകളുടെയും പ്രിൻസിപ്പൽമാർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ഇ.ഒ കെ.എൽ കുജുർ കത്തയച്ചു.

സുൽത്താൻ ആനന്ദവും പ്രചോദനവും നൽകുന്ന ചിത്രമാണെന്ന് കുജൂർ പറഞ്ഞു. ചിത്രം കുട്ടികൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൈമറി തലം മുതൽ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളെ ചിത്രം കാണിക്കണമെന്നാണ് നിർദ്ദേശം. ജൂലൈ 30 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തീയതികളിൽ ഏതെങ്കിലും ദിവസം സിനിമ കാണിക്കാനാണ് നിർദ്ദേശം.

എന്നാൽ കുട്ടികളെ സിനിമ കാണിക്കണമെന്ന നിർദ്ദേശത്തിനെതിരെ അക്കാദമിക് രംഗത്ത് നിന്നും ചില എതിർപ്പുകളും ഉയർന്നിട്ടുണ്ട്. കുജൂറിന്റെ സർക്കലുർ അന്വേഷിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹേമന്ത് ഉപാധ്യായ പറഞ്ഞു.