ടൻ സൽമാൻഖാനെ ഇഷ്ടപ്പെടുന്ന ഭാര്യയെ ഒന്നു സന്തോഷിപ്പിക്കാൻ എന്തുചെയ്യണം? ഹിമാചൽ പ്രദേശുകാരനായ ശങ്കർ ചെയ്ത 'കടുംകൈ' എന്തായാലും കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യയുടെ ഇഷ്ടനടനായ സൽമാൻഖാന്റെ പുതിയ ചിത്രമായ സുൽത്താൻ റിലീസ് ചെയ്ത ദിവസം ചിത്രംകാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്താണ് കക്ഷി വാർത്തകളിൽ ഇടംപിടച്ചത്. ഹിമാചൽ പ്രദേശിലെ ഹമിർപുർ നഗരവാസിയായ യുവാവ് ഭാര്യ ഗീതാഞ്ജലിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു.

ബുധനാഴ്ച തിയേറ്ററിലെത്തിയ ചിത്രം ഭാര്യയ്ക്കും തനിക്കും മാത്രമിരുന്നു കാണാൻ സൽമാന്റെ കടുത്ത ആരാധകനായ ശങ്കർ തലേന്നുതന്നെ തിയേറ്റർ മുഴുവനായും ബുക്കുചെയ്യുകയായിരുന്നു. ഗുർകുൽ മാളിലെ തിയേറ്ററാണ് ശങ്കർ ബുക്ക് ചെയ്തത്. ശങ്കർ സുഹൃത്തുക്കൾക്കൊപ്പം വലിയൊരു ടീമായി എത്തുമെന്നാണ് തിയേറ്റർ ഉടമകൾ കരുതിയതെങ്കിലും കക്ഷിയും ഭാര്യയും മാത്രമാണ് സിനിമ കാണ്ാൻ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടേയും വിവാഹം.

മല്ലയുദ്ധക്കാരന്റെ വേഷത്തിൽ ശ്രദ്ധേയമായ പ്രകടനവുമായി സൽമാൻ കത്തിക്കയറുന്ന ചിത്രമാണ് സുൽത്താൻ. സൽമാൻഖാൻ ഏറെനാൾ മല്ലയുദ്ധം പരിശീലിച്ച ശേഷം നായകവേഷം അഭിനയിച്ചുഫലിപ്പിച്ച സുൽത്താൻ ആദ്യദിനംമുതൽത്തന്നെ ആരാധകരുടെ കയ്യടിനേടി മുന്നേറുകയാണ്.

റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്നുമാത്രം 40 കോടിയിലേറെ 'സുൽത്താൻ' നേടിയെന്നാണ് കണക്കുകൾ. ഇതോടെ ഇന്ത്യയിൽ ഈ വർഷം ഇതുവരെയിറങ്ങിയ ചിത്രങ്ങളുടെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷനിൽ 'സുൽത്താൻ' മുന്നിലെത്തി. പെരുന്നാൾ റിലീസുകളുടെ ചരിത്രത്തിൽ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനും സൽമാൻ ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്സ്‌പ്രസ്', സൽമാന്റെ തന്നെ 'കിക്ക്', 'ഏക് ഥാ ടൈഗർ', ബജ്‌റംഗി ഭായ്ജാൻ' എന്നിവയുടെ റെക്കോഡുകളാണ് സുൽത്താൻ ഭേദിച്ചത്.

ഇന്ത്യയിൽ 4350 സ്‌ക്രീനുകളിലും വിദേശത്ത് 1100 സ്‌ക്രീനുകളിലുമാണ് 'സുൽത്താൻ' റിലീസായത്. മൊത്തം 5450 സ്‌ക്രീനുകൾ. നിർമ്മാണ ചെലവ് 70 കോടിയും പരസ്യത്തിന്റെ ചെലവ് 20 കോടിയുമാണ്. ഭൂരിഭാഗം തിയേറ്ററുകളിലും ഹൗസ്ഫുള്ളായാണ് സുൽത്താൻ മുന്നേറുന്നത്.

ഹരിയാനക്കാരനായ ഗുസ്തിക്കാരനായി സൽമാൻ ഖാൻ എത്തുന്ന 'സുൽത്താൻ' തന്റെ കണ്ണ് നനയിച്ചെന്ന് ആമിർ ഖാൻ അഭിപ്രായപ്പെട്ടതോടെ ചിത്രത്തെപ്പറ്റി വൻ ആവേശത്തിലാണ് ആരാധകർ. യാഷ്‌രാജ് സ്റ്റുഡിയോസിൽ ബുധനാഴ്ച രാത്രി സിനിമ കണ്ട ആമിർ സൽമാന് മെസേജ് അയച്ചു. 'ഇത് എല്ലാ റെക്കോർഡുകളും തകർക്കും. വിജയം അർഹിക്കുന്നുണ്ട് സുൽത്താൻ.' എന്നായിരുന്നു ആമിറിന്റെ സന്ദേശം. സൽമാന്റെ വിവാദമായ 'ബലാത്സംഗ പരാമർശ'ത്തിൽ ആമിർ ദിവസങ്ങൾക്ക് മുൻപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. 'നിർഭാഗ്യകരവും അപക്വവുമാണ്' സൽമാന്റെ വാക്കുകളെന്നാണ് ആമിർ പറഞ്ഞത്.

സുൽത്താന്റെ ട്രെയിലർ കാണാം