റിലീസ് ദിനത്തിൽ തന്നെ 40 കോടി നേടി ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച സൽമാൻ ചിത്രം സുൽത്താന് രണ്ടാം ഭാഗം ഉണ്ടെന്ന് ആദിത്യ ചോപ്ര വ്യക്തമാക്കി.അലി അബ്ബാസ് സഫർ തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യും. നായികയുടെ കാര്യത്തിൽ തീരുമാനമായില്ല. ചിത്രം അടുത്തവർഷം റിലീസ് ചെയ്യാനാണ് പദ്ധതി. എന്നാൽ നായികയായി അനുഷ്‌ക ശർമ എത്തുമോയെന്ന് കണ്ടറിയണം.

ഈദ് റിലീസായെത്തിയ ചിത്രത്തിന് ബോക്സോഫിസിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഗുസ്തചി താരങ്ങളായാണ് സൽമാനും അനുഷ്‌ക്കയും ചിത്രത്തിലെത്തിയത്.  ചിത്രത്തിനും അതിലെ കഥാപാത്രത്തിനും കിട്ടിയ മികച്ച സ്വീകാര്യതയാണ് അണിയറപ്രവർത്തകരെ രണ്ടാം ഭാഗത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയിൽ 4350 സ്‌ക്രീനുകളിലും വിദേശത്ത് 1100 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.

റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്നുമാത്രം 40 കോടിയിലേറെ 'സുൽത്താൻ' നേടിയെന്നാണ് കണക്കുകൾ. ഇതോടെ ഇന്ത്യയിൽ ഈ വർഷം ഇതുവരെയിറങ്ങിയ ചിത്രങ്ങളുടെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷനിൽ 'സുൽത്താൻ' മുന്നിലെത്തി. പെരുന്നാൾ റിലീസുകളുടെ ചരിത്രത്തിൽ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനും സൽമാൻ ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ 'ചെന്നൈ എക്സ്‌പ്രസ്', സൽമാന്റെ തന്നെ 'കിക്ക്', 'ഏക് ഥാ ടൈഗർ', ബജ്റംഗി ഭായ്ജാൻ' എന്നിവയുടെ റെക്കോഡുകളാണ് സുൽത്താൻ ഭേദിച്ചത്.