ന്യൂഡൽഹി:മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞ് പഴിചാരൽ തുടരുകയാണ്. ഇതിനിടെയാണ് ഈ വിഷയത്തിൽ ആർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ സ്വീകരിച്ച നിലപാടിനെതിരെ മുൻ ന്യൂസ് കോഡിനേറ്റർ സുമാന നന്ദി രംഗത്തെത്തിയത്. സുമാനയുടെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്

'മാധ്യമ പ്രവർത്തനത്തിലെ ചെറിയ കാലയളവിൽ ഞാൻ ജോലി ചെയ്ത സ്ഥാപനങ്ങളെ കുറിച്ച് എനിക്ക് അഭിമാനം തോന്നിയിരുന്നു.എന്നാൽ ഇന്ന് ഞാൻ ലജ്ജിച്ചുതലതാഴ്‌ത്തുകയാണ്. ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനം ഒരു തെമ്മാടി സർക്കാരിന് വേണ്ടി തുറന്ന് പ്രവർത്തിക്കുകയാണ്.
ബിജെപി-ആർഎസ്എസ് സംഘടനകളിൽ നിന്ന് വധഭീഷണി നേരിട്ട ശേഷം ഒരു മുതിർന്ന മാധ്യമ പ്രവർത്തക വെടിയേറ്റു കൊല്ലപ്പെടുന്നു.എന്നാൽ, ഈ മാധ്യമ സ്ഥാപനം കൊലയാളികളെ ചോദ്യം ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തെ ചോദ്യം ചെയ്യുകയാണ്.ഇതെങ്ങോട്ടാണ് ഈ പോക്ക്?

ചില മാധ്യമപ്രവർത്തകർ ഇത് ആഘോഷമാക്കുന്നത് കണ്ടു. അതെ ശരിയാണ് ഇത് തന്നെയാണ് സൗദി അറേബ്യയിലും നോർത്തുകൊറിയയിലും സംഭവിക്കുന്നത്. ഇത്തരം രാജ്യങ്ങളിൽ നടക്കുന്ന കൊലപാതകങ്ങളെല്ലാം നമ്മൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ ജനാധിപത്യത്തിന്റെ നാലാംതൂണ് അതിന്റെ ആത്മാവിനെ തന്നെ വിൽക്കുമ്പോൾ ഈ സമൂഹം എങ്ങോട്ടാണ് പോകേണ്ടത്?

ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തി മേം, എനിക്കറിയാവുന്നിടത്തോളം നിങ്ങൾ ഇതിലും ഉയർന്ന സ്ഥാനത്തിരിണ്ടേവരായിരുന്നു. എന്ത് വിലയുണ്ടെന്നും എന്ത് പ്രധാന്യം ലഭിക്കുമെന്ന് പറഞ്ഞാലും റിപബ്ലിക് ടിവി എന്ന ഓർഗനൈസേഷനിൽ പ്രവർത്തിച്ചിരുന്നു എന്ന കാര്യം എന്റെ സി.വിയിൽ പോലും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇത്രയും പരുഷമായ ഒരു സംഘടനയ്‌ക്കൊപ്പം പ്രവർത്തിച്ചതിൽ താൻ ഇപ്പോൾ ഖേദിക്കുകയാണെന്നും സുമാന ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമാണെന്നായിരുന്നു റിപ്പബ്ലിക് ചാനൽ ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വത്ത് തർക്കമോ മാവോയിസ്റ്റ് വേട്ടയോ ആണ് നടന്നതെന്നും ചാനൽ റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു.