തൃശൂർ: ബാല സാഹിത്യകാരി സുമംഗല(88) അന്തരിച്ചു. മകൻ അഷ്ടമൂർത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. 'നടന്ന് തീരാത്ത വഴികൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. സംസ്‌കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.ലീലാ നമ്പൂതിരിപ്പാട് എന്നാണ് ശരിക്കുള്ള പേര്. സുമംഗല തൂലികാ നാമമാണ്.

സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു. ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല. അച്ഛൻ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ കീഴിൽ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേർന്നില്ല.

പതിനഞ്ചാംവയസ്സിൽ വിവാഹിതയായി. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവ്. വിവാഹത്തിനുശേഷം കേരളകലാമണ്ഡലത്തിൽ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസർ ചുമതല വഹിച്ചു. ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണ് മക്കൾ.

പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകൾ, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌ക്കാരം, 2010 ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്.