''ക്ലാ ക്ലാ ക്ലാ,.... കൂ കൂ ക്ലൂ.... രമേഷ്, രമേഷ്, തിരിഞ്ഞു തിരിഞ്ഞു നോക്കി''.... എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പാട്ടിന്റെ കഷ്ണമാണ് സുമേഷ് ആൻഡ് രമേഷ് എന്ന സിനിമയെക്കുറിച്ച് ഈ ലേഖകന് ആദ്യം കിട്ടിയത്. അപ്പോൾ കരുതിയത്, അൽപ്പം അശ്ളീല കോമഡികളും, ഒരുപാട് ബോഡി ഷെയിമിങ്ങും, കുറേ ദ്വയാർഥപ്രയോഗങ്ങളും ചേർത്ത ഒമർ ലുലുമോഡൽ ഒരു കോമഡി ചിത്രം എന്നായിരുന്നു. ചിത്രമിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കണാൻ പോകാതിരുന്നതും മുൻകാല കോമഡി ചിത്രങ്ങളുടെ 'ഭീകര' ഓർമ്മകൾ കൊണ്ടായിരുന്നു. പക്ഷേ ചിത്രം കണ്ടപ്പോൾ ആ ധാരണകൾ എല്ലാം തെറ്റാണെന്ന് തെളിഞ്ഞു. നവാഗതനായ സനൂപ് തൈക്കുടത്തിന്റെ സുമേഷ് ആൻഡ് രമേഷ് ശരിക്കും ഒരു ഫീൽഗുഡ് മൂവിയാണ്.

എന്നാൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം എന്ന് ചിലർ തള്ളിവിടുന്നതുപോലെയൊന്നും കാര്യങ്ങൾ എത്തിയിട്ടുമില്ല. ഒരു കോമഡി ചിത്രം എന്ന ടാഗും ഈ പടത്തിന് യോജിക്കുന്നില്ല.പൊട്ടിച്ചിരിയല്ല സെൻസുള്ള കുറേ നർമ്മ രംഗങ്ങളാണ് ചിത്രം ഉണ്ടാക്കുന്നത്. കോമഡിക്ക് ലോജിക്ക്വേണ്ട എന്ന ആധുനിക സിദ്ധാന്തം വഴി നിർമ്മിച്ച ഭീകരാക്രമണങ്ങളുടെ ഇടക്ക് ഒരു കുളിർ തെന്നൽ തന്നെയാണ് ഈ ചിത്രം. ആദ്യപകുതിയിലെ ചില ഭാഗങ്ങൾ ഒന്ന് ഫാസ്റ്റ് ആക്കുകയാണെങ്കിൽ ചിത്രത്തിന്റെ ആസ്വാദ്യത ഒന്നുകൂടി കൂടുമായിരുന്നു. ജാൻ ഐ മൻ എന്ന ചിത്രം ഒരുക്കിയ ചിദംബരത്തെപ്പോലെ തന്നെ ഭാവിയുള്ള സംവിധായകനാണ് സനൂപ് തൈക്കുടവുമെന്ന് നിസ്സംശയം പറയാം.

സലീം കുമാറിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. പക്ഷേ യുവനടൻ ശ്രനാഥ് ഭാസിയാണ് എല്ലാവരെയും കടത്തിവെട്ടി ചിത്രത്തിലെ മാൻ ഓഫ് ദി മാച്ചായത്. മലയാള സിനിമ ഇനിയും അർഹിക്കുന്ന കഥാപാത്രങ്ങൾ കൊടുത്തിട്ടില്ലാത്ത നടനാണ് ശ്രീനാഥ് ഭാസി. ഈ പടത്തിന്റെ വിജയത്തോടെ ഭാസി നായകനിരയിലേക്ക് കുതിച്ചുയരാനും സാധ്യതയുണ്ട്.

ലളിതമായ ലോജിക്കൽ കോമഡി

ആലപ്പുഴയിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കേരളത്തിലെ അടിസ്ഥാനവർഗ കൂടുംബങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തം ചൂണ്ടിക്കാട്ടിയാണ്, ചിത്രം തുടങ്ങുന്നത്. അതായത് പുരുഷന്മ്മാർ വെള്ളമടിയും മാറ്റുമായി ചടഞ്ഞ് ഇരിക്കയും സ്ത്രീകൾ ജോലിക്കുപോയി കുടുംബം പോറ്റുകയെന്നതും! സുമേഷ് ആൻഡ് രമേഷ് തുടങ്ങുന്നത് ഇത്തരം ഒരു കുടുംബത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്. വീട്ടമ്മ ഉഷയുടെ (പ്രവീണ) പുലർകാല ചര്യകളും ജോലിക്കെത്താനുള്ള തത്രപ്പാടുമായി പതുക്കെ തുടങ്ങുകയാണ് ഈ ചിത്രം. പ്രവീണ ഈ കഥാപാത്രത്തെ മികവുറ്റതാക്കുന്നുണ്ട്. ഉഷയുടെ ഭർത്താവ് ഇന്ദുകാലധരൻ (സലിം കുമാർ), ഒരു സിനിമയിൽ സലീം കുമാർ തന്നെ പറയുന്നതുപോലെ വിയർപ്പിന്റെ അസുഖമുള്ള ആളാണ്.

ഡിസ്‌ക്കിന് തകരാറാണെന്ന് പറഞ്ഞ് ഒരു പണിക്കും പോകില്ല. എന്നാൽ വീട്ടിൽ വെള്ളമടിക്കാൻ വരുന്നവരിൽനിന്ന് സൂത്രത്തിൽ കാശിറക്കാതെ മദ്യപിക്കാൻ മിടുക്കനാണ്. ഇന്ദുകാലധരന്റേയും ഉഷയുടേയും മക്കളാണ് സുമേഷും (ശ്രീനാഥ് ഭാസി) രമേഷും (ബാലു വർഗ്ഗീസ്). തമ്മിൽ എപ്പോഴും വഴക്കടിക്കുന്ന സഹോദരങ്ങൾ. പിതാവിന് തുല്യരാണ് മക്കളും. വെള്ളമടിക്കാനും ട്രിപ്പുപോകനുമൊക്കെയാണ് താൽപ്പര്യം. കുടുംബത്തിലെ ഏക വരുമാനമുള്ള അംഗം ഈ അമ്മമാത്രമാണ്. കുമ്പളങ്ങി നൈറ്റ്സിലെ സഹോദങ്ങളെപ്പോലെ അടിപിടിയാണ് സുമേഷും രമേഷും തമ്മിൽ. പക്ഷേ സ്നേഹത്തിന്റെ ഒരു അന്തർധാര ഈ സഹോദരങ്ങൾക്കിടയിലുമുണ്ട്.

അങ്ങനെ കാര്യങ്ങൾ നീങ്ങുമ്പോഴാണ് പ്രണയത്തിന്റെ രൂപത്തിൽ കഥ കൊഴുക്കുന്നത്. ചേട്ടൻ സുമേഷിന് അടുത്ത വീട്ടിലെ കുട്ടിയോട് പ്രേമമാണ്. പക്ഷേ അവനത് തുറന്നുപറയാൻ വയ്യ. പക്ഷേ അവൾ അപ്രതീക്ഷിതമായി അനിയൻ രമേഷിന്റെ ഭാര്യയായി എത്തുകയാണ്. പ്രണയമാറ്റങ്ങളുടെയും ബന്ധങ്ങളുടെ ഒരു നീർച്ചുഴിയാണ് ഇീ സിനിമ. അതുതന്നെയാണ് കഥയുടെ സസ്പെൻസും.

സലീംകുമാറിന്റെ തിരിച്ചുവരവ്

'കട്ടപ്പനയിലെ ഋത്വിക് റോഷന്റെ' ഏതാണ്ട് അതേ ജോണറിൽ എടുത്തിരിക്കുന്ന ചിത്രം ശരിക്കും സലീം കുമാറിന്റെ തിരിച്ചുവരവാണ്. അടുത്തകാലത്തൊന്നും ഒരു സിനിമയിലും സലീം കുമാറിനെ ഇത്ര ഊർജ്വസ്വലനായി കണ്ടിട്ടില്ല. പക്ഷേ കോമഡികൾ പലതും ആവർത്തനും പോലെ തോനുന്നു. സലീം കുമാർ കൈയിൽനിന്ന് ഇടുന്ന ഐറ്റങ്ങളൊന്നും ഏറ്റിട്ടില്ല. ചില സ്വാഭാവിക നർമ്മത്തിലാണ് പിടിച്ചു നിൽക്കുന്നത്. അമ്മവേഷങ്ങളിലേക്കുള്ള പ്രവീണയുടെയുടെ ഒരു ചേഞ്ച് ഓവറിന്റെ തുടക്കം കൂടിയാവും ഈ ചിത്രം.

സുമേഷും രമേഷുമായി വന്ന ശ്രീനാഥ് ഭാസിയുടെയും ബാലുവർഗീസിന്റെയും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. നേരതെ ജാൻ എ മൻ എന്ന ചിത്രത്തിൽ, നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പിൽ ബാലു അവതരിപ്പിച്ചിരുന്നു. ഈ രണ്ട് കഥാപാത്രങ്ങളെയും താരതമ്യം ചെയ്താൽ അറിയാം ബാലുവർഗ്ഗീസ് എന്ന നടന്റെ റേഞ്ച്. പക്ഷേ ഈ ചിത്രത്തിൽ ബാലുവിനേക്കാൾ സ്‌ക്രീൻ സ്പേസ് ഉള്ളത് ശ്രീനാഥ് ഭാസിക്കാണ്. അസാധാരണമായ കൈയടക്കത്തോടെ ആയാൾ ഈ കഥാപാത്രത്തെ ഭദ്രമാക്കുന്നുണ്ട്. ശരിക്കും ക്ലാസ് എന്ന് വിളിക്കാവുന്ന രീതിയിലാണ് ശ്രീനാഥിന്റെ അഭിനയം. ഒട്ടും കൂടുതലുമില്ല, കുറവുമില്ല. അഞ്ജു കൃഷ്ണ, കാർത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നീ മൂന്ന് നടിമാരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നതും. മൂവരും മോശമാക്കിയിട്ടില്ല.ആൽബിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. യക്‌സൺ ഗാരി പേരേര, നേഹ എസ് നായർ എന്നിവർ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിന് നല്ല പിന്തുണ നൽകുന്നുണ്ട്.

ജോസഫ് വിജീഷും സംവിധായകൻ സനൂപ് തൈക്കൂടവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ തിരക്കഥ വിജയമാണ്. അതുപോലെതന്നെ നിറവും, തടിയും വെച്ചുകൊണ്ടുള്ള ചീപ്പ് തമാശകൾ ഒന്നും തന്നെ ഈ പടത്തിൽ ഉൾപ്പെട്ടിട്ടില്ല.പക്ഷേ മൊത്തത്തിൽ ഒരു വേഗതക്കുറവാണ് ഈ ചിത്രത്തിനുള്ള ദോഷം. ആദ്യ പകുതിയിൽ അത് പ്രകടമാണ്. രണ്ട് മണിക്കൂർ ഇരുപത് മിനിറ്റ് എന്ന സമയം കുറച്ച് കുറക്കാമായിരുന്നു. എഡിറ്റിംഗിൽ അല്പം കൂടെ കൃത്യത ആവാമായിരുന്നു. എന്നിരുന്നാലും ടിക്കറ്റ് എടുത്ത കാശ് വസൂലാവുന്ന ചിത്രം തന്നെയാണ് സുമേഷ് ആൻഡ് രമേഷ്.

അവസാനമായി പറയട്ടെ, സങ്കീർണ്ണതയോ ബഹളങ്ങളോ, ട്വിസ്റ്റുകളുടെ അയ്യരുകളിയോ, ഇല്ലാതെ തീർത്തും ഡയറക്ടായി കഥപറഞ്ഞാലും വിജയിക്കും എന്നതിനുള്ള തെളിവാണ് സുമേഷ് ആൻഡ് രമേഷ്.

വാൽക്കഷ്ണം: ഡബിൾ ബാരൽ എന്ന സിനിമുടെ തുടക്കത്തിൽ ലിജോ ജോസ്പെല്ലിശ്ശേരി എഴുതിക്കാണിക്കുന്നുണ്ട്. ഈ ചിത്രം ലോജിക്ക് കണ്ടുപിടിക്കുന്നതിന് മുമ്പുള്ളതാണെന്ന്. അതുപോലുള്ള അബ്സേഡ് മൂവീസ് എന്ന കാറ്റഗറിയിൽ പെടുന്നവർക്ക് ലോജിക്ക് വേണ്ട. പക്ഷേ അതൊരു മറയായി എടുത്ത് കോമഡിയിൽ ലോജിക്കേ വേണ്ട എന്ന പറഞ്ഞുകൊണ്ടുള്ള കാട്ടിക്കൂട്ടലുകൾ ആയിരുന്നു അടുത്തകാലത്ത് ഒരുപാട് കണ്ടത്. അത്തരം കോപ്രായങ്ങളിൽനിന്നുള്ള മോചനം കൂടിയാണ് ഈ ചിത്രം.