കൊല്ലം: ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നതിന് കാരണം സംശയ രോഗമെന്ന് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കേരളപുരം വേലംകോണം ജയശ്രീ നിവാസിൽ വാടകയ്ക്കു താമസിക്കുന്ന ചന്ദനത്തോപ്പ് മാമൂട് വിളയിൽവീട്ടിൽ (സുമിനാ മൻസിലിൽ) നുജുമുദ്ദീന്റെ മകൾ സുമിന (29) യാണു കൊല്ലപ്പെട്ടത്.

ഭർത്താവ്, ഇടപ്പള്ളിക്കോട്ട മല്ലശേരി വടക്കതിൽ നിഷാദിനെ (29) യാണു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പൊലീസ് പറയുന്നത്: അഞ്ചു വർഷം മുൻപ് വിവാഹിതരായ സുമിനയും നിഷാദും ഒൻപതു മാസമായി പിണങ്ങി കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുമിനയുടെ വീട്ടിലെത്തിയ നിഷാദ് ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ സുമിനയെ മർദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിൽ കുത്തുകയുമായിരുന്നു. കുത്തിയശേഷവും സുമിനയെ വലിച്ചിഴച്ചു ക്രൂരമായി മർദിച്ചു.

സുമിന നിലവിളിച്ചതോടെയാണു കുത്തേറ്റ വിവരം വീട്ടുകാർ അറിയുന്നത്. നാട്ടുകാർ സുമിനയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. കൊല്ലത്തെ ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലെ ജീവനക്കാരനാണു നിഷാദ്. സംഭവശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ നിഷാദ് പൊലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവിതത്തിലെ ആദ്യശമ്പളം വാങ്ങിയതിന്റെ സന്തോഷത്തിനിടെയാണു സുമിനയെത്തേടി മരണമെത്തിയത്.

ഒരു മാസം മുൻപ് സുമിന കേരളപുരത്തെ ആയുർവേദ ഔഷധശാലയിൽ ജോലിക്കു ചേർന്നിരുന്നു. കഴിഞ്ഞദിവസമാണ് ആദ്യശമ്പളം ലഭിച്ചത്. ഇതിൽനിന്നു നൽകിയ പണവുമായി സഹോദരൻ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പോയ സമയത്താണു സുമിനയ്ക്കു കുത്തേറ്റത്. പിണങ്ങിക്കഴിയുന്നതിനിടെ നിഷാദ് നിത്യവും സുമിനയെ ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. സംശയ രോഗിയായ നിഷാദ് നിത്യവും സുമിനയെ മർദ്ദിച്ചിരുന്നു. ഇത് മൂലമാണ് സ്വന്തം വീട്ടിലേക്ക് സുമിന മടങ്ങിയത്.

എന്നിട്ടും ഫോണിലൂടെ വിളിച്ച് ഭീഷണി മുഴക്കുന്നതും പതിവായിരുന്നു. വിവാഹ മോചനത്തിനായി കേസ് നൽകാനിരിക്കുകയായിരുന്നു. സുമിനയെ കുത്തി വീഴ്‌ത്തുമ്പോൾ നിനക്കെന്നെ വേണ്ട അല്ലേടീ എന്ന് ഇയാൾ അലറിവിളിച്ചതായി നാട്ടുകാർ പറഞ്ഞു.