- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കടത്ത് എത്തിയത് ബലാഭാസ്കറിന്റെ വിശ്വസ്തരിൽ; നയതന്ത്ര ബാഗ് പൊട്ടിച്ചപ്പോൾ കുടുങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; ഡോളറിൽ ശ്രീരാമകൃഷ്ണനെ വലച്ചു; കരിപ്പൂരിൽ കുടുക്കിയതുകൊടി സുനി; പിണറായിയും മോദിയും കൈകൊടുത്തതിന് പിന്നാലെ സുമിത് കുമാറിന് സ്ഥലം മാറ്റം
കൊച്ചി: പിഴ അടച്ചു വിടേണ്ട സ്വർണ്ണ കടത്തിന് പിന്നാലെ കേരളത്തിലെ കസ്റ്റംസ് യാത്ര ചെയ്തത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ്. തിരുവനന്തപുരത്ത് പിടിച്ച ആ സ്വർണം ചെന്നു നിന്നത് ബാലഭാസ്കറിന്റെ കൂട്ടാളികളിലേക്ക്. നയതന്ത്ര ബാഗേജിലെ പൊട്ടിക്കൽ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസിനേയും കുലുക്കി. രാമനാട്ടുകരയിലെ അപകടത്തേയും വെറുതെ വിട്ടില്ല. അഴിക്കുള്ളിൽ കഴിയുന്ന കൊടി സുനിയിലേക്ക് പോലും അന്വേഷണമെത്തി. ഇതിനെല്ലാം കാരണക്കാരൻ ഒരു മനുഷ്യനായിരുന്നു. അസാധാരണ സോഴ്സുകളുണ്ടായിരുന്ന സുമിത് കുമാർ. കേരളത്തിലെ കസ്റ്റംസിനെ നയിച്ച കമ്മീഷണർ.
കരിപ്പൂരിലെ കടത്തിൽ കണ്ണൂരിലെ സിപിഎം പാർട്ടി കേന്ദ്രങ്ങളിലേക്കും കസ്റ്റംസ് നുഴഞ്ഞു കയറി. പൊലീസു പോലും ചെല്ലാൻ മടിക്കുന്ന കൊടി സുനിയുടേയും ഷാഫിയുടേയും വീടുകളിൽ റെയ്ഡ് നടത്തി. അർജുൻ ആയങ്കിയെ പൂട്ടി. ഇങ്ങനെ അന്വേഷണങ്ങളെ അസാധാരണ വഴിയിൽ കൊണ്ടു പോയ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെ സ്ഥലംമാറ്റുകയാണ്. മഹാരാഷ്ട്ര ഭിവണ്ടി ജിഎസ്ടി കമ്മിഷണറായാണ് മാറ്റം. ജയ്പുർ സ്വദേശിയായ രാജേന്ദ്ര കുമാർ പുതിയ കസ്റ്റംസ് കമ്മിഷണറാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി രണ്ട് ദിവസത്തിനുള്ളിൽ സ്ഥലം മാറ്റം.
സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയ കേസുകളിൽ സംസ്ഥാന സർക്കാരും സുമിത് കുമാറും പലതവണ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും, കഴിഞ്ഞ സർക്കാരിലെ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ എൽഡിഎഫ് പരസ്യ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കേരളത്തിൽ നിന്ന് മാറ്റുന്നത്. ഒരു സമ്മർദ്ദത്തിനും വഴങ്ങാത്ത ഉദ്യോഗസ്ഥൻ. നയതന്ത്ര ബാഗേജിലെ സ്വർണ്ണ കടത്തും ഡോളർ കടത്തും വീണ്ടും സജീവമാക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
ഫെബ്രുവരിയിൽ, കൽപറ്റയിൽ കസ്റ്റംസ് ഓഫിസ് ഉദ്ഘാടനത്തിനുശേഷം കോഴിക്കോട്ടേക്ക് വരുന്നതിനിടയിൽ ഒരു സംഘം ആളുകൾ ആക്രമിക്കാൻ ശ്രമിച്ചതായി സുമിത് കുമാർ പരാതിപ്പെട്ടിരുന്നു. ആക്രമണശ്രമത്തിനു പിന്നിൽ രാഷ്ട്രീയവും ഉണ്ടെന്ന് സംശയിക്കുന്നതായും സുമിത് കുമാർ അന്നു മാധ്യമങ്ങളോടു പറഞ്ഞു. ഡൽഹി സ്വദേശിയായ സുമിത് കുമാർ 1994ലെ ഇന്ത്യൻ റവന്യൂ സർവീസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കരിപ്പൂരിലെ കടത്തിൽ അടക്കം സിപിഎമ്മിന് വലിയ തലവേദനയായിരുന്നു സുമിത് കുമാർ. കൽപ്പറ്റയിൽ നിന്നുള്ള മടക്കയാത്രയിൽ കൊല്ലാൻ ശ്രമിച്ചവരെ പോലും കണ്ടെത്താൻ പൊലീസ് ആത്മാർത്ഥ ശ്രമം നടത്തിയിരുന്നില്ല.
നേരത്തെ ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുൻനിർത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനുമെതിരെ നിയമ നടപടിക്ക് നീക്കം ആരംഭിച്ചതോടെ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക് പോയിരുന്നു. ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാർ പ്രതികരിച്ചത്. തീർത്തും അസാധാരണമായിരുന്നു ഇത്. ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും എന്നാൽ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കി. എൽ.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാർച്ചിന്റെ പോസ്റ്റർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്.
കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാർ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരേയുള്ള അന്വേഷണ ഏജൻസികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരേ പ്രതിഷേധം ശക്തമാക്കാൻ സിപിഎമ്മിന്റെ തീരുമാനിക്കുകയും ചെയ്തു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്. ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചതോടെയാണ് പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ട് രംഗത്തിറങ്ങിയത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം.
സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്. ഡി്പ്ലോമാറ്റിക് സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസ് കമ്മീഷണർ സുമതി കുമാറിന്റെ നിലപാടുകൾ കേസിൽ നിർണായകമായിരുന്നു.
എയർ കാർഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തി സ്വർണക്കടത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ഇടയാക്കിയത് സുമിത് കുമാറിന്റെ ഇടപെടലായിരുന്നു. സ്വർണം രക്ഷിച്ചെടുക്കാൻ ഉന്നതർ ഇടപെടൽ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാർ തയ്യാറായി. ഇതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കർ അടക്കമുള്ളവരിലേക്ക് അന്വേഷണം എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ