കോഴിക്കോട്: കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത്കുമാറിന്റെ വാഹനത്തെ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്ത സംഭവത്തിൽ സർവ്വത്ര ദുരൂഹത. എന്നാൽ കസ്റ്റംസിന്റെ പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഓമശ്ശേരി സ്വദേശികളായ കാർ യാത്രികർ മുക്കത്ത് മരുന്നുവാങ്ങാനുള്ള യാത്രയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽവച്ചാണ് കമ്മിഷണറുടെ വാഹനത്തിലെ ഉദ്യോഗസ്ഥർ വാഹന യാത്രക്കാരെ തടഞ്ഞത്. കാർ യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതായി പരാതിയുണ്ട്. എന്നാൽ ഇതിൽ മറ്റ് സംശയങ്ങളൊന്നും വേണ്ടെന്ന് പൊലീസ് പറയുന്നു.

കാറിൽ പാട്ടുവച്ചതിനാലാണ് ഹോണടിച്ചത് കേൾക്കാതിരുന്നതെന്നാണ് യാത്രക്കാരായ യുവാക്കളുടെ നിലപാട്. എന്നാൽ ഔദ്യോഗിക ചിഹ്നങ്ങളുള്ള ചുവന്ന ബോർഡു വച്ച വാഹനം കാറിലുള്ളവർ ശ്രദ്ധിച്ചില്ലെന്ന ഇവരുടെ നിലപാട് വിശ്വസനീയവുമില്ല. എറണാകുളം റജിസ്‌ട്രേഷൻ ഉള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നതും നിർണ്ണായകമാണ്. കരിപ്പൂർ റോഡിൽ മുൻപും സ്വർണക്കടത്തുസംഘങ്ങൾ വാഹനത്തെ പിൻതുടരുകയും സ്വർണം കൈക്കലാക്കുകയും ചെയ്ത സംഭവങ്ങൾ നടന്നിട്ടുണ്ട്. മാഫിയാ സംഘങ്ങളും ഇവിടെ സജീവമാണ്. അന്വേഷണത്തിനായി കസ്റ്റംസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കരിപ്പൂരിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട്ടെത്തിയ കമ്മിഷണർ ശനിയാഴ്ച അതിരാവിലെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്.

ഇതു മൂന്നാംതവണയാണ് കസ്റ്റംസ് കമ്മിഷണറുടെ വാഹനത്തെ പിന്തുടരുന്ന സംഭവമുണ്ടായത്. കൊച്ചിയിലെ ഔദ്യോഗിക ഭവനത്തിൽനിന്നു പുറത്തേക്കിറങ്ങവെ ഒരു സംഘം പിൻതുടർന്നിരുന്നു. വെല്ലിങ്ടൺ ഐലൻഡിലേക്കുള്ള യാത്രയ്ക്കിടെയും പിന്നീടൊരിക്കൽ തിരുവനന്തപുരത്തുവച്ചും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. സുമിത്ത് കുമാർ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. രണ്ടു വർഷം മുൻപ് കൊച്ചി കസ്റ്റംസ് കമ്മിഷണറായി ചുമതലയേറ്റതുമുതൽ കള്ളക്കടത്ത് മാഫിയക്കെതിരേ ശക്തമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. സ്വർണ്ണ കടത്തിലെ ഉന്നത ബന്ധങ്ങൾ കണ്ടെത്തിയത് സുമിത് കുമാറിന്റെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ടി.ഡി.സി. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വിദേശമദ്യം കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതോടെയാണ് മാഫിയകളുടെ കണ്ണിലെ കരടായി മാറിയത്. സംഭവത്തിൽ 14 പേർ പിടിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വന്നു. ഇവരിൽ ചിലരെ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതുവരെ കാര്യങ്ങളെത്തി. സ്വപ്നയും ശിവശങ്കറും ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്തു കേസിന്റെ മേൽനോട്ടച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. സമ്മർദങ്ങൾക്കു വഴങ്ങാതെ പല ഉന്നത കേന്ദ്രങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തി. കോഴിക്കോട് വിമാനത്താവള കസ്റ്റംസ് വിഭാഗത്തിൽ സിബിഐ. നടത്തിയ മിന്നൽപരിശോധനയും ചർച്ചയായി. ഇതിന് പിന്നിലും സുമിത് കുമാറായിരുന്നു. ഇതാണ് കോഴിക്കോട്ടെ മാഫിയയ്ക്ക് ശത്രുത കൂടാൻ കാരണം.

വിമാനത്താവള പരിശോധനയെത്തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. കൊച്ചി ആസ്ഥാനമായ മാഫിയയുടെ ഉദ്യോഗസ്ഥനേതാവും ഉൾപ്പെടുന്നു. ഇയാൾ കോഴിക്കോട് വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഇയാളെ സസ്‌പെൻഡ് ചെയ്തതോടെയാണ് കൊടുവള്ളി, മുക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കളക്കടത്ത് മാഫിയ സുമിത്ത് കുമാറിനെതിരേ തിരിഞ്ഞതെന്നാണ് സംശയം. ഇതാണ് കാർ ചെയ്‌സിന് കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നുമില്ല. അവർ കൊടുവള്ളി മാഫിയയെ രക്ഷിക്കാനുള്ള കഥകളാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ കസ്റ്റംസ് ഇന്റലിജൻസ് ഇക്കാര്യം പരിശോധിക്കും. ഐബിയും അന്വേഷണം നടത്തുന്നുണ്ട്.

വയനാട് ജില്ലയിലെ ആദ്യ കസ്റ്റംസ് ഓഫിസിന്റെ ഉദ്ഘാടനമാണ് 11ന് കൽപ്പറ്റ ബസ് സ്റ്റാൻഡിന് എതിർവശത്ത് ചിറമ്മൽ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങിയത്. ഇതോടെ കൊടുവള്ളി, അടിവാരം, ഓമശ്ശേരി മേഖലകൾ കേന്ദ്രീകരിച്ച് ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നടക്കുന്നതായി ആരോപണങ്ങളുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽനിന്നും ഇവ നിയന്ത്രിക്കാവുന്ന തരത്തിലാണ് പുതിയ ഓഫിസിന്റെ പ്രവർത്തനം. ഈ പരിപാടി കഴിഞ്ഞ ശേഷം കരിപ്പൂരിലെ കാർഗോ കോംപ്ലക്‌സിലേക്കുള്ള യാത്രയിലായിരുന്നു കമ്മിഷണർ. ഈ യാത്ര ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ പ്ലാനിങ് ഈ ചെയ്‌സിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

അടിവാരമിറങ്ങി താമരശ്ശേരി ചുങ്കത്തെത്തിയ ശേഷമാണ് ഇടത്തോട്ടു തിരിഞ്ഞ് കൂടത്തായി, മുക്കം, അരീക്കോട്, കൊണ്ടോട്ടി വഴി കരിപ്പൂരേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മുക്കത്തെത്തിയപ്പോഴാണ് ഒരു കാറിലും രണ്ടു ബൈക്കിലുമായുള്ള സംഘം പിൻതുടരുന്നതായി സംശയമുയർന്നത്. കസ്റ്റംസ് വാഹനത്തിനൊപ്പം വാഹനമോടിക്കുകയും മറികടക്കുകയും ചെയ്തതോടെയാണ് ദുരൂഹത തിരിച്ചറിഞ്ഞത്. എടവണ്ണപ്പാറയിൽവച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ റോഡിൽ വിലങ്ങനെയിട്ട് വാഹനങ്ങളിലുള്ളവരെ ചോദ്യം ചെയ്തിരുന്നു.

യുവാക്കൾ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർതന്നെ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം പൊലീസിനു പരാതി നൽകിയെങ്കിലും നടപടികളെടുക്കാൻ വൈകി. കസ്റ്റംസ് കമ്മിഷണർ സമൂഹമാധ്യമത്തിൽ സംഭവം വിവരിച്ചതോടെയാണ് പൊലീസും അന്വേഷണത്തിനു തയ്യാറായത്. അതിന് ശേഷം എല്ലാം രാജിയാക്കുകയും ചെയ്തു.