- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വീണ്ടും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെടുന്നു; 11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം
കൊല്ലം: പതിനൊന്നുവർഷങ്ങൾക്ക് ശേഷം ആദ്യമായി വീണ്ടും സൂര്യകളങ്കം ദൃശ്യമായിതുടങ്ങി. താത്കാലികമായി സൂര്യന്റെ പ്രഭാമണ്ഡലത്തിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളാണ് 'സൺ സ്‌പോട്ട്' അഥവാ സൂര്യകളങ്കങ്ങൾ എന്നറിയപ്പെടുന്നത്. ഇതിന് മുൻപ് 2011-ലാണ് ഇവ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ദൃശ്യമായ സൂര്യകളങ്കത്തിന് 'എ.ആർ.2936' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി അറിയച്ചു.
സൗരോപരിതലത്തിൽ തൊട്ടടുത്ത സ്ഥലത്തെക്കാൾ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇങ്ങനെ കാണപ്പെടുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
സൺ സ്‌പോട്ടുകൾ സൗരകാന്തമണ്ഡലവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ് .ദിവസങ്ങളോ ആഴ്ചകളോ വരെ ഈ പ്രതിഭാസം നീണ്ടുനിൽക്കാം. കാലക്രമേണ അടയാളങ്ങൾ ക്ഷയിച്ച് തനിയെ ഇവ ഇല്ലാതാകും. പതിനൊന്നുവർഷമാണ് ഈ പ്രതിഭാസത്തിന്റെ ചാക്രികകാലം. അതിനിടയിലും ചിലപ്പോഴൊക്കെ ഇവ ദൃശ്യമാകാറണ്ട്.
സൂര്യനിൽനിന്ന് വരുന്ന പലതരം വികിരണങ്ങൾ ഭൂമിയുടെ അന്തരീക്ഷവായുമണ്ഡലത്തിൽ (അയണോസ്പിയർ) പ്രതിപ്രവർത്തിക്കുന്നതിനാൽ വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും ജി.പി.എസ്. ഉപകരണങ്ങളുടെയും പ്രവർത്തനത്തെയും ഇത് അപൂർവമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ച് മാത്രമെ ഇവയെ നിരീക്ഷിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
പല ഫോട്ടോഗ്രാഫർമാരും വാനനിരീക്ഷകരും സൂര്യകളങ്കം രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട് . 2011-ൽ പ്രത്യക്ഷപ്പെട്ടപ്പോഴും പലരും ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. മുൻകരുതലുകളില്ലാതെ ക്യാമറ സൂര്യനുനേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്ക്കും അപകടമാണെന്ന് ഫോട്ടോഗ്രാഫറായ ദത്തൻ പുനലൂർ പറഞ്ഞു. 2011-ൽ കോവളത്തും ഇത്തവണ കൊല്ലം താന്നി കടപ്പുറത്തു നിന്നും ദത്തൻ പുനലൂർ ഇവയുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ