- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്ന തരൂരിന്റെ വാദത്തിന് വിജയം; ദുരൂഹ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ഡൽഹി റോസ് അവന്യു കോടതി; കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി; തരൂർ കുറ്റവിമുക്തൻ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിന് എതിരെ കുറ്റം ചുമത്തില്ല. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. തരൂരിനെതിരായ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി പറഞ്ഞു. കുറ്റപത്രം നിലനിൽക്കില്ലെന്ന് സൂചിപ്പിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഏഴര വർഷത്തെ വേട്ടയാടൽ അവസാനിച്ചെന്നായിരുന്നു തരൂരിന്റെ ആദ്യപ്രതികരണം.
ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തീയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു. കേസിൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു.
കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹികപീഡന കുറ്റങ്ങൾ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. സുനന്ദ പുഷ്കറിന്റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാദം.
എന്നാൽ, സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരൻ ആശിഷ് ദാസ് കോടതിയിൽ മൊഴി നൽകിയത്. മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവർ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകൻ അഡ്വ വികാസ് പഹ്വയുടെ വാദം.
സുനന്ദയുടേത് ആത്മഹത്യയാണെന്ന് തെളിയിക്കാൻ വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലും പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നാണ് തരൂരിന്റെ വാദം.
കൂടുതൽ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡൽഹി പൊലീസ് നേരത്തെ അപേക്ഷ നൽകിയിരുന്നു. പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നൽകില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതകമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല. ഒടുവിൽ ആത്മഹത്യപ്രേരണക്കുറ്റം ചേർത്ത് 2018 മെയ് 15ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ