- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്രിക പിൻവലിക്കാൻ പണം നൽകുന്നതും പണം വാങ്ങി പിന്മാറുന്നതും ഒരു പോലെ കുറ്റകൃത്യം; മഞ്ചേശ്വരത്തെ വിവാദത്തിൽ പൊലീസ് കേസെടുത്തത് സുരേന്ദ്രനും ബിജെപി നേതാക്കൾക്കും എതിരെ മാത്രം; എല്ലാം രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിശദീകരിച്ച് ബിജെപി; കേസിൽ സുന്ദരയെ പ്രതിയാക്കാത്തതും വിവാദമാകും; സുന്ദര അപ്രത്യക്ഷൻ
കാസർകോട്: കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണ്. അതുപോലെ തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആയി നൽകിയ പത്രിക പിൻവലിക്കാൻ കാശു കൊടുക്കുന്നതും അത് വാങ്ങി മത്സരത്തിൽ നിന്നും പിന്മാറുന്നതും. ഇതു രണ്ടും ക്രിമിനൽ കുറ്റമാണ്. മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കൽ വിവാദത്തിൽ അതുകൊണ്ട് തന്നെ പൊലീസ് കേസെടുത്തു. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി പ്രവർത്തകർക്കും എതിരെ മാത്രമാണ് കേസ്. പണം കൊടുത്തവർ എന്ന് ആരോപണം നേരിടുന്നവർ മാത്രം പ്രതികൾ. എന്നാൽ ഈ കേസിൽ പണം വാങ്ങി പിന്മാറിയ സുന്ദരയേയും പ്രതിചേർക്കേണ്ടി വരും.
വിവാദ വിഷയത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി വി രമേശന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. നിലവിലെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ഫേസ്ബുക് പോസ്റ്റിലൂടെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് അഷ്റഫ് ബിജെപിക്കെതിരെ ഉന്നയിക്കുന്നത്. ഭക്ഷ്യക്കിറ്റിന്റെ മറവിൽ വോട്ടർമാർക്ക് പണം വാരിക്കോരി നൽകിയെന്നാണ് ആരോപണം. ഓരോ കിറ്റിന് ഒപ്പം 5000 രൂപ വോട്ടർമാർക്ക് നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് അഷ്റഫ് ആരോപിക്കുന്നത്.
പത്രിക പിൻവലിക്കിലിൽ സുന്ദരയേയും പ്രതിയാക്കേണ്ടി വരുമെന്ന് പൊലീസ് മനസ്സിലാക്കുന്നുണ്ട്. എന്നാൽ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. അതിനിടെ തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി കെ. സുന്ദര അറിയിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാൻ ആവശ്യപ്പെട്ടു. പൊലീസിനോട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണെന്നും സുന്ദര സമ്മതിക്കുന്നുണ്ട്.
പണം ചെലവായതിനാൽ തിരികെ കൊടുക്കാനില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരുടേയും പ്രലോഭനത്തിലല്ലെന്നും കെ. സുന്ദര വിശദീകരിച്ചിട്ടുണ്ട്. ഇത് കേസെടുക്കാൻ പോന്ന വെളിപ്പെടുത്തലാണ്. എന്നാൽ സുരേന്ദ്രനും സുന്ദരയും കേസിൽ പ്രതികളാകേണ്ട സാഹചര്യമാണുള്ളത്. 2016ൽ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റെ വിജയം തട്ടി മാറ്റിയ സുന്ദരയെ സുരേന്ദ്രൻ വിലകൊടുത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒതുക്കിയപ്പോൾ പുലിവാലായി മാറുമെന്ന് സുരേന്ദ്രൻ പോലും കരുതിക്കാണില്ല. ബിജെപിയിൽ നിന്ന് പണം കൈപ്പറ്റിയാണ് നോമിനേഷൻ പിൻവലിച്ചതെന്ന് ഒരു ചാനലിൽ വെളിപ്പെടുത്തിയത്തിന് പിന്നാലെയാണ് സുന്ദരയെ കാണാത്തായി.
കാസർകോട് കർണാടക അതിർത്തി പ്രദേശമായ വാണിനഗറിലെ സ്ഥിരതാമസക്കാരനായ ഇദ്ദേഹം വെളിപ്പെടുത്തലിന് പിന്നാലെ ഒരു ബന്ധു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തുടർന്നാണ് ചില ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നതും കർണാടകത്തിലേക്ക് മാറിയതും എന്നും സൂചനയുണ്ട്. നിരവധി മാധ്യമപ്രവർത്തകർ അദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സുന്ദര സുന്ദരമായി തന്നെ എല്ലാവരുടെയും കണ്ണുവെട്ടിച്ചു ഒളിവിൽ കഴിയുകയാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ, ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും ബിജെപിക്കാർ നൽകിയതായി സുന്ദര കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. പേരിലെ സാമ്യം വോട്ട് നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് പിൻവലിക്കാൻ നിർബന്ധിച്ചത്. ബിജെപി നേതാക്കൾ വീട്ടിൽ വന്ന് അമ്മയുടെ കൈയിലാണ് പണം നൽകിയത്. രണ്ടായിരം രൂപയുടെ നോട്ടുകെട്ടുകളായാണ് കിട്ടിയതെന്നുമാണ് സുന്ദര ചാനലിലൂടെ വെളിപ്പെടുത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നിർബന്ധിച്ചപ്പോൾ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കിട്ടിയത് രണ്ടര ലക്ഷം രൂപ. സുരേന്ദ്രൻ ജയിച്ചാൽ വീടും കർണാടകത്തിൽ വൈൻ ഷോപ്പും നൽകുമെന്നും അറിയിച്ചു.
എല്ലാം ശരിയാക്കാമെന്ന് കെ സുരേന്ദ്രനും പിന്നാലെ ഫോണിലൂടെ അറിയിച്ചുവെന്നും സുന്ദര പറഞ്ഞു. മാർച്ച് 21ന് ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവർ വാണിനഗറിലെ വീട്ടിലെത്തിയാണ് പിന്മാറാൻ ആവശ്യപ്പെട്ടത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ 467 വോട്ട് നേടിയതാണ് കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു. സ്മാർട്ട്ഫോണും സമ്മാനമായി നൽകി. ഇതൊന്നും പുറത്തുപറയരുതെന്നും നിർദ്ദേശിച്ചു. ബിജെപിയുടെ പണമിടപാടിൽ അന്വേഷണം നടക്കുന്നതിനാൽ ഒരു ചാനലിനോട് അറിയാത്ത പറഞ്ഞു പോയതാണ് എന്ന് പിന്നീട് സുന്ദര മലക്കംമറിഞ്ഞു. നേരത്തെ ബിജെപി ഉറപ്പുനൽകിയ വാഗ്ദാനം പാലിക്കുന്ന ഉറപ്പു കിട്ടിയതോടെയാണ് വാണിനഗറിൽ നിന്നും കർണാടകയിലേക്ക് കടന്നതെന്ന് ബന്ധുക്കളുടെ വാക്കുകൾ നിന്നും വായിച്ചെടുക്കുവാൻ സാധിക്കുന്നത്.
എ കെ എം അഷ്റഫിന്റെ ഫേസ്ബുക് കുറുപ്പിന്റെ പൂർണരൂപം
'എനിക്കെതിരായി തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണല്ലോ.. എല്ലാം പണവുമായി ബന്ധപ്പെട്ട വാർത്തകൾ..!
ആളും പരിവാരവുമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴേ ഞങ്ങൾ പറഞ്ഞതാണ്., മഞ്ചേശ്വരം പിടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികൾ വാരിയെറിയുന്നുണ്ടെന്ന്..!
കർണാടകയുടെ ബിജെപി എം എൽ എ മാരും മന്ത്രിമാരും എം പി മാരും വീടുകൾ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്..
വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ബിജെപി പതിനഞ്ച് ലക്ഷവും വൈൻ ഷോപ്പും ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ..!
നോട്ട് നിരോധനത്തിലൂടെയും റഫേൽ ഇടപാടിലൂടെയും പെട്രോൾ വിലവർധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽ നിന്നും കാസറഗോട്ടെക്ക് ഒഴുകിയത്..!
ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. '
മറുനാടന് മലയാളി ബ്യൂറോ