മനാമ: ഒര പ്രവാസിയായ യുവാവിന്റെ ജീവിതത്തിലെ തീപ്പൊള്ളിക്കുന്ന അനുഭവങ്ങളാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ ആടു ജീവിതം എന്ന നോവലിലൂടെ പങ്കുവെച്ചത്. ആലപ്പുഴക്കാരനായ നജീബ് എന്ന ചെറുപ്പക്കാരൻ വൈവാഹിക ജീവിതത്തിന് തൊട്ടു പിന്നാലെ നല്ല ജീവിതം സ്വപ്‌നം കണ്ട് സൗദി അറേബ്യയിൽ എത്തുന്നു. വിമാനത്താവളത്തിൽ വെച്ച് തന്നെ നജീബിനെ ഒരു പണക്കാരനായ അറബി തന്റെ ഫാമിലേക്ക് ആടിനേയും ഒട്ടകത്തേയും മേയിക്കാൻ കൊണ്ടു പോകുകയാണ്. ഭാഷയും നാടും അറിയാത്ത നജീബിന് സൗദി അറേബ്യയുടെ ഉൾ മരുഭൂമിയിൽ അനുഭവിക്കേണ്ടി വന്നതുകൊടിയ പീഡനമായിരുന്നു.

ആടിന് കൊടുക്കാൻ കരുതിയ വെള്ളം കുടിച്ചും ആടുകൾക്കൊപ്പം ഉറങ്ങിയുമായിരുന്നു നജീബിന്റെ ജീവിതം. ഇടയ്ക്കിടയ്ക്ക് അറബിയിൽ നിന്നുമുള്ള ക്രൂരമർദ്ദനത്തിനും ഇരയായി. ഭക്ഷണമോ വെള്ളമോ കിട്ടാതെ മൂന്നര വർഷത്തോളം നജീബിന് നേരിടേണ്ടി വന്നതുകൊടിയ പീഡനമായിരുന്നു. ബെന്യാമിൻ ഇത് തന്റെ നോവലിന് ആധാരമാക്കിയപ്പോൾ ഒറ്റശ്വാസത്തിൽ ഇത് വായിച്ച് പൊട്ടിക്കരഞ്ഞവരാണ് നമ്മൾ മലയാളികൾ. എന്നാൽ ആടു ജീവിതത്തേയും നാണിപ്പിക്കുന്ന പീഡനത്തിന്റേയും ഒറ്റപ്പെടലിന്റേയും പൊള്ളിക്കുന്ന ജീവാതാനുഭവം പങ്കുവെയ്ക്കുകയാണ് കൊടുമൺ സ്വദേശിയായ സുന്ദരേശൻ എന്ന യുവാവ്.

അഞ്ചു പത്തും വർഷമല്ല ദീർഘമായ 34 വർഷമാണ് ഉറ്റവരേയും ഉടയവരെയും കാണാതെ ആരോടും ഒരു വാക്ക് ഉരിയാടാൻ പോലും ആകാതെ സുന്ദരേശൻ എന്ന 54കാരൻ ബഹ്‌റൈനിലെ മണലാരണ്യങ്ങളിൽ കഴിഞ്ഞു കൂടിയത്. 34 വർഷങ്ങൾക്ക് മുമ്പ് സുന്ദരേശൻ ബഹ്‌റൈനിലെത്തുമ്പോൾ 22 വയസ് ആയിരുന്നു. നന്നേ ചെറുപ്പം. കുറേ സമ്പാദിക്കണം നാട്ടിൽ തിരിച്ചെത്തി വലിയ ഒരു വീടുവെയ്ക്കണം നല്ലൊരു പെൺകുട്ടിയെ വിവാഹം ചെയ്യണം അങ്ങനെ ഒരുപാട് സ്വപ്‌നങ്ങളുമായാണ് കൊടുമൺ സ്വദേശിയായ സുന്ദരേശൻ 22-ാം വയസ്സിൽ ബഹ്‌റൈനിലേക്ക് വിമാനം കയറുന്നത്. എന്നാൽ സ്വപ്‌നഭൂമിയിലെത്തിയ സുന്ദരേശനെ കാത്തിരുന്നത് എരിചട്ടിയിലിട്ട് വറക്കുന്ന അനുഭവങ്ങളായിരുന്നു. ഈ 34 വർഷക്കാലത്തിനിടയിൽ സുന്ദരേശൻ ഒരിക്കൽ പോലും നാടു കണ്ടിട്ടില്ല.

ബഹ്‌റൈനിലെ മരുഭൂമിയിൽ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആ മനുഷ്യൻ മുഖംപൊത്തി കരഞ്ഞു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരു മൃഗം അനുഭവിച്ചതിനെക്കാൾ കൂടുതൽ വേദന താൻ ഈ കാലത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്നു എന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുമ്പോൾ ഒരുപക്ഷേ പടച്ച തമ്പുരാനെ പോലും നമ്മൾ ശപിച്ചു പോകും. എനിക്കതൊന്നും ഓർമിക്കാനെ വയ്യ. കരച്ചിലിനിടയിൽ അയ്യാൾ പറയാൻ തുടങ്ങി. ഒമ്പത് വർഷത്തോളം മരുഭൂമിയിലടക്കം അലഞ്ഞുതിരിഞ്ഞു നടന്നു. അത്തരം അനുഭവങ്ങളെകുറിച്ച് ചോദിച്ചപ്പോൾ സുന്ദരേശൻ കുറെ നേരം എങ്ങോനോക്കിയിരുന്നു. പിന്നെ മുഖംപൊത്തി കരയാൻ തുടങ്ങി.

ഭക്ഷണം ചെല്ലാതെ കുടല് ചുരുങ്ങി. കണ്ണിൽ കാണുന്ന മാലിന്യം അടങ്ങിയവ കഴിച്ച് വയറ്റിന് സ്ഥിരമായ അസുഖം പിടിപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷമായി ഞാനിപ്പോൾ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നു. മുറിയിലെ കിടക്കയിൽ ഉറങ്ങുന്നു. മനുഷ്യത്വമുള്ള ഒരാളുടെ കരുണകൊണ്ട്. എനിക്കിനി എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകണം. മാതാപിതാക്കളുടെ കുഴിമാടങ്ങൾ കാണണം. പിന്നെ ആശുപത്രിയിൽ പോയി നല്ല ചികിത്‌സ നടത്തണം. പിന്നെ ആരോഗ്യം വന്നാൽ പണിയെടുക്കണം. ആർക്കും ഭാരമാകാതെ ജീവിക്കണം. സുന്ദരേശന്റെ സ്വപ്നങ്ങൾ ഇതുമാത്രമാണ്.

തുന്നൽക്കാരന്റെ വിസയിൽ എത്തിയ സുന്ദരേശന്റെ തലയിലെഴുത്തിൽ ദൈവം തുന്നിച്ചേർത്തത് കനൽക്കട്ടകളേക്കാളും ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളായിരുന്നു. കൊണ്ടുവന്ന ഏജന്റ് പറഞ്ഞതൊന്നും നടക്കാതെ വന്നപ്പോൾ മറ്റൊരാളുടെ കീഴിൽ ജോലിക്ക് പോയി. മലയാളിയായ ആ കട നടത്തിപ്പുകാരന്റെ വാക്ക് വിശ്വാസിച്ച് നാട്ടിൽ നിന്ന് പണം വരുത്തിച്ച് തുന്നൽക്കട ഏറ്റെടുക്കുകയും കട മോടിപ്പിടിപ്പിക്കുകയും ചെയ്തു. സ്വന്തമായി രണ്ട് തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. എന്നാൽ കെട്ടിടത്തിന്റെ ഉടമ അറിയാതെയാണ് മലയാളി സുന്ദരേശന് കട കൈമാറിയത്. ഇതറിഞ്ഞ് കൂടുതൽ വാടക ചോദിച്ച് എത്തിയ കെട്ടിട ഉടമയുമായുള്ള തർക്കമാണ് സുന്ദരേശന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തിയത്.

തുടർന്ന് താൻ കടയിലെ സാധനങ്ങൾ വിറ്റ് കടം തീർത്തശേഷം കടയിൽ നിന്നിറങ്ങിയതായി സുന്ദരേശൻ പറയുന്നു. ഇതിന് പിന്നാലെയാണ് ജീവിതം ഒരിക്കലും അഴിച്ചാൽ തീരാത്ത ഊരാക്കുടുക്കായി സുന്ദരേശനെ ചുറ്റിയത്. സുന്ദരേശൻ തന്റെ കെട്ടിടത്തിലെ സാധനങ്ങൾ അപഹരിച്ചതായി കാണിച്ച് കടയുടമ പൊലീസിൽ പരാതി നൽകി. ഇതിനിടയിൽ പാസ്‌പോർട്ടും വിസയുമായി ഗൾഫിൽ കൊണ്ടുവന്ന ഏജന്റ് മുങ്ങി. നാട്ടിൽ നിന്ന് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. 22 വർഷം കഴിഞ്ഞ് അമ്മ മരിച്ചു. അമ്മ മരിച്ചപ്പോൾ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് യാത്രാവിലക്ക് ഉണ്ടെന്നും മുമ്പ് കെട്ടിട ഉടമ നൽകിയ പരാതിയാണ് അതിന് കാരണമെന്നും മനസിലായത്. 22850 ദിനാർ നഷ്ടപരിഹാരം നൽകിയാലെ യാത്രവിലക്ക് നീങ്ങൂവെന്ന് മനസിലായപ്പോൾ മാനസികമായ തളർച്ചയിലായി.

പലരുടെയും മുന്നിൽ സഹായം തേടിച്ചെന്നെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു. സുന്ദരേശനെ കൊണ്ട് തയ്യൽ പണികൾ ചെയ്യിച്ച മലയാളികളിൽ നിരവധിപേർ ധാരാളം പണം നൽകാനുണ്ടായിരുന്നു. എന്നാൽ ആപത്ത് വന്നപ്പോൾ ആ പണം നൽകാനോ തിരിഞ്ഞു നോക്കാനോ പോലും ആരും തയ്യാറായില്ല. നാട്ടിലേക്ക് പോകാനാവാതെ ജീവിതത്തെ കുറിച്ച് എല്ലാ പ്രതീക്ഷകളും നശിച്ചതോടെ സുന്ദരേശൻ ഉൾഗ്രാമങ്ങളിലും മരുഭൂമിയിലുമായി അലഞ്ഞു നടന്നു.

നാട്ടിലെ ഭിക്ഷക്കാരനേക്കളും കഷ്ടം നിറഞ്ഞതായിരുന്നു പിന്നീടങ്ങോട്ട് സുന്ദരേശന്റെ ജീവിതം. കുപ്പത്തൊട്ടിയിൽ നിന്ന് കൈയിട്ട് വാരിതിന്നും പൈപ്പ് വെള്ളം കുടിച്ചും ഖജുർ മരങ്ങളുടെ ചുവടെ കിടന്നുറങ്ങിയുമാണ് വർഷങ്ങൾ കഴിച്ചു കൂട്ടിയത്. അങ്ങനെ ഒമ്പത് വർഷങ്ങളോളം ഒട്ടകത്തീറ്റ തിന്നും മണ്ണിലുറങ്ങിയും പ്രാകൃതനായി ജീവിച്ചു. ഒടുവിൽ ശരീരത്തിൽ വ്രണങ്ങൾ ബാധിച്ച് പുഴുക്കളുമായി കഴിയുന്ന വിവരം അറിഞ്ഞെത്തിയ സലാം മമ്പാട്ടുമൂല എന്ന സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് ഇയ്യാൾക്ക് രക്ഷകനായത്.

സലാം സുന്ദരേശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്‌സ നൽകിയശേഷം തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. യാത്ര വിലക്ക് മാറ്റാൻ കോടതിയെ സമീപിച്ച് പഴയ കേസ് എടുപ്പിച്ചു. വക്കീലിനെ കൊണ്ട് കേസ് നടത്തിച്ചു ആ കേസിൽ സുന്ദരേശന് അനുകൂല വിധി നേടിച്ചു. എംബസിയും ഔട്ട് പാസ് നൽകിയിട്ടുണ്ട്. എന്നാൽ കോടതി സംബന്ധമായ പിഴ അടക്കാൻ 442 ദിനാർ നൽകണം. അതിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് സുന്ദരേശൻ. മാത്രമല്ല സോറിയാസ് ബാധിച്ച് ആകെ അവശനുമാണ്. സുന്ദരേശനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 35576164