ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 95 വയസായിരുന്നു.

ഭാരതത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമാണ് സുന്ദർലാൽ ബഹുഗുണ. 1970 കളിൽ ചിപ്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ അവസാനം വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം പോരാടി.

ചിപ്കോ പ്രസ്ഥാനത്തിലൂടെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി 2009 ജനുവരി 26 ന് ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്‌കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു