- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥിത്വം പിൻവലിച്ചാൽ മദ്യഷോപ്പും വീടും നൽകാമെന്ന് വാഗ്ദാനം നൽകി; സുരേന്ദ്രൻ തനിക്ക് നൽകിയ പണത്തിൽ 47 ലക്ഷവും പ്രാദേശിക ബിജെപി നേതാക്കൾ തട്ടിയെടുത്തു; സുരേന്ദ്രനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സുന്ദര
കാസർകോട്: മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥിയായിരുന്ന തനിക്കുവേണ്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ 50 ലക്ഷം രൂപ ചെലവിട്ടെന്ന ഗുരുതര ആരോപണവുമായി കെ.സുന്ദര. കർണാടകത്തിൽ മദ്യഷോപ്പ് നൽകാമെന്നും വീട് പുതുക്കിപ്പണിയാൻ സഹായിക്കാമെന്നുമാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിന് പകരമായി കെ.സുരേന്ദ്രൻ വാഗ്ദാനം ചെയ്തത്.
സ്ഥാനാർത്ഥിത്വം പിൻവലിച്ചാൽ മദ്യഷോപ്പും വീടും നൽകാമെന്ന് വാഗ്ദാനം നൽകിയതായും സുന്ദര ആരോപിക്കുന്നു. എന്നാൽ സുരേന്ദ്രൻ തനിക്ക് നൽകിയ പണത്തിൽ 47 ലക്ഷവും പ്രാദേശിക ബിജെപി നേതാക്കൾ തട്ടിയെടുത്തെന്നും സുന്ദര ആരോപിച്ചു. ബാക്കിവന്ന രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. പണം തട്ടിയെടുത്ത വിവരം സുഹൃത്തായ ഒരു ബിജെപി നേതാവാണ് തന്നെ അറിയിച്ചത്.
മാർച്ച് 21ന് സുന്ദരയെ കാണാനില്ലെന്ന് ബിഎസ്പി പ്രവർത്തകർ പരാതി നൽകിയിരുന്നു. ഈ സമയം കെ.സുരേന്ദ്രന്റെ ജോഡ്കയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നു താനെന്നും ബിജെപി പ്രവർത്തകരുടെ നിയന്ത്രണത്തിലായിരുന്ന തന്റെ ഫോൺ അവർ വാങ്ങിവച്ചിരുന്നതായും സുന്ദര പറയുന്നു. രാത്രി ഭക്ഷണവും മദ്യവും നൽകിയതായും സുന്ദര പറഞ്ഞു. ഈ സമയം പൊലീസ് സുന്ദരയ്ക്കായി അന്വേഷണം നടത്തുകയായിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സുന്ദരയ്ക്ക് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന മഞ്ചേശ്വരത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി വി.വി രമേശൻ നൽകിയ പരാതിയിൽ കാസർകോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെ പ്രതി ചേർക്കാൻ ഉത്തരവിട്ടിരുന്നു. ബദിയടുക്ക പൊലീസ് ജൂൺ ഏഴിന് സുരേന്ദ്രനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.




