ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സിൽ ബാഡ്മിന്റൺ സിങ്ൾസിൽ വെള്ളി നേടി അഭിമാനമായ പി.വി. സിന്ധു ഹെദരാബാദ് രാജീവ് ഗാന്ധി ഇന്റർ നാഷണൽ വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിലിറങ്ങിയ താരത്തെയും കോച്ച് പി. ഗോപീചന്ദിനെയും ആഘോഷപൂർവം തെലങ്കാന സർക്കാർ വരവേറ്റു. ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് സ്വീകരണച്ചടങ്ങ്. തെലങ്കാന ഐ.ടി മന്ത്രി കെ.ടി. രാമറാവുവിന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തിലെ സ്വീകരണം. പതിനായിരങ്ങൾ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും

സിന്ധുവിന് അഞ്ചു കോടി രൂപയാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പാരിതോഷികം പ്രഖ്യാപിച്ചത്. ഗച്ചിബൗളിയിലെ പുല്ലേല ഗോപിചന്ദ് അക്കാദമിക്കു സമീപം 1000 ചതുരശ്ര വാര സ്ഥലവും നൽകും. സിന്ധുവിന് സമ്മതമാണെങ്കിൽ സർക്കാർ ജോലിയും നൽകും. കോച്ച് ഗോപീചന്ദിന് ഒരു കോടി രൂപയാണ് സമ്മാനം.

ആന്ധ്ര സർക്കാറും പിന്നീട് സ്വീകരണമൊരുക്കും. ആന്ധ്ര, തെലങ്കാന സർക്കാറുകൾ സിന്ധുവിനെ 'സ്വന്തമാക്കാൻ' മത്സരത്തിലാണ്. 'മന അമ്മായി' എന്നാണ് ഇരു സർക്കാറുകളും സിന്ധുവിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ പെൺകുട്ടി എന്നാണ് ഇതിനർഥം. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മൂന്നു കോടി രൂപയും ഭാവി തലസ്ഥാനമായ അമരാവതിയിൽ 1000 ചതുരശ്ര വാര ഭൂമിയുമാണ് വാഗ്ദാനം ചെയ്തത്. ആന്ധ്രയിൽ ഗ്രൂപ് വൺ ഓഫിസർ പദവിയും വാഗ്ദാനമുണ്ട്. ബി.പി.സി.എല്ലിൽ ഉദ്യോഗസ്ഥയായ സിന്ധുവിന് കമ്പനി ഡെപ്യൂട്ടി മാനേജറായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

ഗോപീചന്ദിന് 50 ലക്ഷം രൂപയും അമരാവതിയിൽ അക്കാദമി തുടങ്ങാൻ ഭൂമിയും ചന്ദ്രബാബു നായിഡു നൽകും. ഗോപീചന്ദിന്റെ കാര്യത്തിലും ഇരു സർക്കാറുകളും അവകാശവാദത്തിലാണ്. ആന്ധ്രയിലെ പ്രകാശം ജില്ലക്കാരനാണ് ഗോപി. ബാഡ്മിന്റൺ അക്കാദമി തുടങ്ങാൻ സകലസഹായം നൽകിയതും അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവായിരുന്നു. വിഭജനത്തിനുശേഷം തെലങ്കാനയിലാണ് അക്കാദമി. സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ഗോപി.

സിന്ധു ഇന്ത്യയുടെ പുത്രിയാണെന്നാണ് മാതാപിതാക്കളായ പി.വി. രമണയും വിജയലക്ഷ്മിയും ഉറപ്പിച്ചുപറയുന്നത്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ ജനിച്ച രമണ, തമിഴ്‌നാടിനു വേണ്ടിയാണ് വർഷങ്ങളോളം വോളിബാൾ കളിച്ചത്. വിജയവാഡക്കാരിയായും വോളി താരവുമായിരുന്ന വിജയയും തമിഴ്‌നാട്ടിലാണ് വളർന്നത്.