കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ പൊലിഞ്ഞവരിൽ മുൻ ബഹ്‌റിൻ പ്രവാസി മലയാളിയും. മുഹറഖിലെ ഒരു കരാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കല്ലന്പലം മണന്പൂർ പന്തടി വിളയിൽ മേടയിൽ സുനിൽ (47) ആണ് മരിച്ചത്.

അഞ്ചുവർഷത്തോളം ബഹ്‌റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിൽ സഥിര താമസമാക്കിയിരിക്കുക യായിരുന്നു സുനിൽ. വെടിക്കെട്ടപകടത്തിൽ സുനിൽ കുമാർ മരിച്ച വിവരം കേട്ട ഞെട്ടലിലാണ് ബഹ്‌റിനിലെ സുഹൃത്തുക്കൾ.

ഏകദേശം അഞ്ചുവർഷം മുമ്പാണ് സുനിൽ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്. ഇവിടെ മുഹറഖ് അൽ ഹിലാൽ ആശുപത്രിക്ക് പിറകിലായിരുന്നു താമസം. കൺസ്ട്രക്ഷൻ കമ്പനിയിൽ മേസൻ ആയി ജോലി നോക്കുകയായിരുന്നു. നാട്ടിലും മേസൻ ജോലിയാണ് ചെയ്തിരുന്നത്.

ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങിയതാണ് സുനിൽ കുമാറിന്റെ കുടുംബം. മൂത്ത മകൾ പത്താം ക്‌ളാസിലും രണ്ടാമത്തെയാൾ അഞ്ചാം ക്‌ളാസിലും പഠിക്കുകയാണ്. വെടിക്കെട്ടപകടം ഉണ്ടായതിനെ തുടർന്ന് ഓടുമ്പോൾ തെറിച്ചുവന്ന കോൺക്രീറ്റ് കഷ്ണം തലക്കുപിന്നിൽ ഇടിച്ചാണ് മരണം സംഭവിച്ചത്.