- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലിമിറ്റഡ് ഓവർ മത്സരത്തിൽ ഏറ്റവും കൂടുതൽ ഓവറുകൾ കളിക്കേണ്ടത് മികച്ച ബാറ്റ്സ്മാന്മാർ; കോലി രോഹിത് സഖ്യത്തെ ഓപ്പണിങ്ങിൽ നിലനിർത്തണം; കെ.എൽ. രാഹുലിന്റെ മോശം ഫോം ടീമിന് അനുഗ്രഹമായെന്നും ഗാവസ്‌കർ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര നേട്ടത്തിന് പിന്നാലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച വിരാട് കോലി രോഹിത് ശർമ കൂട്ടുകെട്ടിനെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ.
ഇന്ത്യയ്ക്ക് ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഈ മത്സരത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഗാവസ്‌കർ പറഞ്ഞു. കെ.എൽ. രാഹുലിന്റെ മോശം ഫോം ഇന്ത്യയ്ക്ക് അനുഗ്രഹമായി മാറുന്ന കാഴ്ചയാണ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടതെന്നും ഗാവസ്‌കർ അഭിപ്രായപ്പെട്ടു. ട്വന്റി 20 പരമ്പരയിൽ ഇന്ത്യ നാല് ഓപ്പണിങ് കൂട്ടുകെട്ടുകളാണ് പരീക്ഷിച്ചത്.
ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മുൻനിർത്തി ടീമിൽ പരീക്ഷണങ്ങൾ തുടരുന്ന ടീം ഇന്ത്യ, കോലി രോഹിത് സഖ്യത്തെ ഓപ്പണിങ്ങിൽ നിലനിർത്തണമെന്നാണ് ഗാവസ്‌കറിന്റെ നിർദ്ദേശം.
'ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ഏറ്റവും കൂടുതൽ ഓവറുകൾ കളിക്കേണ്ടത്. അതുകൊണ്ടുതന്നെ വിരാട് കോലി ബാറ്റിങ് ഓർഡറിൽ ഏറ്റവും മുൻനിരയിലേക്ക് വരേണ്ടത് അത്യാവശ്യമായിരുന്നു. കെ.എൽ. രാഹുലിന്റെ മോശം ഫോം ഒരു തരത്തിൽ ടീമിന് അനുഗ്രഹമായെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ വയ്ക്കാവുന്നൊരു ഓപ്പണിങ് കൂട്ടുകെട്ടല്ലേ അതുവഴി ലഭിച്ചിരിക്കുന്നത്' ഗാവസ്‌കർ അഭിപ്രായപ്പെട്ടു.
'സച്ചിൻ തെൻഡുൽക്കറിന്റെ കാര്യം ഉദാഹരണമായെടുക്കാം. ഏകദിന മത്സരങ്ങളിൽ അദ്ദേഹം ബാറ്റിങ് ഓർഡറിൽ പിന്നിലായാണ് ഇറങ്ങിയിരുന്നത്. പിന്നീട് അദ്ദേഹത്തെ ഓപ്പണിങ്ങിലേക്ക് മാറ്റിയപ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങിലും ടീമിന് മൊത്തത്തിലും അതുകൊണ്ട് ലഭിച്ച ഗുണം നാം കണ്ടതാണ്. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് ഏറ്റവും കൂടുതൽ ഓവറുകൾ കളിക്കേണ്ടത്' ഗാവസ്‌കർ വിശദീകരിച്ചു.
'ഞാനാണെങ്കിൽ ഈ ഓപ്പണിങ് ഫോർമുലയിൽ തന്നെ തുടരാനാണ് ശ്രമിക്കുക. പരസ്പരം പ്രോത്സാഹിപ്പിച്ച് ഇരുവരും ഇന്നിങ്‌സ് കെട്ടിപ്പടുത്ത രീതി നോക്കൂ. വലിയ ഷോട്ടുകൾ കളിക്കുമ്പോൾ അവർക്കിടയിലെ ധാരണയും പ്രോത്സാഹനവും നാം കണ്ടതല്ലേ. ടീമിലെ രണ്ട് ലീഡർമാർ ഇത്തരത്തിൽ മികച്ച തുടക്കം നൽകിക്കഴിഞ്ഞാൽ പിന്നാലെ വരുന്ന യുവതാരങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം എത്രത്തോളമായിരിക്കും. സൂര്യകുമാർ യാദവിന്റെ ഈ പ്രകടനം കൂടിയായതോടെ ഇന്ത്യയ്ക്ക് ഭയക്കാനൊന്നുമില്ല' ഗാവസ്‌കർ പറഞ്ഞു.
ഓപ്പണിങ് കൂട്ടുകെട്ടുകൾ തുടർച്ചയായ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യൻ നായകൻ വിരാട് കോലി ഓപ്പണറുടെ വേഷത്തിലെത്തിയത്. രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത കോലി ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ കോലി രോഹിത് സഖ്യം 94 റൺസാണ് അടിച്ചുകൂട്ടിയത്. അതും വെറും 54 പന്തിൽനിന്ന്. ഇരുവരും അർധസെഞ്ചുറിയും നേടി. രോഹിത് 34 പന്തിൽ 64 റൺസും കോലി 52 പന്തിൽ പുറത്താകാതെ 80 റൺസുമാണ് നേടിയത്.
ആദ്യ ട്വന്റി20യിൽ രാഹുൽ ശിഖർ ധവാൻ, രണ്ടാം ട്വന്റി20യിൽ രാഹുൽ ഇഷാൻ കിഷൻ, മൂന്നും നാലും ട്വന്റി20കളിൽ രാഹുൽ രോഹിത്... ഈ നാലു മത്സരങ്ങളിലുമായി ഓപ്പണർമാർ 30 റൺസ് മാത്രം സ്‌കോർ ചെയ്ത സ്ഥാനത്താണ് അഞ്ചാം ട്വന്റി20യിൽ കോലി രോഹിത് സഖ്യം 54 പന്തിൽ 94 റൺസടിച്ചത്.
സ്പോർട്സ് ഡെസ്ക്