മുംബൈ: ഐ.പി.എല്ലിൽ ഒൻപത് മത്സരങ്ങളിൽ എട്ടിലും ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ മിന്നുന്ന പ്രകടനത്തെയും നായകൻ ഹാർദിക്ക് പാണ്ഡ്യയേയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ.

ആദ്യമായി ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തെങ്കിലും നല്ല രീതിയിലാണ് ഹർദിക് പാണ്ഡ്യ ടീമിനെ നയിക്കുന്നത്. ചെറിയ പരിചയക്കുറവും പ്രഷർ സിറ്റ്‌വേഷനിൽ അൽപം അഗ്രസീവായി കാര്യങ്ങളെ സമീപിക്കുന്നതുമൊഴിച്ചാൽ ഹർദിക് ഒരു നല്ല ക്യാപ്റ്റൻ തന്നെയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്യാപ്റ്റൻ എന്ന ചുമതലയ്ക്ക് പുറമെ ഓൾറൗണ്ടറായും താരം ഐ.പി.എല്ലിൽ ആഞ്ഞടിക്കുന്നുണ്ട്. റൺവേട്ടക്കാരുടെ പട്ടികയിലും താരത്തിന് മുന്നേറാൻ കഴിഞ്ഞിരുന്നു.

ഹാർദിക്ക് ക്യാപ്റ്റനായപ്പോൾ വലിയ മാറ്റങ്ങൾ സംഭിവിച്ചെന്ന് പറയുകയാണ് സുനിൽ ഗാവസ്‌കർ. 2013ൽ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയപ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് രീതികളിൽ വന്ന മാറ്റം പോലെയാണ് ഗുജറാത്ത് നായകനായ ശേഷം ഹാർദിക്കിലുമുണ്ടായതെന്ന് ഗാവസ്‌കർ പറഞ്ഞു.

അന്ന് മുംബൈയുടെയും രോഹിതിന്റെയും മുഖം മാറ്റിയ തീരുമാനം ഗുജറാത്തിന്റെ കാര്യത്തിലും ഉണ്ടാകുമെന്ന് ഗാവസ്‌കർ പറഞ്ഞു.

'2013ലെ ഐ.പി.എല്ലിൽ രോഹിത് ആദ്യമായി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റടുത്തപ്പോൾ മനോഹരമായി അത് കൈകാര്യം ചെയ്ത രോഹിത് ശർമയെ ഞങ്ങൾ കണ്ടു. അതുപോലെയൊരു മാറ്റമാണ് ഹാർദിക്കിനും സംഭവിക്കുന്നത്. ബാറ്റിംഗിലും ഫിൽഡിംഗിലും അത് പ്രകടമായി കാണാൻ കഴിഞ്ഞു,' ഗാവസ്‌കർ പറഞ്ഞു.

ആദ്യം 5,6 സ്ഥാനങ്ങളിൽ സ്ഥിരമായി ഇറങ്ങിയ ഹാര്ദിക്ക് ഇപ്പോൾ 3,4 സ്ഥാനങ്ങളിൽ ഇറങ്ങി കൂടുതൽ ഉത്തരവാദിത്തം കാണിക്കുന്നുണ്ടെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യുന്ന ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ, സീസണിൽ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.

പുതിയ ഉത്തരവാദിത്തത്തിൽ വളരെ അധികം സന്തോഷം രേഖപ്പെടുത്തിയ ഹാർദിക്ക്, തനിക്കു 3ാം നമ്പറിൽ ബാറ്റുചെയ്യാനാണ് ഏറെ ഇഷ്ടമെന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. ടീം ഇന്ത്യയിൽ വിരാട് കോഹ്ലിയാണ് മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്നത്.

(മെയ് ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതിനാൽ നാളെ(01 05 2022) അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല - എഡിറ്റർ)