ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകൻ സുനിൽ ജെയിൻ കോവിഡ് ബാധിച്ചു മരിച്ചു. ഫിനാൻഷ്യൽ എക്സ്‌പ്രസ് മാനേജിങ് എഡിറ്ററും പ്രശസ്ത കോളമിസ്റ്റുമായ സുനിൽ ജെയ്‌നിന്റെ മരണവാർത്തയറിഞ്ഞ നടുങ്ങുകയാണ് മാധ്യമ ലോകം. ഡൽഹി എയിംസ് ആശുപത്രിയിൽ കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങൾക്കു ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ബിസിനസ് സ്റ്റാൻഡേഡ്, ഇന്ത്യൻ എക്സ്‌പ്രസ്, ഇന്ത്യ ടുഡേ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദം അടക്കം നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു.

നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ബിസിനസ് ജേണലിസ്റ്റ് ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയാണ് ഓക്‌സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും ഒരു മകനും ഉണ്ട്. മുൻ ടൈംസ് ഓഫ് ഇന്ത്യാ എഡിറ്ററായിരുന്ന ഗിരിലാൽ ജെയിന്റെ മകനാണ് സുനിൽ ജെയിൻ. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും ഹിന്ദു കോളേജിലുമാണ് പഠിച്ചത്. ഡൽഹിയിലെ സെന്റ് കൊളമ്പസിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.