തിരുവനന്തപുരം: ഇത് അഴിമതിക്കും ഇന്ത്യയിലെ അരാജകത്വത്തിനും എതിരായ തന്റെ ഒറ്റയാൻ സമരമാണെന്നും ആറ്റിങ്ങലിൽ മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിത്തന്നെയാണെന്നും സ്വതന്ത്ര സ്ഥാനാർത്ഥി സുനിൽ കൃഷ്ണൻ. പ്രമുഖ പത്രങ്ങളിൽ ഒന്നാം പേജിൽ ലക്ഷങ്ങൾ മുടക്കി അര പേജ് പരസ്യം നൽകി ശ്രദ്ധപിടിച്ചു പറ്റിയ യുവാവ് തനിക്ക് ജനങ്ങളുടെ മനഃശാസ്ത്രം നന്നായി അറിയാമെന്നും വിജയം ഉറപ്പാണെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇന്ന് നൽകിയ പത്രപ്പരസ്യത്തിൽ 3,85,000 പേർ തനിക്കൊപ്പം നിലകൊള്ളാമെന്നറിയിച്ച് പ്രതികരിച്ചെന്നാണ് സുനിൽ അവകാശപ്പെടുന്നത്. സാമൂഹിക മനശാസ്ത്രത്തിന്റെ അറിയപ്പെടുന്ന അളവുകോലുകൾ കൊണ്ട് വ്യാഖ്യാനിച്ച് വിലയിരുത്തിയ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയെന്നും ജനങ്ങളുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞാണ് പരസ്യം നൽകിയത്.

ഇത്തരത്തിൽ പരസ്യം നൽകുന്നതിന് തനിക്ക് പത്തുലക്ഷത്തില്പരം രൂപ ചെലവായെന്ന് സുനിൽ മറുനാടനോട് പറഞ്ഞു. നാടുനീളെ പോസ്റ്ററൊട്ടിച്ചു നടക്കുന്നതിനേക്കാൾ ഇതിന് ചെലവു കുറവാണ്. മാത്രമല്ല, എനിക്ക് അത്തരത്തിൽ പ്രചരണം നടത്താൻ സംവിധാനവും ആൾക്കാരുമില്ല. അതുകൊണ്ടാണ് പരസ്യം നൽകാൻ തീരുമാനിച്ചത്. അതു വിജയിച്ചതായാണ് പരസ്യത്തിൽ നൽകിയ നമ്പരിലേക്ക് വന്ന ഫോൺകോളുകളും സന്ദേശങ്ങളും. പിന്തുണയറിയിച്ച് നിരവധി പേർ ഇമെയ്‌ലും അയച്ചിട്ടുണ്ട് - സുനിൽ പറയുന്നു.

 എന്നാൽ ആദ്യ പരസ്യം നൽകിയശേഷം പലയിടത്തും ആൾക്കാർ പ്രചരണത്തിന് വിളിച്ചു. സഹായിക്കാമെന്നു പറഞ്ഞു. ജനങ്ങളുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഇവിടെയൊരു മാറ്റം വേണമെന്ന് നിരവധിപേർ ആഗ്രഹിക്കുന്നുണ്ട്. ഞാൻ ജയിക്കുമെന്നുറപ്പാണ്. പക്ഷേ, അതിനുശേഷവും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല. പിന്തുണ നൽകുകയുമില്ല. ആറ്റിങ്ങൽ മണ്ഡലത്തിൽ എംപിയെന്ന നിലയിൽ എന്തെല്ലാം ചെയ്തുകൊടുക്കാമോ അതെല്ലാം ചെയ്യും. മണ്ഡലത്തിൽ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രചരണം നടത്തിയപ്പോൾ കിട്ടിയ ജനപിന്തുണയുടെ ബലത്തിലാണ് ജയിക്കുമെന്ന് ഉറപ്പിക്കുന്നത്.

രാഷ്ട്രീയ പാർട്ടിയിൽ ചേരാനോ പുതിയ പാർട്ടിയുണ്ടാക്കാനോ ഞാനില്ല. കാരണം പാർട്ടിയുണ്ടായാൽ പിന്നെ ജനങ്ങളുടെ വികസനത്തിനു പകരം പാർട്ടിയുടെ വികസനവും ശക്തിപ്പെടലുമാകും അജണ്ട. മാത്രമല്ല പാർട്ടികളിൽ ചേർന്നാൽ അവരുടെ നയങ്ങൾ അനുസരിക്കേണ്ടിവരും. മത്സരിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല. മാസങ്ങൾക്കുമുമ്പേ തീരുമാനിച്ചുറപ്പിച്ചതാണിത്. സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ട്. - കേരള യൂണിവേഴ്‌സിറ്റിയിൽ മനശ്ശാസ്ത്ര പഠനം നടത്തുന്ന സുനിൽ പറയുന്നു.

ജനങ്ങളുടെ മനസ്സെന്താണെന്ന് എനിക്കറിയാം. കോഴ, ശുപാർശ, വർഗീയത തുടങ്ങിയവയ്‌ക്കെതിരെ ആയിരിക്കും എന്റെ നിലപാടുകൾ. രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും എനിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞ് വന്നിട്ടുണ്ട്. പക്ഷേ, ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് സമയം വളരെ കുറച്ചേ ലഭിച്ചുള്ളൂ. അല്ലെങ്കിൽ കൂടുതൽ വോട്ടുനേടുമെന്ന് ഉറപ്പിക്കാമായിരുന്നു. രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാലാണ് ജയപ്രതീക്ഷ. എല്ലാ പഞ്ചായത്തുകളിലും എത്തി പ്രചരണം നടത്താനായിട്ടുണ്ട്. മറ്റൊരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ജനം പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുന്നത്. ആറ്റിങ്ങലിൽ ഇത്തവണ 'നോട്ട' വരാൻ ചാൻസ് കുറവാണ്. അങ്ങനെ ആഗ്രഹിക്കുന്നവർ പോലും എനിക്ക് വോട്ടുചെയ്യും. പുതിയ വോട്ടുകൾ ഒരു ലക്ഷത്തില്പരമുണ്ട്. മൊത്തം വോട്ടർമാരിൽ ചെറുപ്പക്കാരാണ് കൂടുതൽ. അവരുടെയെല്ലാം വോട്ടു ലഭിക്കുമെന്നാണ് പ്രതീക്ഷ. - സുനിൽ പറഞ്ഞുനിർത്തുന്നു.