തിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിലെ അദ്ധ്യാപകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ആരോഗ്യ പ്രശ്‌നങ്ങളെന്ന് സൂചന. ഇടുപ്പെല്ലിലെ കശേരുക്കൾക്ക് തേയ്മാനം സംഭവിച്ചിരുന്നു. വേദന അടക്കിപിടിച്ചാണ് ജോലി ചെയ്തിരുന്നതെന്നാണ് സൂചന. ശസ്ത്രക്രിയ വിജയിക്കാത്തതിനാൽ കിടപ്പു രോഗിയാകുമോ എന്ന സംശയവും ഉണ്ടായിരുന്നു. ഭക്തിമാർഗ്ഗവും ഫലം നൽകിയില്ല. ഇതിനിടെ മരണാനന്ത ജീവിതത്തെ കുറിച്ചുള്ള പുസ്തകങ്ങളും സ്വാധീനിച്ചതായാണ് സൂചന.

കലശലായ വേദനയിലായിരുന്നു സുനിൽകുമാറിന്. 2004ൽ ഇതേ ലോ അക്കാഡമിയിൽ സുനിൽകുമാർ പഠിച്ചിരുന്നു. കൂട്ടുകാരുമായി അടുത്ത ബന്ധം സുക്ഷിച്ചിരുന്നു. അതിനിടെ മൊബൈൽ ഇനിയും കണ്ടെത്താനായിട്ടില്ല. തീപിടിച്ച് മൊബൈലും നശിച്ചുട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കാര്യമായ പ്രശ്‌നങ്ങളില്ലാത്ത സുനിൽകുമാർ എന്തിന് ആത്മഹത്യ ചെയ്‌തെന്ന സംശയം പൂർണ്ണമായും പൊലീസിന് ഇനിയും മാറിയിട്ടില്ല. ഇന്നലെ വൈകീട്ട് സുനിൽകുമാറിന്റെ സംസ്‌കാരം നടന്നു.

എപ്പോഴും ഉന്മേഷവാനായ അദ്ധ്യാപകൻ. കോളേജിലെ മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളുമായും അടുത്ത ബന്ധം. സുഹൃത്തുക്കൾക്ക് ഏറെ പ്രിയപ്പെട്ടവൻ. എല്ലാ കാര്യത്തിനും മുൻപന്തിയിലുള്ളയാൾ. സന്തോഷകരമായ കുടുംബ ജീവിതം. അതുകൊണ്ട് തന്നെ ആത്മഹത്യക്ക് കാരണമൊന്നും ഇല്ലെന്നായിരുന്നു നിഗമനം. ഇതിനിടെയാണ് അസുഖങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വരുന്നത്.

ലോ അക്കാദമിയിലെ 2004 ബാച്ച് വിദ്യാർത്ഥിയായിരുന്ന സുനിൽകുമാർ സഹപാഠികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അകലം പാലിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. അടുത്ത സുഹൃത്തുക്കളോട് പോലും പലപ്പോഴും സംസാരിച്ചിരുന്നില്ല. എന്നാൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ആർക്കും അറിയില്ല.

ആഭിചാരചിന്തകളോട് സുനിൽകുമാറിന് താത്പര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത സുഹൃത്തുക്കളോടും വിദ്യാർത്ഥികളോടും പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. നന്നായി വായിക്കുകയും, പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യപ്പെടുകയും ചെയ്യുന്ന പ്രകൃതമായിരുന്നു സുനിലിന്റേത്. ഇൻസ്റ്റഗ്രാമിൽ മരണത്തെ സൂചിപ്പിക്കുന്ന പോസ്റ്റുകളും സുനിൽ പങ്കുവച്ചിരുന്നു. അസുഖത്തെ കുറിച്ചുള്ള ആശങ്കയാകും ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച ഉച്ചയ്ക്കാണ് കോളെജ് ഗ്രൗഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് സുനിൽകുമാർ ആത്മഹത്യ ചെയ്തത്. ആരെങ്കിലും സുനിൽകുമാറിനെ വകവരുത്താനുള്ള സാധ്യത പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിന് സാഹചര്യമില്ലെന്നാണ് വിലയിരുത്തലും.