ന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാൽ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം വന്ന നിലവിളക്കു തേച്ചു കഴുകുക എളുപ്പമായിരുന്നില്ല. പൊതുവിൽ പുന്നക്കയെണ്ണയോട് ആർക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അന്നതിനു വിലക്കുറവുണ്ടായിരുന്നു കാണണം. അല്ലെങ്കിലത് അധികമാരും ഉപയോഗിക്കുമായിരുന്നില്ല.

മരോട്ടിയെണ്ണയും അക്കാലത്തു നിലവിളക്കിൽ ഉപയോഗിച്ചിരുന്നു. പുന്നക്കയെണ്ണയേക്കാൾ അല്പം ഭേദം എന്നു മാത്രം. അതിനു പച്ചനിറമുണ്ടായിരുന്നില്ല. എങ്കിലും, അതുപയോഗിച്ചു കഴിയുമ്പോൾ നിലവിളക്കിൽ പച്ചനിറം വന്നിരുന്നു, കുറഞ്ഞ തോതിലെങ്കിലും. അതിന്റെ വെളിച്ചത്തിനും കാര്യമായ പ്രകാശക്കൂടുതലുണ്ടായിരുന്നില്ല എന്നാണോർമ്മ.

ഇവയേക്കാളേറെ പ്രകാശിച്ചിരുന്നതു നല്ലെണ്ണ അഥവാ എള്ളെണ്ണയായിരുന്നു. അക്കാലത്ത് വിലക്കൂടുതലുള്ളൊരു 'ലക്ഷുറി ഐറ്റ'മായിരുന്നു, നല്ലെണ്ണ. അതുകൊണ്ടതു വിശേഷദിവസങ്ങളിൽ മാത്രം നിലവിളക്കിലുപയോഗിച്ചിരുന്നു. നല്ലെണ്ണയൊഴിക്കുന്നതിനു മുമ്പു നിലവിളക്കു നന്നായി തേച്ചു കഴുകി മിനുക്കിയിരിക്കും.

എള്ളെണ്ണയേക്കാൾ പ്രകാശത്തോടെ കത്തുന്നതു വെളിച്ചെണ്ണയാണെങ്കിലും, അക്കാലത്തു നിലവിളക്കിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതു കണ്ടിട്ടില്ല. വെളിച്ചെണ്ണ പെട്ടെന്നു കത്തുന്നതുകൊണ്ടും, അതിനന്നു താരതമ്യേന വിലക്കൂടുതലായിരുന്നതുകൊണ്ടും ആകാമത്. അതോടൊപ്പം, മുഖ്യ ഭക്ഷ്യ എണ്ണയുമായിരുന്നു, വെളിച്ചെണ്ണ. ആഹരിക്കാനുള്ളതെടുത്തെങ്ങനെ കത്തിച്ചു കളയും എന്നു വിചാരിച്ചും കാണും. ഇന്നിപ്പോൾ അതിന്റെ വില എള്ളെണ്ണയുടേതിനേക്കാൾ കുറവാണ്. വെളിച്ചെണ്ണ നല്ല പോലെ കത്തുമെന്ന ഗുണം മൂലമായിരിക്കണം, അതു ഡീസലോടൊപ്പം ചേർത്തു വാഹനങ്ങളോടിക്കാൻ തുടങ്ങിയിരിക്കുന്നത്.

കേരളീയരുടെ ആഹാരത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായ വെളിച്ചെണ്ണ വാഹനങ്ങളുടെ ഇന്ധനമായിത്തീർന്നാൽ ഭക്ഷ്യ ആവശ്യങ്ങൾക്കതു കിട്ടാനില്ലെന്നു വന്നേയ്ക്കാം. അനിയന്ത്രിതമായ വാഹനപ്പെരുപ്പമുള്ള കേരളത്തിൽ കേരളീയർ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയിലേയ്ക്കു തിരിയേണ്ടിയും വരും. എഞ്ചിനിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതു കൊണ്ടാവാം, വെളിച്ചെണ്ണ ഇവിടത്തെ വാഹനങ്ങളിൽ ഇന്ധനമായി വൻ തോതിൽ ഉപയോഗിക്കാൻ തുടങ്ങാത്തത്. അത്രയും നന്ന്!

പണ്ടു മുറികളിൽ വെളിച്ചത്തിനായി രാത്രി ഉപയോഗിച്ചിരുന്നത് 'അരിക്ക്ലാമ്പ്' എന്ന വിളിപ്പേരുണ്ടായിരുന്ന ഹറീക്കെയ്ൻ ലാമ്പ്, അഥവാ തൂക്കുവിളക്ക് ആയിരുന്നു. പിന്മുറികളിൽ ഓട്ടുവിളക്കുകളുപയോഗിച്ചു. മണ്ണെണ്ണയായിരുന്നു, അവയിലെ ഇന്ധനം. മണ്ണെണ്ണ അപകടകാരിയായതിനാലാവാം, അതൊരിക്കലും നിലവിളക്കിലുപയോഗിച്ചിരുന്നില്ല.

സമ്പന്നരല്ലാത്ത കുടുംബങ്ങളിലെ പതിവുകളാണു മുകളിൽ പരാമർശിച്ചിരിക്കുന്നത്. വൈദ്യുതിയില്ലാത്ത വീടുകളായിരുന്നു അന്നു കൂടുതലും. ഇന്നാകട്ടെ, ഞങ്ങളുടെ വില്ലേജിൽ സമ്പൂർണവൈദ്യുതവൽക്കരണം നടന്നിരിക്കുന്നു; വൈദ്യുതിയില്ലാത്ത വീടുകളില്ല. കറന്റു പോകുമ്പോൾ നിമിഷനേരം കൊണ്ട് എമർജൻസി ലാമ്പ് തെളിയുന്ന വീടുകളിന്നു ധാരാളം; ഇൻവേർട്ടർ ഉള്ളയിടങ്ങളുമുണ്ട്. ചിലയിടങ്ങളിൽ മെഴുകുതിരി തെളിയുന്നു. വിരളമായി ഓട്ടുവിളക്കും. പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും കാണുക പോലും ചെയ്യാത്തവരായിരിക്കും ഇന്നു കൂടുതലും.

വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളിൽ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വച്ചിരിക്കുന്നതു കണാറുണ്ട്. ട്യൂബ്ലൈറ്റിന്റെ പാൽവെളിച്ചം പരന്നിരിക്കുന്ന വരാന്തയിൽ കുറച്ചു നേരം നിലവിളക്കും തനിക്കാകുന്ന വിധം കത്തുന്നു. ബൾബു പോയി ട്യൂബ്ലൈറ്റു വന്നു. ട്യൂബ്ലൈറ്റ് സി എഫ് എല്ലിനു വഴി മാറിക്കൊടുത്തു. സീ എഫ് എല്ലിനെ എൽ ഈ ഡി പുറത്താക്കിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടും നിലവിളക്കിനു ഭ്രഷ്ട് സംഭവിച്ചിട്ടില്ല. എൽ ഈ ഡിയുടേതായ ആധുനികയുഗത്തെ പഴയ കാലവുമായി ബന്ധിപ്പിക്കുന്നൊരു 'ലിങ്ക്' ആയി നിലവിളക്കു തുടരുന്നു. പഴമയെ നാം പൂർണമായി മറന്നുപോകാതിരിക്കാൻ നിലവിളക്കു സഹായിക്കുന്നു.

ഭക്ഷിക്കാനുള്ളതല്ല എന്ന മുന്നറിയിപ്പോടു കൂടിയ ''വിളക്കെണ്ണ'' വാങ്ങാൻ കിട്ടും. വില കൂടിയ നല്ലെണ്ണയ്ക്കു പകരം, വില കുറഞ്ഞ വിളക്കെണ്ണയാണിപ്പോൾ നിലവിളക്കിൽ കൂടുതലും ഉപയോഗിക്കപ്പെടുന്നത്. പണം 'കത്തിച്ചു' കളയുന്നതു കഴിയുന്നത്ര കുറയട്ടെ എന്നു മിക്കവരും വിചാരിക്കുന്നുണ്ടാകും. ഉപയോഗശൂന്യമായ പാചക എണ്ണയാണു വിളക്കെണ്ണയെന്ന പേരിൽ വിൽക്കപ്പെടുന്നതെന്ന വാർത്ത ദൃഷ്ടിയിൽ പെട്ടിരുന്നു. അതു മൃഗങ്ങളുടെ അറവു മാലിന്യങ്ങളിൽ നിന്നുണ്ടാക്കുന്നതാണെന്ന അപശ്രുതിയും കേട്ടിരുന്നു. ഈ വാർത്തകളുടെ നിജസ്ഥിതി അറിയില്ല. കുപ്പിയിൽ ഭംഗിയായി പാക്കു ചെയ്തിരിക്കുന്ന, വൃത്തിയുള്ള വിളക്കെണ്ണ കാണുമ്പോൾ അതിൽ മാലിന്യങ്ങളുണ്ടെന്നു തോന്നാറില്ല. അതുകൊണ്ടു കൂടിയായിരിക്കണം, അപവാദങ്ങൾ പലതുമുണ്ടായിട്ടും, പലരുമതു വാങ്ങുന്നത്.

പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും ഇപ്പോൾ വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു. ഭൂരിഭാഗം കടകളിലും അവ വാങ്ങാൻ കിട്ടുമെന്നും തോന്നുന്നില്ല. മുകളിൽ സൂചിപ്പിച്ച പോലെ, എള്ളെണ്ണയാണിപ്പോൾ നിലവിളക്കു കത്തിക്കാനുപയോഗിച്ചു കാണാറ്. വിരളമായെങ്കിലും വെളിച്ചെണ്ണയും ഉപയോഗിക്കുന്നുണ്ടാകാം. രണ്ടും ഭക്ഷ്യഎണ്ണകളെന്ന നിലയിൽ ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരിക്കുന്നവയാണ്. ആഹരിക്കാനുള്ള എണ്ണകളാണവയെങ്കിലും, അവ രണ്ടും നിലവിളക്കിലുപയോഗിക്കുന്നതു മനസ്സിലാക്കാം; വൃത്തിയും തൃപ്തിയുമുള്ള എന്തെങ്കിലും വേണമല്ലോ, നിലവിളക്കിലൊഴിക്കാൻ. പക്ഷേ, മനസ്സിലാക്കാനാകാത്തതു നിലവിളക്കിലെന്തിനു നെയ്യുപയോഗിക്കുന്നൂ എന്നതാണ്.

ശബരിമലയിൽ നെയ്വിളക്കു തെളിയിച്ചു എന്നൊരു വാർത്ത ചാനലുകളിലുണ്ടായിരുന്നു. എള്ളെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം നിലവിളക്കിൽ നെയ്യൊഴിച്ചു കത്തിച്ചുവത്രേ! ശബരിമലയിൽ മാത്രമല്ല, മറ്റു പല ക്ഷേത്രങ്ങളിലും നിലവിളക്കു തെളിയിക്കുന്നതു നെയ്യൊഴിച്ചായിരിക്കാം; വിശേഷദിവസങ്ങളിലെങ്കിലും.

പക്ഷേ, വിളക്കു തെളിയിക്കാൻ നെയ്യുപയോഗിക്കുന്ന പതിവ് അവസാനിപ്പിക്കണം എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. നെയ്യിന്റെ ഉയർന്ന വില തന്നെ കാരണം. 200 ഗ്രാം മിൽമ നെയ്യിന്റെ വില 102 രൂപയാണ്. ഈ നിരക്കിൽ ഒരു കിലോവിന് അഞ്ഞൂറിനടുത്തു വില വരുമെന്ന് അനുമാനിക്കാം. എള്ളെണ്ണ ഒരു ലിറ്ററിന് 155 രൂപയേ ഉള്ളൂ. കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില 130 രൂപ മാത്രം. എള്ളെണ്ണയുടേയും വെളിച്ചെണ്ണയുടേയും വിലകളുടെ മൂന്നിരട്ടിയിലേറെയാണു നെയ് വില.

മൊത്ത ആഭ്യന്തരോല്പാദനത്തെ അടിസ്ഥാനമാക്കി ഇന്റർനാഷണൽ മോണറ്ററി ഫണ്ട് തയ്യാറാക്കിയിരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ റാങ്ക് ലിസ്റ്റിൽ ഏഴാമതായി നാമുയർന്നിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, ഇവിടത്തെ സാമാന്യജനത സമ്പന്നരായിത്തീർന്നിട്ടില്ല. ഒരു ദിവസം 84 രൂപ (ഒന്നേകാൽ ഡോളർ) പോലും കിട്ടാത്ത 27 കോടി ജനങ്ങൾ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കേരളത്തിലെ സ്ഥിതി താരതമ്യേന അല്പം മെച്ചമാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളിലെ ജനതയുടെ സ്ഥിതിയിപ്പോഴും പരിതാപകരമാണെന്നതിനു തെളിവുകളേറെ. കേരളത്തിൽപ്പോലും, നെയ്യ് പതിവുഭക്ഷണത്തിലെ ഒരു സ്ഥിരം ഇനമാക്കാൻ കഴിയാത്ത കുടുംബങ്ങൾ ഏറെയുണ്ടാകും.

രാജ്യത്തെ അഞ്ചിലൊന്നു ജനത സമ്പന്നതയിൽ നിന്നു ബഹുകാതമകലെ, അതിജീവനത്തിനായി തത്രപ്പെടുമ്പോൾ, അഞ്ഞൂറു രൂപയുടെ നെയ്യ് വിളക്കിലൊഴിക്കാനുപയോഗിക്കുന്നതു ധാരാളിത്തമാണെന്നു തന്നെ പറയണം. സാമാന്യജനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിളക്കിൽ നെയ്യിനു പകരം എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിക്കുകയും, അതുമൂലം മിച്ചം വയ്ക്കാനാകുന്ന തുക ശബരിമലയിലെത്തുന്ന ഭക്തസഹസ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്താൽ, ശ്രീഅയ്യപ്പൻ കൂടുതൽ പ്രസാദിക്കുകയേ ഉള്ളൂ, തീർച്ച.