അഭയ കേസിലെ മുഖ്യ സാക്ഷി രാജുവിന്റെ മൊഴിയെ നീതി വാക്യമെന്ന് വിശേഷിപ്പിച്ച് പ്രശസ്ത സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം. വർഷങ്ങൾക്കൊടുവിൽ വിധി പ്രഖ്യാപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീതിവാക്യം എന്ന തലക്കെട്ടോടെ രാജുവിന്റെ പ്രസ്താവന ഫേസ്‌ബുക്കിൽ പങ്കുവെക്കുകയായിരുന്നു സുനിൽ പി. ഇളയിടം.

സുനിൽ പി. ഇളയിടത്തിന്റെ പോസ്റ്റ് ഇങ്ങനെ..

നീതിവാക്യം:
'3 സെൻറ് കോളനിയിലാ ഞാൻ താമസം.
എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എന്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്.......'
അടയ്ക്കാ രാജു

നീതിവാക്യം: '3 സെൻറ് കോളനിയിലാ ഞാൻ താമസം. എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന്...

Posted by Sunil Elayidom on Tuesday, December 22, 2020

 

കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവൽ വാഗ്ദാനം ചെയ്തതായി പ്രൊസിക്യൂഷൻ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയതാണ് നിർണ്ണായകമാണ്. ഈ മൊഴി എടുക്കലിൽ ചർച്ചയായത് കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളാണ്.

അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ. പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്. പ്രത്യേക സിബിഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറയുന്നത്. സിബിഐക്കുവേണ്ടി പബ്ളിക് പ്രൊസിക്യൂട്ടർ എം. നവാസ് ഹാജരായി.

കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടിയത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. ഇത് കേസിൽ അതിനിര്ണ്ണായകമായി. പ്രതികൾക്ക് ശിക്ഷയും കിട്ടി.