മസ്‌കത്ത്: ഒമാനിലെ ഖാബുറയിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 40 വയസായിരുന്നു പ്രായം.

ഖാബൂറയിലെ താമസസ്ഥലത്ത് ശനിയാഴ്ച വൈകുന്നേരമാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടത്തെിയത്. മരണകാരണം വ്യക്തമല്ല. സുനിലും ബന്ധുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ശനിയാഴ്ച ജോലിക്കുപോയ ബന്ധു തിരികെ വന്നപ്പോഴാണ് മൃതദേഹം കണ്ടത്തെിയത്. നേരത്തെ സുനിലും സുഹൃത്തും ഒരുമിച്ച് ഗാരേജ് നടത്തിയിരുന്നു. രണ്ടുമാസം മുമ്പ് സുഹൃത്ത് മരിച്ചതിനെ തുടർന്ന് ഗാരേജ് അടച്ചിട്ടിരിക്കുകയാണ്.

ഇതിനോടുചേർന്ന് തന്നെയായിരുന്നു ഇവരുടെ താമസവും. ഗാരേജ് അടച്ചശേഷം സുനിൽ പുറത്ത് ജോലി ചെയ്തുവരുകയായിരുന്നു. എട്ടുവർഷമായി ഒമാനിലുള്ള സുനിൽ ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. രാധികയാണ് ഭാര്യ. മക്കൾ: അമ്പാടി, അർജുൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.