- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
ചെന്നൈ: ബ്രിസ്ബെനിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ രാജപദവി നിലനിർത്തി. അപ്പോഴും ഫാസ്റ്റ് ബൗളിങ്ങിൽ ഓസീസ് കരുത്ത് തെളിഞ്ഞു നിന്നു. ഇന്ത്യയുടെ വേഗത കരുത്തും അതിന് ഒപ്പം തന്നെ നിന്നുവെന്നതാണ് വസ്തുത. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിലും ഇന്ത്യയ്ക്ക് മികവ് കാട്ടാനാകുന്നത്. ഇതിന് കാരണം ചെന്നൈയിലെ എം ആർ എഫ് ക്രിക്കറ്റ് അക്കാദമിയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വേഗതയുടെ പ്രതിഭകളെ നൽകിയ സ്ഥാപനം. ഡെന്നീസ് ലില്ലിയിലൂടെ ഗ്ലെൻ മഗ്രാത്തിൽ എത്തി നിൽക്കുന്ന പരിശീലന കേന്ദ്രം.
ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടത്തിന്റെ കഥയാണ് കുളത്തൂപ്പുഴക്കാരൻ സുനിൽ സാമിന് പറയാനുള്ളത്. കേരളത്തിന്റെ അതിർത്തിയിൽ നിന്ന് പേസ് കളിച്ചു വളർന്ന സുനിൽ, ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ സഹായിയായി ഇന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിലുണ്ട്. മഗ്രാത്താണ് മുഖ്യ പരിശീലകൻ. ഈ മലയാളി സഹ പരിശീലകനും. പ്രശാന്ത് ചന്ദ്രനായിരുന്നു അസിസ്റ്റന്റ് കോച്ച്. ദീർഘകാലം ഈ പദവി വഹിച്ച പ്രശാന്ത് സ്ഥാനമൊഴിഞ്ഞു പകരക്കാരനായെത്തുകയായിരുന്നു അപ്പോൾ സുനിൽ സാം. സമാനതകളില്ലാത്ത ക്രിക്കറ്റ് കരിയറാണ് ഈ കുളത്തൂപ്പുഴക്കാരന്റേത്. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച മലയാളി. ഗോഡ് ഫാദർമാരില്ലാത്തതു കൊണ്ട് മാത്രം വലിയ നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതാനാകാത്ത പ്രതിഭ.
ഇന്ത്യയിൽ പേസ് ബൗളർമാർക്ക് പുതിയ മേൽവിലാസമുണ്ടാക്കിയത് എംആർഎഫ് പേസ് ഫൗണ്ടേഷനാണ്. കൂടുതൽ മികവുള്ള പേസ് ബൗളർ ഉണ്ടായപ്പോൾ വിക്കറ്റുകളും പച്ചപ്പുള്ളതായി. ജീവനുള്ള പിച്ചിൽ പേസ് ബൗളിങിനെ നേരിട്ട് കൂടുതൽ മികച്ച ബാറ്റ്‌സ്മാന്മാരുമുണ്ടായി. ഓസ്‌ട്രേലിയയിൽ ചരിത്ര ജയം അജിങ്ക രഹാനയും കൂട്ടരും നേടുമ്പോൾ ആറ് മുൻ നിര താരങ്ങളാണ് ടീമിൽ നിന്ന് വിട്ടു നിന്നത്. എന്നിട്ടും ഇന്ത്യ ജയിച്ചു. ഇതിന് കാരണം പേസ് ബൗളിങ്ങിലെ മികവിനൊപ്പം അവരെ നേരിടാൻ ഇന്ത്യൻ താരങ്ങൾ പഠിച്ചതുമാണ്. അതു തന്നെയാണ് എംആർഎഫ് ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവന. അത്തരത്തിലൊരു അക്കാദമിയിലാണ് മലയാളിയുടെ നിയോഗം വീണ്ടുമെത്തുന്നത്.
കുളത്തൂപുഴയിൽ ക്രിക്കറ്റ് കളിയുമായി നടന്ന സുനിൽ കോയമ്പത്തൂരിൽ പഠനത്തിന് എത്തിയതോടെയാണ് ശ്രദ്ധേയനാകുന്നത്. കോയമ്പത്തൂരിലെ ക്രിക്കറ്റു കളിൽ അവിടെ സുനിൽ സാമിനെ പ്രശസ്തനായി. പിന്നീട് അതിവേഗം ചെന്നൈയിലേക്ക്. ചെന്നൈ ലീഗിലെ പ്രകടനങ്ങൾ എത്തിച്ചത് എം ആർ എഫ് പേസ് അക്കാഡമിയിലും. അക്കാഡമിയിലെ പരീശീലനം സുനിൽ സാമിന്റെ പന്തുകളുടെ മൂർച്ഛ കൂട്ടി. ലീഗിൽ ഏവും ശ്രദ്ധിക്കപ്പെട്ടു. എംആർഎഫിന് വേണ്ടിയുള്ള പ്രകടനം തമിഴ്‌നാട് സെലക്ടർമാരുടെ കണ്ണിലെത്തി. അങ്ങനെ താരനിബിഡമായ തമിഴ്‌നാട് രഞ്ജി ട്രോഫി ടീമിൽ സുനിൽ സാമിനെ എത്തിച്ചു. ഐപിഎൽ ക്രിക്കറ്റിന്റെ ഗ്ലാമറിലേക്ക് കടക്കാതെ ക്രിക്കറ്റിന്റെ സൗന്ദര്യത്തിനൊപ്പം പന്തെറിയാനായിരുന്നു സുനിൽ സാമിന് തുടക്കത്തിൽ താൽപ്പര്യം.
അതുകൊണ്ട് തന്നെ ഡൽഹി ടീമിൽ നിന്ന് കിട്ടിയ അവസരം അടക്കം വേണ്ടെന്ന് വച്ചു. നാല് കൊല്ലത്തോളം തമിഴ്‌നാട് ടീമിന്റെ ഭാഗമായി. രഞ്ജി ട്രോഫിയിലും വിജയ് ഹസാര ട്രോഫിയിലും എല്ലാം തമിഴ്‌നാടിന് വേണ്ടി കുപ്പായം അണിഞ്ഞു. ഇതിനൊപ്പം എംആർഎഫിന്റെ നെടുത്തൂണായി മാറുകയും ചെയ്തു. ഡെന്നിസ് ലീല്ലിയുടെ കാലം കഴിഞ്ഞ് പരിശീലനത്തിന്റെ ചുമതല ഗ്രെൻ മഗ്രാത്തിന് സ്വന്തമായി. ടീമിന്റെ ചീഫ് കോച്ചായി മഗ്രാത്ത മാറിയതിന് പിന്നാലെ പ്രശാന്ത് ചന്ദ്രൻ ചുമതലകൾ ഒഴിഞ്ഞു. പകരമായി ഗ്ലെൻ മഗ്രാത്ത് കണ്ടെത്തിയത് സുനിൽ സാമിനെയാണ്.
പന്തെറിയുന്നതിൽ മികച്ച അച്ചടക്കവും ആക്ഷനിലെ കൃത്യതയുമാണ് സുനിൽ സാമിന്റെ പ്രത്യേകതകൾ. തമിഴ്‌നാട് ടീമിന്റെ ഭാഗമായിരുന്ന സുനിലിനെ മുമ്പൊരിക്കൽ കേരളാ ടീമിലേക്ക് പരിഗണിക്കുകയും ചെയ്തു. എന്നാൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പ് സമവാക്യങ്ങൾ സുനിലിന് എതിരായി. പരിക്കുകളും വില്ലനായി എത്തി. അപ്പോഴും എം ആർ എഫിൽ തന്നെ അടിയുറച്ചു നിൽക്കുകയായിരുന്നു സുനിൽ. ഇതിനുള്ള അംഗീകരാമാണ് രാജ്യത്തെ ഒന്നാം നമ്പർ പേസ് അക്കാദമിയിലെ സഹപരിശീലക സ്ഥാനം.
ക്രിക്കറ്റ് പരിശീലന രംഗത്ത് ചരിത്രം കുറിച്ച എം.ആർ.എഫ് - ക്രിക്കറ്റ് ഓസ്ട്രേലിയ കൂട്ടുകെട്ടിന് ഇരുപത്തിയെട്ട് കൊല്ലത്തെ പഴക്കമുണ്ട്. പേസ് ബോളിങ്ങിൽ മികച്ച പരിശീലന പരിപാടികളുമായി മുന്നോട്ട് പോകാനാണ് അക്കാദമിയുടെ തീരുമാനം. മികച്ച ഫാസ്റ്റ് ബൗളർമാരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.ആർ.എഫ് പേസ് ഫൗണ്ടേഷൻ ആരംഭിക്കുന്നത്. 1992 ൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള സഹകരണം തുടങ്ങി. ഒട്ടേറെ താരങ്ങൾ പേസ് ബൗളിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ കാരണമായി
കൂട്ടുകെട്ടിന്റെ ആദ്യ ഗുണഭോക്താക്കളിൽ ഒരാളാണ് ഓസ്ട്രേലിയൻ താരം മഗ്രാത്ത്. ഇന്ത്യൻ പിച്ചുകളിൽ പരിശീലിച്ചാൽ ലോകത്ത് എവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്ന് മഗ്രാത്ത് പറയുന്നു. ബ്രെറ്റ് ലീ, മിച്ചൽ ജോൺസൻ, ജോഷ് ഹേസൽവുഡ്, സഹീർ ഖാൻ, ഷുഐബ് അക്തർ, വരുൺ ആരോൺ, ശ്രീശാന്ത് എന്നിവരെല്ലാം എം.ആർ.എഫ് - ക്രിക്കറ്റ് ഓസ്ട്രേലിയ സഹകരണത്തിന്റെ ഗുണം ലഭിച്ചവരാണ്. കേരളത്തിന്റെ ആദ്യ ടെസ്റ്റ് ബൗളർ ടിനു യോഹന്നാനും ആ അക്കാദമിയുടെ കണ്ടെത്തലാണ്.
കേരളാ ടീമിലെ നിലവിലെ പേസ് ബൗളർമാരിൽ പലരും എംആർഎഫ് വാർത്തെടുത്ത പ്രതിഭകളാണ്. കെ എം ആസിഫും സന്ദീപ് വാര്യരുമെല്ലാം ഈ ശിക്ഷണത്തിൽ വളർന്നവരാണ്. അതുകൊണ്ട് തന്നെ എംആർഫ് അക്കാദമിയിൽ സഹപരിശീലകനായി മലയാളി എത്തുന്നത് കേരളാ ക്രിക്കറ്റിനും ഗുണപരമായി മാറും.
മറുനാടന് മലയാളി ബ്യൂറോ