സന്നിധാനം: സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഭക്തരെ 12 മണിക്കൂറിൽ കൂടുതൽ തങ്ങാൻ പൊലീസ് അനുവദിക്കാത്ത അവസരത്തിൽ ഒരു ഭക്തന് മാത്രം ഇളവ് നൽകി സന്നിധാനത്ത് തുടരാൻ പൊലീസ് ഒത്താശ ചെയ്യുന്നു. നട തുറന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ കനത്ത സുരക്ഷാ സംവിധാനങ്ങളിൽ വിലസുകയാണ് ഈ ഭക്തൻ. മറ്റാരുമല്ല ദർശന ദല്ലാൾ എന്നറിയപ്പെടുന്ന സുനിൽ സ്വാമിയാണ് പൊലീസ് നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് സന്നിധാനത്ത് തുടരുന്നത്. ക്രമസമാധാനത്തിനുള്ള മുൻകരുതലിനായിട്ടാണ് ഭക്തരെ ഒഴിപ്പിക്കുന്നത് എന്ന് പൊലീസ് പറയുമ്പോഴും സുനിൽ സ്വാമിക്ക് എന്തുകൊണ്ടാണ് പ്രത്യേക പരിഗണന കൊടുക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്. ഇരുമുടി കെട്ടുമേന്തി വരുന്ന ഭക്തരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്ന ഉത്സാഹമൊന്നും സുനിൽ സ്വാമിയെ പുറത്താക്കാൻ കാണിക്കുന്നില്ല.

എന്നാൽ സാധാരണ ഭക്തരെ ദ്രോഹിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്നുമില്ല. ദർശനം കഴിഞ്ഞ് ഇറങ്ങുന്ന ഭക്തരെ വേഗം തന്നെ മല ഇറക്കുകയാണ് പൊലീസ്. ഐഡി കാർഡുകൾ കൈവശമില്ലാത്ത ഭക്തരെ ഒരു കാരണവശാലും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നുമില്ല. യുദ്ധ സമാനമായ രീതിയിലാണ് ശബരിമലയിലെ സ്ഥിതി ഗതികൾ. ഈ സാഹചര്യത്തിൽ പോലും സന്നിധാനത്ത് വിഹരി ക്കുന്ന സുനിൽ സ്വാമിയെ പുറത്താക്കാൻ പൊലീസ് തയ്യാറാകുന്നില്ല. സുനിൽ സ്വാമി സന്നിധാനത്ത് തുടരുന്നതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. പൂജാ സമയങ്ങളിൽ മേൽശാന്തിമാർക്കും മറ്റും ഒപ്പം സന്നിധാനത്തിന്റെ മുക്കിലും മൂലയിലും വിലസും. നീണ്ട മുടിയും താടിയും വെള്ള മുണ്ടും മേൽമുണ്ടുമിട്ട് നടക്കുന്നത് കാരണം സന്നിധാനത്തെ പ്രധാനപ്പെട്ട ആരോ ആണെന്ന് പലരും തെറ്റിദ്ധരിക്കും. ഇത് മുതലാക്കി പലരെയും ചൂഷണം ചെയ്യുകയാണ് ഇയാളുടെ പ്രധാന പരിപാടി.

സന്നിധാനത്ത് സുനിൽ സ്വാമി എവിടെയാണ് താമസിക്കുന്നതെന്നതിനെ കുറിച്ചും ദുരൂഹമുണ്ട്. സർക്കാർ ഗസ്റ്റ് ഹൗസിലാണ് താമസമെന്നാണ് സൂചന. എന്നാൽ ഗസ്റ്റ് ഹൗസും മറ്റും തീർത്ഥാടകർക്ക് അനുവദിക്കുന്നതിൽ വലിയ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 12 മണിക്കൂറിൽ അധികം ആർക്കും മറു നൽകരുതെന്നാണ് നിബന്ധനം. ഈ സാഹചര്യത്തിൽ സുനിൽ സ്വാമി എവിടെയാണ് അനധികൃതമായി തങ്ങുന്നതെന്ന ചർച്ചയും സജീവമായി ഉയരുന്നുണ്ട്. ഇതൊക്കെ എങ്ങനെ സുനിൽ സ്വാമിക്ക് മാത്രം സാധ്യമാകുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. മുറിയില്ലാതെ എങ്ങനെ ഇത്രയും ദിവസം ഒരാൾ സന്നിധാനത്ത് തങ്ങുമെന്ന ചോദ്യത്തിനും ബന്ധപ്പെട്ടവർക്ക് ആർക്കും ഉത്തരമില്ല. ഇതോടെ സുനിൽ സ്വാമിയുടെ സന്നിധാനത്തെ നിൽപ്പ് പുതിയ വിവാദങ്ങൾക്കും കാരണമാകുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി പൂർണമായും ഇടതു മുന്നണിയുടെ കൈയിലാണിപ്പോൾ. എന്നിട്ടും ദർശന ദല്ലാൾ സുനിൽ സ്വാമിയെ സന്നിധാനത്ത് നിന്ന് പടിയിറക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. മറ്റൊരു മണ്ഡലകാലത്തിനായി നട തുറന്നതോടെ സന്നിധാനത്ത് സുനിൽ സ്വാമിയുടെ വാഴ്ചയും ആരംഭിച്ചു. സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വരുന്നതിനും മുൻപ് സന്നിധാനത്ത് യൗവനയുക്തകൾ ദർശനം നടത്തിയെന്ന് ആരോപണം ഉണ്ടായപ്പോൾ, ഇത്തരക്കാരെ നിയന്ത്രിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. എന്നാൽ, ഒന്നും തന്നെ നടന്നില്ലെന്നു മാത്രമല്ല, സുനിൽ സ്വാമി അടക്കമുള്ളവർ ഇപ്പോഴും പടി വാഴുകയാണ്. നട തുറക്കുമ്പോൾ തന്നെ സുനിൽ സ്വാമി സോപാനത്ത് സ്ഥാനം പിടിക്കും. പിന്നെ കാര്യങ്ങളെല്ലാം അദ്ദേഹമാകും നിയന്ത്രിക്കുക. അതിനിടയിൽ തനിക്ക് വേണ്ടപ്പെട്ടവർക്ക് ദർശനവും തരപ്പെടുത്തും.

സുനിൽ സ്വാമിയുടെ ആളുകളെ തടയരുതെന്ന് പൊലീസിന് ആഭ്യന്തരവകുപ്പിൽ നിന്ന് തന്നെ നിർദ്ദേശമുണ്ട്. 2009 ൽ അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരനാണ് സുനിൽ സ്വാമി എന്നറിയപ്പെടുന്ന കൊല്ലം സ്വദേശിയായ വ്യവസായിക്ക് സോപാനത്ത് കൂച്ചുവിലങ്ങിട്ടത്. നിയമപരമായി തന്നെ പക്ഷേ, സുനിൽ സ്വാമി അത് മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സുനിൽ സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും ഇത് തുടരുകയാണ്. എന്നാൽ ഒരു തീർത്ഥാടകരേയും 12 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നില്ല. ഗണപതി ഹോമത്തിനുള്ള ടിക്കറ്റുമായി വന്ന സുരേന്ദ്രനേയും തടഞ്ഞു. ഇതാണ് സ്ഥിതിയെന്ന് ഇരിക്കെയാണ് സുനിൽ സ്വാമിയുടെ വാഴ്ച.

ശബരിമലയിൽ ഭക്തർക്ക് വിരിവയ്ക്കാൻ പോലും അനുവാദം പൊലീസ് നൽകുന്നില്ല. എന്നാൽ സുനിൽ സ്വാമിക്ക് ദർശന സൗകര്യമൊരുക്കാൻ എല്ലാം പൊലീസ് ചെയ്തു കൊടുത്തിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ കാരണം ആൾതിരക്ക് കുറഞ്ഞതോടെ എല്ലാം സുനിൽ സ്വാമിക്ക് സൗകര്യ പ്രദമായി. എല്ലാ പൂജകളും തിരക്കില്ലാതെ തൊഴാൻ സുനിൽ സ്വാമിക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവർ പ്രതിഷേധത്തിലാണ്. കൊല്ലത്തെ അറിയപ്പെടുന്ന വ്യവസായിയാണ് സുനിൽ സ്വാമി. പാലക്കാടുകാരനായ സുനിൽ സ്വാമിയെ ശബരിമലയിലെ ഇടപെടലുകളാണ് ശ്രദ്ധേയനാക്കുന്നത്. ഇവിടെ നിന്ന് ലഭിച്ച ബന്ധങ്ങളിലൂടെയാണ് സുനിൽ സ്വാമി വളർന്ന് പന്തലിച്ചതെന്ന ആരോപണവും ശക്തമാണ്. ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന ജ്യൂഡീഷ്യൽ ഓഫീസർമാർക്ക് പോലും സുനിൽ സ്വാമിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നതാണ് വസ്തുത.

കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരെല്ലാം അടുത്ത സുഹൃത്തുക്കൾ. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു. ഇതോടെ സുനിൽ സ്വാമിക്ക് കൂടും കുടുക്കയുമായി ഇറങ്ങേണ്ടി വന്നു.

ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.അങ്ങനെ സുനിൽ സ്വാമി വീണ്ടും സോപാനത്തിന് മുന്നിലെ സ്ഥിരം കുറ്റിയായി. മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു. സുനിൽ സ്വാമി ദർശന ദല്ലാളാണെന്ന് സന്നിധാനത്തെ പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർക്ക് സോപാനത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി നൽകുന്നത് സുനിൽ സ്വാമിയാണെന്ന് ആരോപണമുണ്ട്. എപ്പോൾ നട തുറന്നാലും സുനിൽ സ്വാമി സോപാനത്തുണ്ടാകും. ചടങ്ങുകളിൽ പരികർമിയെപ്പോലെ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഭരണസമിതികളും ദേവസ്വം കമ്മിഷണർമാരും മാറി വന്നെങ്കിലും സുനിൽ സ്വാമിയെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല.

ഇത്തവണയും മാറ്റമൊന്നുമില്ല. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. അയ്യപ്പ സന്നിധിയിലെ എല്ലാ പൂജകളും തൊഴാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രിയങ്കരൻ. ശബരിമലയിലെ സെക്യൂരിറ്റിക്കാർ മുതൽ എക്സിക്യൂട്ടീവ് ഓഫീസർവരെയുള്ളവർക്കും പ്രിയങ്കരൻ. സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നതെന്നും ആരോപണമുണ്ട്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.

ഒന്നും ശബരിമലയിൽ നിന്ന് കൊണ്ട് പോവുന്നുമില്ല. മറ്റ് വ്യവസായ താൽപ്പര്യവുമില്ല. മാളികപ്പുറത്തിനടുത്ത് ആറ് കോടി രൂപ മുടക്കി ഭക്തർക്കായി അന്നദാന മണ്ഡപം പണി കഴിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നു. അന്നദാന മണ്ഡപമെന്നത് നടക്കാത്ത സ്വപ്നമായി ശബരിമല മാസ്റ്റർ പ്ലാൻ വികസന സമിതിക്ക് മാറിയപ്പോൾ രക്ഷകനായി സുനിൽ സ്വാമിയെത്തുകയായിരുന്നു. സ്പോൺസർഷിപ്പിൽ ആ നിർമ്മാണ പ്രവർത്തനം സുനിൽ സ്വാമി തന്നെ ഏറ്റെടുത്തു. ഇത്തരം ശബരിമല വികസനത്തിലെ നിർണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമാണ് സുനിൽ സ്വാമി. കൊല്ലത്തുകാര നെന്ന് എല്ലാവരും വിളിക്കുന്ന സുനിൽ സ്വാമിയുടെ യഥാർത്ഥ വീട് പാലക്കാട് ചെർപ്പുളശേരിയിൽ ആണെന്നതാണ് വസ്തുത. കശുവണ്ടി ബിസിനസ്സാണ് സുനിൽ സ്വാമിയുടെ വ്യവസായ മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്.

ബാബറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസ്വം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടാകൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരിക്കും. വർഷങ്ങൾക്ക് മുമ്പ് കെരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് ഒന്നും സംഭവിച്ചില്ല. കൊടിമര ദേവപ്രശ്ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സസ്പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

എന്നും എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല. ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.

എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകുമെന്നാണ് ആരോപണം. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും.