വിശ്വാസത്തെയും വിശ്വാസികളെയും ആരാധനാലയങ്ങളെയും തകർക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ഗൂഢാലോചനയാണോ ഇത് ?പാണന്മാർ പാടി നടക്കുന്നത് കമ്മ്യൂണിസ്റ്റുകാരും ഫെമിനിസ്റ്റുകളും So-called pseudo left liberals ഉം ഇടത് തീവ്രവാദികളുമാണ് ശബരിമലയെ തകർക്കുന്നത് എന്നാണ്. സത്യമെന്താണെന്നു നമുക്കൊന്ന് നോക്കാം.

1951 ലാണ് ശബരിമലയിൽ 10 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കരുതെന്നു തിരുവിതാം കൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കുന്നത്. 1952ലാണ് ബോർഡ് സെക്രട്ടറിയെ പിന്തുണച്ച് ക്ഷേത്രധികാരിയുടെ വിളംബരം ഉണ്ടാകുന്നത്.1965ലെ കേരള ഹിന്ദുആരാധനാലയ പ്രവേശനാധികാര ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് പ്രകാരമാണ് ആർത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തിൽ വിലക്കിയത്.

ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രത്തിൽ വന്നു.ശബരിമലയിൽ ചിലർക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നു ഒരു ചങ്ങനാശ്ശേരിക്കാരൻ കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബർ 24ന് ഒരു ഹർജി സമർപ്പിച്ചു.

അതിനെ തുടർന്ന് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു പറഞ്ഞ് 1991 ഏപ്രിൽ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നു.ശബരിമല സന്ദർശിച്ചെന്നും വിഗ്രഹം സ്പർശിച്ചെന്നുമുള്ള നടി ജയമാലയുടെ വെളിപ്പെടുത്തൽ ഉണ്ടായി. സ്ത്രീകൾ ശബരിമലയിൽ കയറുന്നുണ്ടെന്ന് ചർച്ചകളും സംശയങ്ങളും ഉയർന്നു.2006 ൽ ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു .സ്വാഭാവികമായും കേസ് നടക്കുമ്പോൾ കോടതിയിൽ സർക്കാരുകൾ നിലപാട് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. കേസിൽ എൽ.ഡി.എഫ് സർക്കാറും യു.ഡി.എഫ് സർക്കാറും രണ്ട് നിലപാടാണ് സ്വീകരിച്ചത്.

2007 നവംബർ 13 ന് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാടെന്ന് വി എസ്.അച്യുതാനന്ദൻ സർക്കാർ കോടതിയെ അറിയിച്ചു.വി എസ് അച്യുതാനന്ദൻ സർക്കാറിൽ നിന്നും വിരുദ്ധമായ നിലപാടായിരുന്നു 2016 ഫെബ്രുവരി 5ന് ഉമ്മൻ ചാണ്ടി സർക്കാറിന്റെത്. സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നായിരുന്നു സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.ശബരിമലയിലെ ആചാരങ്ങളേയും വിശ്വാസങ്ങളേയും മാനിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.പിണറായി വിജയൻ സർക്കാർ രണ്ട് നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന നിലപാടിൽ തന്നെയാണ് സർക്കാറുള്ളതെന്ന് അഭിഭാഷകൻ വി.ഗിരി കോടതിയെ അറിയിച്ചു.തുടർന്ന് 2016 നവംബർ 7ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ നിലപാടിലെ മാറ്റം അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ നിലപാട് തന്നെയാണ് പിണറായി സർക്കാറിനുമെന്നായിരുന്നു അത്. കോടതി വിധിക്കനുസരിച്ച് പ്രവർത്തിക്കുമെന്നും സർക്കാർ നിലപാട് കൈക്കൊണ്ടു.

അങ്ങനെ 12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 2018 സെപ്റ്റംബർ 28 നു സ്ത്രീകൾക്ക് ശബരിമലയിൽ കയറാം എന്ന് വിധി വന്നു.സ്വാഭാവികമായും കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ബാധ്യസ്ഥരായി. അതാണിപ്പോൾ കാണുന്നത്.കോടതി പരിഗണിച്ചത് ജീവശാസ്ത്രപരമായ പ്രത്യേകതയുടെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് വിവേചനപരമാണോ.ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയ്ക്കും ലിംഗനീതിക്കും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിനുമുള്ള അവകാശത്തിന്റെ ലംഘനമാണോ,
മതവിശ്വാസത്തിൽ തുല്യതയ്ക്ക് ഭരണഘടന നൽകുന്ന ഉറപ്പിന്റെ ലംഘനമാണോ,ഇത്തരത്തിൽ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനയുടെ പിൻബലമുള്ള 'അനിവാര്യമായ മതാചാര'മാണോ,മതപരമായ കാര്യങ്ങൾ സ്വന്തംനിലയിൽ കൈകാര്യം ചെയ്യുമെന്ന് മതസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാകുമോ,ശബരിമലയെ പ്രത്യേക വിഭാഗമായി പരിഗണിക്കാമോ,ലിംഗാടിസ്ഥാനത്തിൽ നിരോധനമേർപ്പെടുത്തുന്നത് ലിംഗനീതിക്കും തുല്യതയ്ക്കുമുള്ള അവകാശങ്ങളുടെ ലംഘനമല്ലേ,1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പ്, കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശനം) നിയമത്തിനുതന്നെ വിരുദ്ധമാണോ,കേരള ഹിന്ദു പൊതു ആരാധനാസ്ഥലചട്ടത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം പത്തിനും 55 നുമിടയിലുള്ള സ്ത്രീകൾക്ക് നിരോധനമേർപ്പെടുത്താൻ 'പ്രത്യേക വിഭാഗ'ത്തിനനുമതിയുണ്ടോ എന്നിവയാണ്.

എന്ന് വച്ചാൽ വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമാണ് വിധി പ്രഖ്യാപിച്ചത്.സ്വാഭാവികമായും ഒരു പുരോഗമന , പരിഷ്‌കൃത സമൂഹത്തിനു 2018 ൽ എടുക്കാൻ കഴിയുന്ന തീരുമാനം ഇത് തന്നെയല്ലേ?ശബരിമലക്ക് പുറത്തും ഒരു ലോകമുണ്ട്. എങ്ങനെ ചൊവ്വയിൽ പോയി താമസിക്കാം എന്നും സ്‌പെയ്‌സിൽ ജീവിക്കാൻ കഴിയുമോ എന്നുമാണ് പരിഷ്‌കൃതരായ മനുഷ്യർ ആലോചിക്കുന്നത്. അപ്പോഴാണ് നാം ആർത്തവമുള്ള സ്ത്രീകൾ ഒരു ആരാധനാലയത്തിൽ കയറണോ എന്ന് ചർച്ച ചെയ്തു കോടതി കയറുന്നത്.എങ്ങനെയാണു നമുക്ക് വേണ്ട എന്ന് തീരുമാനമെടുക്കാൻ കഴിയുക ? എങ്ങനെയാണു ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കോടതിയിൽ ആർത്തവമുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കണമെന്നു പറയാൻ കഴിയുക ?നാം മുന്നോട്ടാണ് നടക്കുന്നത്. അല്ലാതെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തിരിഞ്ഞു നടക്കുന്ന ജനതയല്ല നാം. നമ്മുടെ മുന്നിൽ സത്യത്തിൽ ഈ ഒരു വഴി മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

അല്ലാതെ 2018 ൽ നമ്മൾ സ്ത്രീകളുടെ ആർത്തവം അശുദ്ധിയാണെന്നും അവർ ഒഴിഞ്ഞു മാറി പോകട്ടെ എന്നൊക്കെ പറയുന്നതും ലിംഗ സമത്വത്തേക്കാൾ വലുതാണ് ആചാരാനുഷ്ടാനങ്ങളും വിശ്വാസവും എന്ന് പറയുന്നതുമൊക്കെ എത്ര പ്രാകൃതമാണ്.നമ്മൾ അങ്ങനെ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യർ നമ്മളെ എങ്ങനെയായിരിക്കും കാണുക എന്നൊന്നാലോചിച്ചു നോക്കു .ഇന്ന് നമുക്ക് ഒരു സംശയത്തിനും ഇടയില്ലാത്ത തലയുയർത്തി അന്തസ്സോടെ , ആത്മാഭിമാനത്തോടെ ഉറപ്പിച്ചു പറയാം ഈ തീരുമാനമാണ് ശരി.
സ്ത്രീകൾക്ക് എവിടെയും അയിത്തമില്ല. ആർത്തവം അശുദ്ധിയല്ല. അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ച നിലപാടാണ് ശരി. അതാണ് ഒരു പരിഷ്‌കൃത ജനതയുടെ തീരുമാനം.

നമുക്കും മനുഷ്യരെ പോലെ ജീവിക്കേണ്ട ?
നമുക്കും തലയുയർത്തി ലോകത്തിനു മുന്നിലും വരും തലമുറക്ക് മുന്നിലും നിൽക്കണം.

ആത്മാഭിമാനത്തോടെ പറയു.
നമ്മൾ പുരോഗമന വാദികളാണ്.
പരിഷ്‌കൃതരാണ്
ഫെമിനിസ്റ്റുകളാണ്
ശാസ്ത്രബോധമുള്ളവരാണ്
അതിലുപരി മനുഷ്യരാണ്.

( എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സുനിതാ ദേവദാസ് ഫേസ്‌ബുക്കിൽ കുറിച്ചത്)