തിരുവനന്തപുരം: മംഗളം സിഒഒ ആയിരുന്ന സുനിതാ ദേവദാസ് ചാനലിൽ നിന്ന് പുറത്ത്. മൂന്ന് മാസത്തെ കരാർ കാലാവധി അവസാനിച്ചതോടെ സുനിതയുടെ കരാർ മംഗളം പുതുക്കിയില്ല. ഇതോടെയാണ് വമ്പൻ പിരഷ്‌കരണ ലക്ഷ്യങ്ങളുമായി മംഗളം ചാനലിലെത്തിയ സുനിതാ ദേവദാസിന് പടിയിറങ്ങേണ്ടി വന്നത്.

വനിതാ ജീവനക്കാരുടെ പരാതിയായിരുന്നു ഇതിൽ നിർണ്ണായകമായത്. സുനിതാ ദേവദാസിന്റെ പരിഷ്‌കരണങ്ങളിൽ പ്രകോപിതരായ ജീവനക്കാർ സമരവും നടത്തി. ഇതുമൂലം ഒരു ദിവസം ചാനലിൽ വാർത്താ സംപ്രേഷണവും മുടങ്ങി. തുടർന്ന് സുനിതയുടെ അധികാരങ്ങൾ മംഗളം വെട്ടിക്കുറച്ചു. ന്യൂസ് വിഭാഗത്തിൽ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം സുനിത ഓഫീസിൽ എത്തിയിരുന്നില്ല. ഈ മാസം 15ന് കരാർ അവസാനിച്ചു. ഇതോടെ സുനിത ചാനലിന് പുറത്താവുകയായിരുന്നു.

മംഗളവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായുള്ള സൂചനകൾ ഫെയ്‌സ് ബുക്കിലൂടെ സുനിതയും പങ്കുവച്ചിരുന്നു.  ചാനലിൽ ജീവനക്കാർ മൊത്തം സുനിതയ്ക്ക് എതിരായതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വനിതാ ജീവനക്കാരും സുനിതയെ എതിർത്തതോടെ കരാർ പുതുക്കാതിരിക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

സിഒഒയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കുറച്ചു ദിവസം മുമ്പ് മംഗളത്തിൽ ജീവനക്കാർ സമരം നടത്തിയിരുന്നു. ഇതോടെ ചാനൽ പ്രവർത്തനവും തടസ്സപ്പെട്ടു. വാർത്തകൾ നടന്നില്ല. പത്രപ്രവർത്തക യൂണിയൻ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ഇതോടെ സിഒഒയെ നിയന്ത്രിക്കാമെന്ന് മാനേജ്മെന്റ് ജീവനക്കാർക്ക് ഉറപ്പ് നൽകി. പ്രശ്നം തീരുകയും ചെയ്തു. ഇതിന് ശേഷം സുനിത ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറത്തേക്ക് എത്തിയത്. ജീവനക്കാരെ അതിരൂക്ഷമായി വിമർശിക്കുന്ന സുനിതയുടെ പോസ്റ്റ് സ്ത്രീ വിരുദ്ധമാണെന്ന അഭിപ്രായവും സജീവമായി. സുനിതയ്ക്കെതിരെ നിയമ നടപടികൾക്ക് ഒരു വിഭാഗം നീക്കം തുടങ്ങി. ഇതോടെയാണ് സുനിതയുടെ കരാർ നീട്ടേണ്ടതില്ലെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചത്.

ജീവനക്കാരെ തീർത്തും അപമാനിച്ച സുനിതയ്ക്കെതിരെ മാനേജ്മെന്റ് നടപടി എടുത്തേ മതിയാകൂവെന്നായിരുന്നു മംഗളം ജീവനക്കാരുടെ പൊതു വികാരം. എല്ലാ ജീവനക്കാരും ഒപ്പിട്ട് മാനേജ്മെന്റിന് പരാതി നൽകാനും ശ്രം നടന്നു. സോഷ്യൽ മീഡയയിൽ ചിലർ സുനിതയ്ക്കെതിരെ ചില പോസ്റ്റുകൾ ഇട്ടിരുന്നു. ഇതിന് മറുപടിയായി സുനിത പോസ്റ്റ് ചെയ്ത വിശദീകരണമാണ് ജീവനക്കാരെ ചൊടുപ്പിക്കുന്നത്. എന്തിനാണ് ചക്കരെ നിങ്ങൾ എന്നെ കുറിച്ച് ഓൺലൈനിൽ അപവാദങ്ങൾ എഴുതി നിറക്കുന്നത് ? എന്റെ ചക്കരെ ഞാൻ മംഗളത്തിൽ ഇരുന്ന കഴിഞ്ഞ 3 മാസം കൊണ്ട് ചെയ്ത കുറ്റങ്ങൾ ഇവയാണ്-എന്ന് പറഞ്ഞാണ് ന്യായീകരണങ്ങൾ ഇട്ടത്.

മംഗളത്തിൽ ജോയിൻ ചെയ്തു . എല്ലാവരും മംഗളം പൂട്ടി പോകട്ടെ എന്ന നിലപാട് എടുത്തു നിന്ന സമയത്തു , അത് ശരിയല്ലല്ലോ ഇതൊരു മാധ്യമസ്ഥാപനമാണല്ലോ , അതങ്ങനെ പൂട്ടിയാൽ പറ്റില്ലല്ലോ എന്ന് ആത്മാർഥമായി ഫീൽ ചെയ്തു നിന്ന നിൽപ്പിൽ കാനഡയിൽ നിന്നും ഫ്ലൈറ്റ് കയറി തിരുവനന്തപുരത്തു വന്നു പോയി . ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന നിലയിൽ സ്ഥിരമായി ലേറ്റ് ആയി വരുന്നവരെ പഞ്ച് ലിസ്റ്റ് നോക്കി കണ്ടു പിടിച്ചു നേരത്തു ജോലിക്ക് വരണം കേട്ടോ എന്ന് ആവശ്യപ്പെട്ടു പോയി . ജീവിതത്തിൽ ഇന്നേവരെ സമയത്തും കാലത്തും ജോലിക്കു വരാത്തവരുടെ ഈഗോ അതുവഴി ഹർട്ട് ചയ്തു .

എല്ലാവരും പ്രത്യേകിച്ചും പെൺകുട്ടികൾ ആത്മാഭിമാനം ഉള്ളവരായിരിക്കണം എന്ന് എപ്പോഴും ഓർമിപ്പിച്ചു . അന്തസില്ലാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും ചെയ്യരുതെന്ന് അവരോടൊക്കെ പറയാൻ ശ്രമിച്ചു . ടോയ്‌ലെറ്റ് എന്നും ബ്ലോക്ക് ആയിരുന്നു . എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങൾ പാഡ് ടോയ്‌ലെറ്റിൽ ഇട്ടു വെള്ളമൊഴിക്കരുതെന്നു പറഞ്ഞു . പകരം അത് ഒരു പേപ്പറിൽ പൊതിഞ്ഞു ഡസ്ട് ബിന്നിൽ ഇടണം എന്ന് പറഞ്ഞു . എന്നോട് തൊഴിൽ സാഹചര്യത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞ എല്ലാ ജീവനക്കാരോടും ജനുവരിയോട് കൂടി കൂടുതൽ നല്ല തൊഴിൽ സാഹചര്യവും ശമ്പളവും ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ എന്നും ഈ മാസം മുതൽ ഞാൻ മാർക്കറ്റിങ് കൂടി ചെയ്തു സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി നമുക്ക് ഒന്നിച്ചു വളരാമെന്നും വാക്ക് കൊടുത്തു പോയി- ഇത്രയുമാണ് ഞാൻ ചെയ്ത കുറ്റങ്ങൾ എന്നായിരുന്നു സുനിതയുടെ വിശദീകരണം.

മംഗളത്തിലെ പെൺകുട്ടികൾക്ക് ആത്മാഭിമാനം ഇല്ലെന്ന തരത്തിലെ പരമാർശങ്ങൾ പോസ്റ്റിലൂണ്ടെന്നായിരുന്നു ജീവനക്കാരുടെ വിലയിരുത്തൽ. ഇതിനെതിരെയാണ് പൊലീസിൽ പരാതി നൽകണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തിൽ ചാനൽ കൂടുതൽ വിവാദത്തിലേക്ക് പോകാതിരിക്കാൻ സുനിതയെ മാനേജ്മന്റെ ഒഴിവാക്കുകയായിരുന്നു. ഇതോടെ ജീവനക്കാരുടെ പക്ഷത്താണ് മാനേജ്‌മെന്റ് എന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞു. സുനിത മാറുന്നതോടെ മംഗളം ചാനലിലെ പ്രശ്‌നങ്ങൾ തീരുമെന്നാണ് ചാനലിന്റെ കണക്കുകൂട്ടൽ.

സോഷ്യൽ മീഡിയയിലെ താരമെന്ന നിലയിലാണ് മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്റർ സുനിത ദേവദാസ് മംഗളം ചാനലിന്റ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതലയേറ്റത്. കാനഡയിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം കഴിയവെ ഫേസ്‌ബുക്ക് പോസ്റ്റുകൾ കൊണ്ടു അനേകം ആരാധകരെ സൃഷ്ടിച്ച സുനിതയ്ക്ക് പക്ഷെ പുതിയ ചുമതലകൾ കല്ലും മുള്ളം നിറഞ്ഞതാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ചുമതലയേറ്റ ആദ്യ ദിനം തന്നെ ഏറ്റവും മുതിർന്ന റിപ്പോർട്ടർമാരിൽ ഒരാളെ സസ്പെൻഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ സസ്‌പെൻഷൻ താട്ടുപിന്നാലെ മാനേജ്‌മെന്റ് പിൻവലിച്ചു.

ഇതിനൊപ്പം ജീവനക്കാർ ഔദ്യോഗിക തീരുമാനമൊന്നും ഫെയ്‌സ് ബുക്കിൽ ഇടരുതെന്ന സർക്കുലറും ഇറക്കി. ഇത് സുനിതയ്ക്ക് മാനേജ്‌മെന്റിൽ നിന്ന് കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു. ഹണി ട്രാപ്പ് ഒരുക്കിയ മാധ്യമ പ്രവർത്തക ഫേസ് ബുക്ക് പോസ്റ്റിട്ടത് സുനിത ചുമലയേറ്റ അതേ ദിവസം ആയിരുന്നു. സുനിതയുടെ നിർദ്ദേശ പ്രകരാമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന പ്രചാരണം ശക്തമായിരുന്നു. അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ് ജീവനക്കാരുടെ സമരത്തിൽ വരെ കാര്യങ്ങളെത്തിച്ചത്.