ൽഫോൺസ് കണ്ണന്താനത്തിന്റെ പ്രാകൃതരൂപമായ ഒരു ലേഖകൻ എഴുതിയ മഹാകാവ്യം ഇന്നലെ വായിക്കാനിടയായി. ലേഖനത്തിലെ ഹൈലൈറ്റ് ചൈന എന്തുകൊണ്ട് സ്‌പോട്‌സിനു പ്രാധാന്യം നൽകുന്നു എന്ന ഭാഗമാണ്. ജനങ്ങൾക്കുള്ള അതൃപ്തി കലാപമായി മാറാതിരിക്കാനാണത്രേ സ്‌പോട്‌സിലേക്കു വഴി തിരിച്ചു വിടുന്നത്. ചിരിച്ചിട്ടു വയറു കൊളുത്തി പിടിച്ചു. 

ഓക്‌സിൽ ശ്വസിച്ചു ഓക്‌സിജൻ പുറത്തേക്കു വിടുന്ന ഏക ജീവിയാണ് പശു എന്ന പോലത്തെ ഒരു കണ്ടുപിടുത്തമായി പോയി സ്‌പോട്‌സ് തിയറി. മുഖ്യമന്ത്രിയുടെ ഉപദേശകനും കൈരളി ടി വി എംഡിയുമായ ജോൺ ബ്രിട്ടാസ് കഴിഞ്ഞ മാസം അവസാനം ചൈന സന്ദർശിക്കുകയും ചൈനയിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളെക്കുറിച്ച് ഇന്നലെ മാതൃഭൂമിയിൽ ഒരു ലേഖനമെഴുതുകയും ചെയ്തു. ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിൽ പ്രധാനമായും ചൈനയിലെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റും വികസന പ്രവർത്തനങ്ങളുമാണ് ഉണ്ടായിരുന്നത്.

അതിനുള്ള മറുപടി എന്ന പേരിലാണ് ഈ ഹാസ്യലേഖനം വായിക്കാൻ കിട്ടിയത്. ഒറ്റനോട്ടത്തിൽ എന്തൊക്കെയോ വലിയ കാര്യങ്ങൾ എഴുതിയിട്ടുണ്ട് എന്ന തോന്നലുണ്ടാക്കുന്ന ലേഖനം മൊത്തത്തിൽ തമാശയായിരുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ ഒരു മഹാകാവ്യം. മറുപടി എന്ന പേരിലാണ് മഹാകാവ്യം പുറത്തു വന്നതെങ്കിലും രണ്ടും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ചൈന മുന്നേറുന്നത് എന്തു കൊണ്ട് എന്ന ലേഖനത്തിന് ഇന്ത്യ മുന്നേറാത്തത് എന്തുകൊണ്ട് എന്നൊരു മറുപടിയാണ് ലേഖകൻ നൽകിയത്. അതിൽ ചൈനയുടെ കുറ്റങ്ങൾ എണ്ണി നിരത്തിയതിനൊപ്പം അത്യാവശ്യം കമ്മ്യുണിസ്റ്റ് വിരോധവും നല്ല തോതിൽ സി പി എം വിരുദ്ധതയും സമാസമം ചേർത്തിട്ടുമുണ്ട്.

ലേഖകൻ എഴുത്തു തുടങ്ങുന്നതു തന്നെ ബ്രിട്ടാസിന്റെ ഫോട്ടോ കണ്ടെന്നും അപ്പോൾ പിണറായി സ്തുതിയോ മോദിവിമർശനമോ ആവും എന്നു കരുതി എന്നുമാണ്. എന്നുവച്ചാൽ മുൻധാരണയിലാണ് ആരംഭിക്കുന്നതു തന്നെ. ലേഖകനല്ല വിഷയം എന്നും ലേഖകൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ് വിഷയം എന്നും തുടക്കത്തിൽ തന്നെ പറഞ്ഞു കളഞ്ഞു. പിള്ള മനസിൽ കള്ളമില്ല എന്ന പോലെ സത്യം പറഞ്ഞു പോയി.

കഴിഞ്ഞ 50 വർഷമായി ചൈനയും ചൈനയിലെ വികസനവും ലോകം ചർച്ച ചെയ്യുന്നുണ്ട്. ഈ ചർച്ചകളൊക്കെ നടത്തുന്നത് ചൈനവിരുദ്ധരാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കുറിപ്പുകൾ ചൈനയെക്കുറിച്ചു എഴുതിയതാവാനാണ് സാധ്യതയും. പ്രമുഖ അമേരിക്കൻ ബാങ്കറും യു എസ് ട്രഷറി സെക്രട്ടറിയുമായ ഹെന്റി പോൾസൻ എഴുതിയ ഡീലിങ് വിത്ത് ചൈന ഉൾപ്പെടെ എത്രയോ മഹത്തായ പുസ്തകങ്ങൾ ചൈനയെക്കുറിച്ചു വന്നിട്ടുണ്ട്.

സത്യത്തിൽ ബ്രിട്ടാസ് ചൈനീസ് സന്ദർശനത്തിനു ശേഷം എഴുതിയ ഈ കുറിപ്പ് ഇത്രയൊന്നും പോര എന്ന അഭിപ്രായമാണ് എനിക്ക്. വിശദമായി ഒരു പരമ്പരയായി തന്നെ എഴുതാമായിരുന്നു.

ഞാൻ താമസിക്കുന്നത് കാനഡയിലാണ്. ഇവിടെയൊക്കെ ചൈനക്കാർ ജീവിക്കുന്നതു കാണണം. ചൈന ടൗൺ എന്ന പേരിൽ ഓരോയിടത്തും ഓരോ ചൈന തന്നെ പുനർനിർമ്മിച്ചിട്ടുണ്ട് അവർ. അവരുടേതായ ഒരു സാധനവും വാങ്ങാൻ കിട്ടാത്തതായി ഇല്ല. ബിസിനസിന്റെ നല്‌ളൊരു ഭാഗം ഇവർ തന്നെയാണ്. അതുകൊണ്ടു തന്നെ വൻ ചൈനീസ് കുടിയേറ്റമുള്ള എല്ലാ രാജ്യങ്ങളിലും ഇവർക്കു നല്ല പരിഗണനയുമാണ്. അവർ ഏതു നാട്ടിലും പിന്തുടരുന്നത് അവരുടെ പരമ്പരാഗത ജീവിതരീതിയും ശീലങ്ങളും തന്നെയാണ്.

ചൈനയെക്കുറിച്ചു ഇത്രയേറെ വേവലാതിപ്പെടുന്ന ലേഖകൻ പറയാൻ മറന്ന ഒരു കാര്യം ഞാൻ പറയാം. ബി ജെപിയും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും തമ്മിൽ സൗഹൃദത്തിലാണ്. ജൂൺ അഞ്ചിനു മോദിയുടെ ചൈനയെക്കുറിച്ചുള്ള പ്രസ്താവന '' അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 40 വർഷത്തിനിടക്ക് ഒരിക്കൽ പോലും ഇന്ത്യാ ചൈനാ അതിർത്തിയിൽ വെടിയുതിർത്തിട്ടില്ല. ഇന്ത്യ ചൈനയുമായി വ്യവസായം, നിക്ഷേപം എന്നീ മേഖലകളിൽ സഹകരിക്കുമെന്നാണ്. ചൈന അതിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. വാജ്‌പേയി സർക്കാരിന്റെ കാലം മുതൽ ബി ജെപിയും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായി സൗഹൃദത്തിലുമാണ്.

ലേഖകൻ തന്നെ സ്വയം വിശേഷിപ്പിക്കുന്നത് ''ജന്മം കൊണ്ടും കർമം കൊണ്ടും ഇന്ത്യക്കാരനായ ഞാൻ '' എന്നാണ്. എന്നുവച്ചാൽ അദ്ദേഹം എന്തോ ഒരു തരം ഒന്നാം തരം പൗരൻ. നമ്മളൊക്കെ വെറും ഏഴാം കൂലികൾ. ഇന്ത്യയിലല്ലാതെ ഒരിടത്തും ഇത്തരം തരംതിരിക്കൽ സാധ്യമല്ല എന്ന് ലേഖകൻ തിരിച്ചറിയുന്നത് നല്ലതാണ്. വലിയ ചൈനീസ് വിഗദ്ധനായി ലേഖനത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം പറഞ്ഞു പറഞ്ഞ ് ''നെഹ്‌റുവിനോട് മാവോക്കു അസൂയ തോന്നിയത്'' ബ്രിട്ടാസ് കാരണമാണെമെന്നു മാത്രമാണ് പറയാത്തത്.

എന്തൊക്കെയായലും ചൈനയിലാരും 500 കൊല്ലത്തിലധികം പഴക്കമുള്ള ആരാധനാലയം ഇടിച്ചു കളഞ്ഞതായോ വർഗീയ കലാപം നടത്തിയതായോ വംശഹത്യ നടത്തിയതായോ കേട്ടിട്ടില്ല. ഒരു രാജ്യത്തിന്റെ പ്രതിശീർഷ വരുമാനവും മറ്റു സ്ഥിതി വിവര കണക്കുകളും ഒരു രാജ്യവും സ്വന്തം ഇഷ്ടപ്രകാരം പുറത്തു വിടുന്നതല്ല. ലോകബാങ്കും ഐ എം എഫും പുറത്തു വിടുന്ന രാജ്യ സൂചികകൾ ആർക്കും ഗൂഗിളിൽ വായിക്കാം.

ജി എസ് ടി നികുതി പാസാവാത്തതിനെക്കുറിച്ചു വേവലാതിപ്പെടുന്ന ലേഖകൻ പറയാതെ പോകുന്ന ചിലതുണ്ട്. ആരാണ് ഇതിനു തടസം നിന്നത് എന്ന്. ബിജെപി എത്ര വർഷം ഇതിനു തടസം നിന്നു?

രാജ്യസഭയിൽ കൂടി ബി ജെപിക്കു ഭൂരിപക്ഷം കിട്ടിയാൽ എല്ലാം ശരിയാവും എന്നാണ് ലേഖകൻ പറയുന്നത്. അതുകൊണ്ടൊന്നും ഒന്നും ശരിയാവാൻ പോകുന്നില്ല സുഹൃത്തേ. ഇന്ത്യയുടെ വളർച്ചാ നിരക്കിനെ പുറകോട്ടു വലിച്ച രണ്ടു പ്രധാന സംഗതികളുടെ ആഘാതത്തിൽ നിന്നും ഇന്ത്യ രക്ഷപ്പെടാൻ കാലം കുറെ എടുക്കും. കന്നുകാലിനയവും ഡീ മോണിറ്റൈസേഷനും. ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് സുബ്രമഹ്ണ്യം ഇന്നലെ പറഞ്ഞത് പുതിയ കന്നുകാലിനയം ഇന്ത്യൻ കാർഷിക മേഖലയെ തകർക്കുമെന്നാണ്.

ചൈനയിൽ ഏകകക്ഷി ഭരണമാണെന്നു വേവലാതിപ്പെടുന്ന ലേഖകൻ ഒരു ആലോചിക്കുന്നതു നന്നായിരിക്കും. വെറും 31 ശതമാനം വോട്ടു കിട്ടിയ പാർട്ടി ഒരു രാജ്യത്തെ അടക്കി ഭരണം നടത്തുന്നത് എങ്ങനെയാണെന്ന്. അമേരിക്കയിൽ പ്രസിഡൻഷ്യൽ ഭരണമാണ്. ചൈനയിൽ ഏകകക്ഷി ഭരണമാണ്. ഇന്ത്യയിൽ ജനാധിപത്യമാണ്. ദുബായിൽ രാജഭരണമാണ്. ലോകരാഷ്ട്രങ്ങൾ തമ്മിൽ കലഹങ്ങൾ പതിവാണ്. പല രാജ്യങ്ങൾ തമ്മിലും അസ്വാസ്ഥ്യങ്ങളും സംഘർഷങ്ങളും ഒക്കെയുണ്ട്. അതിലെ ശരിയും തെറ്റുമൊക്കെ കാലം വിധിയെഴുതും.

ചൈനയുൾപ്പെടെയുള്ള വിദേശരാജ്യങ്ങൾക്ക് ആ രാജ്യങ്ങളുടേതായ നന്മകളും തിന്മകളും കാണും. എന്നു കരുതി അതിൽ നിന്നും നമ്മുടെ നാടിനു യോജിക്കുന്ന സാങ്കതേിക വിദ്യകൾ സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്?

ചൈനയിൽ ചില വികസനപ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അതിൽ നിന്നും ചില സാങ്കതേിക വിദ്യകൾ നമുക്കും ഉൾക്കൊള്ളാനാവുമെന്നും പറയുന്നതിനർത്ഥം ചൈനീസ് രാഷ്ട്രീയം സ്വീകരിക്കുകയെന്നോ ചൈനീസ് ഭരണവ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കുകയെന്നോ ആണോ? മുമ്പും ചൈനീസ് സാങ്കതേിക വിദ്യകൾ നമ്മൾ കടംകൊണ്ടിട്ടുണ്ട്.

ഇനി കാര്യത്തിലേക്കു വരാം. ഭവന നിർമ്മാണം, പൊതുഗതാഗത സംവിധാനം, തടയണ നിർമ്മാണം, കൃഷി എന്നീ മേഖലകളിൽ ചൈനീസ് സാങ്കതേിക സഹായത്തോടെ മുന്നേറാനുള്ള ചില വികസന പദ്ധതികൾ കേരളം തയ്യറാക്കി വരികയാണ്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ ചാഹൂവുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇപ്പോൾ ഡീസൽ ഉപയോഗിച്ച് ഓടിക്കുന്ന കെഎസ്ആർസി ബസ്സുകൾ ഇലക്ട്രിക് ബസ്സുകളാക്കാനുള്ള പദ്ധതി, റബ്ബർ ഉപയോഗിച്ച് തടയണകൾ നിർമ്മിക്കുന്ന സാങ്കതേിക വിദ്യ , പ്രീ-ഫാബ്രിക്കേറ്റഡ് നിർമ്മാണ രീതി ഉപയോഗിച്ചുള്ള ചെലവു കുറഞ്ഞ വീടു നിർമ്മാണം, കൃഷി രീതികൾ നവീകരിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ജൈവ കൃഷി രീതി ഗ്ഗ്രപാത്സാഹിപ്പിക്കാനും ചൈനീസ് രീതികൾ അവലംബിക്കൽ തുടങ്ങിയവയാണ് പ്രധാനമായും പദ്ധതിയിലുള്ളത്.

ഇതിനെ മൂൻകൂട്ടി കണ്ടാവാം ചിലർ ആക്ഷേപങ്ങളും പരിഹാസങ്ങളും വ്യക്തിഹത്യകളുമായി രംഗത്തിറങ്ങി കഴിഞ്ഞത്. മുമ്പ് സി പി എംകാരെയാണ് ഇക്കൂട്ടർ വികസന വിരുദ്ധർ എന്ന് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇടതുപക്ഷ സർക്കാർ എന്തങ്കെിലും പദ്ധതി തയ്യറാക്കുമ്പോഴെ അതിനെതിരെ കയറുമായി ചാടിയിറങ്ങി കാള പെറ്റ കുട്ടിയെ കെട്ടുന്ന നയമാണ് ഇപ്പോൾ ചിലർ സ്വീകരിക്കുന്നത്.

ചൈനീസ് പ്രീ ഫാബ്രിക്കേക്കഡ് കെട്ടിടങ്ങൾ ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ നിർമ്മാണരീതിയാണ്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് ഇത്തരം നിൽമാണങ്ങൾ നടക്കുന്നത്. വീടെന്ന സ്വപ്നം ഇനിയും പൂർത്തീകരിക്കാത്ത എത്രയോ മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്ക് തലചായ്ക്കാൻ ഒരിടമൊരുക്കാൻ സർക്കാർ ശ്രമിക്കുന്നതിൽ എന്താണ് തെറ്റ്? അത്രയേറെ സമ്പന്നരല്ലാത്ത നമുക്ക് തീർച്ചയായും ചെലവു കുറഞ്ഞ , പരിസ്ഥിതിക്കിണങ്ങുന്ന നിർമ്മാണ രീതികൾ പിന്തുടരേണ്ടി വരും.

വികസിത രാജ്യങ്ങളിലെല്ലാം ഇലക്ട്രിക് ബസുകളാണ്. ടിക്കററും പ്രീപെയ്ഡാണ്. നമ്മുടെ നാടും ഉപഭോക്താക്കൾക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിൽ എന്താണ് തെറ്റ്? അതോ ചൈന കമ്മ്യുണിസ്റ്റ് രാജ്യമായതു കൊണ്ട് അവിടുത്തെ സാങ്കതേിക വിദ്യ പോലും സ്വീകരിക്കാൻ പാടില്ലെന്ന് നിയമമുണ്ടോ? ഇന്ത്യയുടെ റബ്ബർ ഉൽപ്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ് നടക്കുന്നത്. ആ കേരളത്തിന് റബർ ഉപയോഗിച്ചുള്ള ആധുനിക ഉൽപ്പാദന രീതികൾ നടപ്പിലാക്കികൂടെ?

പശൂ , കൃഷി എന്നൊക്കെ നിരന്തരം അട്ടഹസിക്കുമ്പോഴും ആധുനിക കൃഷിരീതികൾ ഉപയോഗിക്കുന്നതിനോ അതിനെക്കുറിച്ചു ചിന്തിക്കുന്നതിനോ പോലും മുൻകൂർ തടസം നിൽക്കുന്നത് എന്തിനാണ്? എഴുതി എഴുതി രാജ്യസ്‌നേഹി ''ഇന്ത്യക്കൊരു സംസ്‌ക്കാരമുണ്ട് ബ്രിട്ടാസേ '' എന്നു വരെ എഴുതിക്കളഞ്ഞു.

അത്രയും വായിച്ചപ്പോഴാണ് എന്തായിരിക്കും ഇതിനൊക്കെയുള്ള പ്രകോപനം എന്നാലോചിച്ചത്. വളരെ സാധാരണമായ ചർച്ച ചെയ്യൻ പോലും കാര്യമായ ഒന്നുമില്ലാത്ത ഒരു ലേഖനത്തിൽ ഏറ്റു പിടിച്ചാണ് ഇന്ത്യക്കൊരു സംസ്‌ക്കാരമുണ്ട്, അതു മറക്കരുത്, ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം വരാത്തത് ഇതിനാലാണ്, കാര്യം മനസിലായോ ബ്രിട്ടാസേ എന്നൊക്കെ എഴുതി വച്ചിരിക്കുന്നത്.

പ്രകോപനം ഇത്രയുമേയുള്ളൂ

1. ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ഉപദേശകനാണ്. ചൈനീസ് സാങ്കതേികവിദ്യ സ്വീകരിക്കുന്നതിലൂടെ ഒരു വികസന പദ്ധതി സർക്കാർ നടപ്പാക്കാൻ പോകുന്നു. കമ്മ്യുണിസ്റ്റ് മന്ത്രിസഭ പഴയ ശീലങ്ങൾ വിട്ട് വികസനപാതയിലൂടെ സഞ്ചരിക്കുന്നു. സർക്കാർ വിരുദ്ധർക്ക് സഹിക്കാൻ കഴിയുന്നില്ല. ബ്രിട്ടാസല്ല ഇവരുടെ വിഷയം. സർക്കാർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ്. ചൈന എന്നു കേട്ട പാതി ചാടിയിറങ്ങി '' ചൈനയെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടിപ്പോവരുത് '' എന്ന് ശ്രീനിവാസൻ സ്‌റൈലിൽ അങ്ങു കാച്ചി.

2. ഈ പടപ്പുറപ്പാട് ബ്രിട്ടാസിന്റെ ലേഖനത്തിനെതിരെയൊന്നുമല്ല. മറിച്ച് സർക്കാരിന്റെ വികസന പദ്ധതിക്കെതിരെയാണ്.
വിമർശനങ്ങൾ വെറും വിമർശനങ്ങളുമല്ല. കൃത്യമായ രാഷ്ട്രീയ വിമർശനങ്ങളുമാണ്.

എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ!
എത്ര നല്ല വികസന തൽപരരായ മനുഷ്യർ !

സർക്കാർ ഇപ്പോൾ ശരിയായ പാതയിലാണ്. ഈ രീതിയിൽ മുന്നോട്ടു പോയാൽ സർക്കാരിൽ നിന്നും സഹായങ്ങൾ കിട്ടിയവർ മാത്രം വോട്ടു ചെയ്താൽ തുടർഭരണം കിട്ടും എന്ന് വിമർശകർക്കറിയാം. അപ്പോൾ എന്തു ചെയ്യം? സർക്കാരിനെ ഒന്നും ചെയ്യൻ സമ്മതിക്കാതിരിക്കണം. എന്തങ്കെിലും പദ്ധതികൾ വരുന്നുവെന്ന് മണത്തറിയുമ്പോഴേ അതിനെതിരെ ചന്ദ്രഹാസവുമായി അലറിയിറങ്ങണം. പക്ഷേ , ഇതു കേരളമാണ് പടപ്പുറപ്പാടുകാരേ. ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ നിലവാരവും വെറും സ്റ്റാറ്റിസ്റ്റിക്കിൽ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യർക്ക് ബുദ്ധിയും ഉയർന്ന ചിന്താശേഷിയും ഉണ്ട്. ചാണകത്തലയന്മാർ വളരെക്കുറച്ചയേുള്ളു.

പശു വാലു പൊക്കുന്നതു കാണുമ്പോഴറിയാം.... ചാണകം തന്നെയാണ് ഇടാൻ പോകുന്നതെന്ന്.