രണത്തുടർച്ചക്കും കേരളജനതയുടെ നന്മക്കും പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഇച്ഛാശക്തിയും സമയവുമുള്ള മറ്റാരെങ്കിലും ആഭ്യന്തരമന്ത്രിയാവണമെന്നുമാണ് എന്റെ അഭിപ്രായം . അത് ഞാൻ പ്രകടിപ്പിച്ചപ്പോൾ സൈബർ സ്‌പെയ്‌സിലെ സി പി എമ്മിന്റെ മുഴുവൻ ഉത്തരവും താങ്ങുന്നവർ പറഞ്ഞു ' എന്നാൽ പിന്നെ സുനിത ആഭ്യന്തരമന്ത്രിയായിക്കോ , ഏതായാലും ചെങ്ങന്നൂർ തെരെഞ്ഞെടുപ്പ് വരികയാണല്ലോ ' എന്ന് .

ആദ്യം അത് കേട്ടപ്പോൾ എനിക്ക് എന്റെ 'നിഷ്‌കളങ്കത ' കൊണ്ട് തോന്നി ഇവരെന്നെ പരിഹസിക്കുകയാണെന്ന് . എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും തോന്നി സംഗതി കൊള്ളാലൊന്നു . എന്നിലും പാർലമെന്ററി വ്യാമോഹം അങ്കുരിച്ചു പോയി .

ഞാൻ ആഭ്യന്തരമന്ത്രിയായാൽ എന്ത് ചെയ്യുമെന്നും ഇവരൊക്കെ എന്റെ ചെള്ളക്ക് തോണ്ടി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട് . ഞാൻ ആലോചിച്ചു . ഞാൻ എന്തൊക്കെ ചെയ്യുമായിരിക്കും ?

ആദ്യം ഞാൻ മുടി കെട്ടി വക്കും . വട്ടപ്പൊട്ടു തൊടും . ചുവന്ന കരയുള്ള വെള്ള സാരി ഉടുക്കും . കയ്യിൽ വാച്ച്.

എന്നിട്ട് തലയുയർത്തി പിടിച്ചു അഹങ്കാരത്തോടെ ( എന്തിനാ കുറയ്ക്കുന്നത് ) ആഭ്യന്തരമന്ത്രിയുടെ മുറിയിൽ കയറും . അവിടെ ഒരു കസേര മാത്രം വച്ച് ബാക്കിയുള്ള കസേരയൊക്കെയെടുത്തു മാറ്റും .
എന്നിട്ട് ഞാൻ ആ കസേരയിൽ ഞെളിഞ്ഞിരിക്കും. കാലിന്മേൽ കാല് കയറ്റി വച്ച് . എന്നിട്ട് ഡി ജി പി ബഹ്റയെ വിളിപ്പിക്കും .

എനിക്ക് ഡി ജിപിയോട് ചിലത് ചോദിക്കാനുണ്ട് .

1 . കേരളത്തിലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എത്ര സ്ത്രീകൾ സൈബർ പരാതികൾ നൽകിയിട്ടുണ്ട് ? അതിൽ ഇത് വരെ എന്ത് നടപടികൾ എടുത്തു ? സെലിബ്രിറ്റികളായ പാർവതി , ഷാനി പ്രഭാകരൻ , സനുഷ എന്നിവർക്ക് നിങ്ങൾ പ്രത്യേക ഐ റ്റി നിയമം ഉണ്ടാക്കിയാണോ നീതി കൊടുത്തത് ? എന്തുകൊണ്ടാണ് ഇവർക്ക് കിട്ടിയ നീതി കേരളത്തിലെ സാധാരണക്കാരന് കിട്ടാത്തത് ?

2 . ആകാശ് തില്ലങ്കേരി പ്രതിയാണോ ? നിരപരാധി ആണോ ?
അയാൾ കീഴടങ്ങിയതാണോ ? നിങ്ങൾ ഓടിച്ചിട്ട് പിടിച്ചതാണോ ?

3 . ആശിഷ് രാജ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി മൂത്രമൊഴിക്കാൻ സൗകര്യം ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ എന്ത് നടപടി എടുത്ത് ? അത് മതിയോ ?

4 . വിജിലൻസിനെ നിങ്ങൾ ചുമതലയേറ്റ ശേഷം എന്താക്കി മാറ്റി ? ഇപ്പൊ വിജിലൻസ് എന്നാൽ എന്തിനുള്ള ഏജൻസി ആണ് ?
കെ എം മാണി നോട്ടെണ്ണൽ യന്ത്രം വാങ്ങിയത് തലയണക്ക് പകരം തലക്ക് വച്ചുറങ്ങാനായിരുന്നോ ? എന്തായി ബാർ വിഷയത്തിൽ കൈക്കൂലി വാങ്ങിയ കേസ് ? പഴയ മന്ത്രി കെ ബാബു കുറ്റം വല്ലതും ചെയ്തിട്ടുണ്ടോ ? പാറ്റൂർ കേസ് എന്തായിരുന്നു ?

5 . സോളാർ കേസ് എന്തായി ? ശരിക്കും ഉമ്മൻ ചാണ്ടി പുണ്യാളനും സരിത മാതാവും തന്നെ ?

6 . ബി ജെപിയും ആർ എസ് എസും പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ നിങ്ങൾ എടുക്കുന്ന നിലപാട് എന്താണ് ? നടപടി എന്താണ് ?
പെട്ടന്ന് എല്ലാം കൂടി ഓര്ക്കാന് കഴിയില്ലായിരിക്കും . തേച്ചു മായ്ച്ച കേസുകൾ അത്രക്കുണ്ടല്ലോ . ചിലത് ഓർമ്മിപ്പിക്കാം .സംവിധായകൻ കമലിന്റെ വീടിനു മുന്നിൽ ദേശീയഗാനം പാടിയതിനെതിരെ തന്ന പരാതി ?
നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല ?
പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് എന്തിനായിരുന്നു ?
പി ശശികല എന്നൊരാൾ കേരളത്തിൽ ജീവിച്ചിരിക്കുന്നതായി താങ്കൾക്കറിയാമോ ? അവരുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടോ ? എങ്ങനെ ഹാപ്പി അല്ലെ ? കേസെടുക്കാവുന്ന വകുപ്പൊന്നും ഇല്ലല്ലോ അല്ലെ ?

7 . നദീറിനെയും കമൽ സി ചവറയെയും രാവുണ്ണിയെയും രജീഷ് കൊല്ലങ്കണ്ടിയേയും ജാനകി രാവനെയും നിങ്ങൾക്കറിയുമോ ? എങ്കിൽ എങ്ങനെ അറിയാം ? ഇല്ലെങ്കിൽ എന്തുകൊണ്ട് അറിയില്ല ?

8 . ഗുണ്ടാ ബന്ധമുള്ള പൊലീസുകാർ ഒക്കെ സുഖമായിരിക്കുന്നല്ലോ അല്ലെ ?

9 . പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ഒക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലെ ?
(കോടതിവ്യവസ്ഥപ്രകാരം പൊലീസ് കംപ്ലയിന്റ് അഥോറിറ്റി തലവനായി നിയമിക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തയ്യാറാക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പാനലിൽനിന്നാവണം. ജില്ലാ കംപ്ലയിന്റ് അഥോറിറ്റി തലവൻ റിട്ട. ജില്ലാ ജഡ്ജിയാവണം. ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയോ തയ്യാറാക്കുന്ന പാനലിൽ നിന്നാവണം നിയമനം. പൊലീസ് ബിൽ വന്നപ്പോൾ സർക്കാറിന് ഇഷ്ടമുള്ള റിട്ട. ജഡ്ജിമാരെ നിയമിക്കാം എന്നാക്കിയതൊക്കെ നന്നായല്ലോ അല്ലെ ? ) ഹാപ്പി അല്ലെ ?

10 . കൊച്ചിയിൽ 'അസമയത്തു യാത്ര ചെയ്ത കുറ്റത്തിന്'' പൊലീസ് പിടിച്ച സ്ത്രീയോട് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടോ എന്നതിന് വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ പൊലീസുകാർക്കൊക്കെ സുഖമല്ലേ ? അവർക്കെതിരെ നടപടിയൊന്നും ഇത് വരെ എടുത്തില്ലല്ലോ ? ആ സ്ത്രീയുടെ പരാതി ?

11 . ആർട്ടിസ്റ്റ് അശാന്തന്റെ മൃതദേഹത്തോട് അനാദരവ് , വടയമ്പാടി സമരം , തിരുവനന്തപുരത്ത് പോത്തൻകോട് ദളിത് കോളനിയിൽ പൊലീസ് നടത്തിയ നായാട്ട് , വിനായകന്റെ മരണം , വാളയാറിൽ പെൺകുട്ടികളുടെ മരണം തുടങ്ങിയ പരാതികളൊക്കെ തേച്ചു മായ്ച്ചല്ലോ അല്ലെ ? പ്രത്യേകിച്ച് നടപടിയൊന്നും എടുക്കാതെ നാട്ടുകാരുടെ കണ്ണിൽ പൊട്ടിയിടുന്ന ചില അടവുകളൊക്കെ കാണിച്ചു ? നന്നായി ..

12 . ഒന്ന് മറന്നു ... ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചത് വളരെ നന്നായിരുന്നു . അഭിനന്ദനങ്ങൾ

13 . ട്രാൻസ്ജെൻഡേഴ്‌സിനെതിരെ തുടർച്ചയായി പൊലീസ് നടത്തുന്ന മർദ്ദനങ്ങൾ പ്രത്യേക അഭിനന്ദനവും പുരസ്‌ക്കാരവും അർഹിക്കുന്നതാണ് . ജനമൈത്രി പൊലീസ് എന്നാൽ ഇതാണ് . ട്രാൻസ്ജെൻഡേഴ്‌സിനെ പുറത്ത് കണ്ടാൽ തല്ലി ഓടിക്കണം . അതാണ് സർക്കാർ നയം .

14 . ഇതരസംസ്ഥാന തൊഴിലാളികളെ ആരെങ്കിലും തല്ലുന്നതോ അപമാനിക്കുന്നതോ കണ്ടാൽ ഇടപെടരുത് അതായിട്ട് എന്തിനാ കുറക്കുന്നത് ? .

15 . ഉപദേശകൻ രമൺ ശ്രീവാസ്തവ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്

16 . ഹാദിയയുടെ വീട്ടിലെത്തിയവരെയൊക്കെ നിങ്ങൾ തടഞ്ഞത് എന്തിനായിരുന്നു ?

17 . പുതുവൈപ്പിണ് സമരം നേരിട്ട രീതി ഗംഭീരം

18 . കഴിഞ്ഞ ദിവസം കോഴിക്കോട്ട് പൊലീസ് മർദ്ദനത്തിൽ ഓട്ടോഡ്രൈവറുടെ കേൾവി നഷ്ടപ്പെട്ടു എന്ന് കേട്ടു . വെൽഡൺ മിസ്റ്റർ

19 . എ കെ ശശീന്ദ്രൻ ഒരു സ്ത്രീയെ ഫോൺ വിളിച്ച കേസ് ഉണ്ടായിരുന്നല്ലോ ? അതെന്തായി ? ആര് ആർക്കാ ഫോൺ വിളിച്ചത് ? കേസ് ഒത്തു തീർന്ന വ്യവസ്ഥകൾ എന്തൊക്കെയാ ? കോടതിക്ക് പുറത്തു കേസ് സ്റ്റെറ്റിൽ ചെയ്യുക എന്ന് പറഞ്ഞാൽ എന്താ ?
ചുരുക്കി പറഞ്ഞാൽ ആരും ആരെയും വിളിച്ചില്ലേ ?

അങ്ങനെ മൊത്തത്തിൽ നിങ്ങൾ കസറുന്നുണ്ട് ....

പക്ഷെ സത്യത്തിൽ നിങ്ങൾ എന്തിനാ ഈ തൊപ്പിയും കുപ്പായവും ഇട്ട് ഇരിക്കുന്നത് ? സ്വന്തം പണി തന്നെ എടുക്കാൻ പ്രാപ്തിയില്ലാത്തപ്പോ എന്തിനാ വിജിലൻസ് കൂടി കക്ഷത്ത് വച്ചിരിക്കുന്നത് ? ഇറങ്ങി പൊയ്ക്കൂടേ ?

ഇനി മേലാൽ ഈ പരിസരത്തതൊന്നും കണ്ടു പോകരുത് . ഡി ജി പി ആണ് പോലും ഡി ജിപി .

എന്നിട്ട് സുരേഷ് ഗോപിയെ പോലെ 'ജസ്റ്റ് റിമെംബർ ദാറ്റ്' എന്നും പറഞ്ഞു എഴുന്നേറ്റ് മമ്മൂട്ടിയെ പോലെ കസേര കാല് കൊണ്ട് തട്ടി പുറകോട്ടു മാറ്റി ഞാൻ ഒരു പോക്കുണ്ട് ... ആഹാ ... ആഹഹാ ....

അത് കഴിഞ്ഞു പൊട്ടു മായ്ക്കും . മുടി അഴിച്ചിട്ടും .
സാരി മാറി ജീൻസും ടോപ്പും ഇട്ട് രാജി കത്തെഴുതി പിണറായിയുടെ മേശപ്പുറത്തിട്ടു തിരിച്ചു ക്യാനഡക്ക് ....

ഇനി എനിക്ക് ചത്താലും വേണ്ടില്ല ..
എന്റെ പാർലമെന്ററി വ്യാമോഹവും മാറി
കേരള പൊലീസിന്റെ തകരാറും മാറി ....

അപ്പൊ എങ്ങനെയാ ? ഞാൻ എന്ന് വരണം ? എലെക്ഷൻ പ്രചാരണം ?