'പുഷ്പനെ അറിയാമോ ഞങ്ങടെ

പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?'

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസാക്കി. സുപ്രീംകോടതി വിമർശനം അവഗണിച്ചു പ്രതിപക്ഷവും ഭരണപക്ഷവും ചേർന്നാണ് ബിൽ പാസ്സാക്കിയത് .

ഇന്ന് ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ ?

പ്രതിപക്ഷത്തു നിന്നും വി ടി ബൽറാം എന്ന ഒരേയൊരു മനുഷ്യൻ മാത്രമാണ് ഇതിനെ എതിർക്കാൻ , വിയോജിപ്പ് രേഖപ്പെടുത്താൻ എഴുന്നേറ്റ് നിന്ന് ശബ്ദമുയർത്തിയത് . എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബൽറാമിന്റെ വിയോജിപ്പിനെ തള്ളി ഇത് വിദ്യാർത്ഥികളുടെ ഭാവിക്കു വേണ്ടിയാണു എന്ന നിലപാട് സ്വീകരിക്കുകയാണുണ്ടായത് .

സഖാക്കളേ നിങ്ങൾ പുഷ്പനെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിൽ തന്നെയാണ് .

'തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ
നിൽപ്പാണവനൊരു ചെമ്പനിനീർപ്പൂവ്
അവനൊരു നാടിൻ
തേങ്ങലാണേങ്ങലാണ്
ഉയിരാണുശിരാണ്
.................................
കുറുനരി മന്ത്രി മുരണ്ടു തോക്കിൽ
കുഴലുകൾ തീക്കണ്ടൂ
തെരുവിൽ പേക്കൂത്താടി
കാക്കിയണിഞ്ഞൊരു കാടത്തം
.....................................................
വെടിയേറ്റു പുഷ്പന് വെടിയേറ്റു
വെടിയേറ്റു പുഷ്പന് മുറിവേറ്റു
ഒട്ടും പതറാതാർത്തു വിളിച്ചവൻ
ഇൻക്വിലാബ് സിന്ദാബാദ്
ഡി വൈ എഫ് ഐ സിന്ദാബാദ് '

മറന്നു പോയോ നിങ്ങൾ പുഷ്പൻ സഖാവിനെ ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത് ?
സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത് .

രണ്ട് കോളേജുകളെ വഴിവിട്ട് സഹായിക്കാനാണ് സർക്കാർ ശ്രമം. നടപടിക്രമങ്ങൾ പാലിച്ചല്ല ഇവിടെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . മുൻവർഷം കണ്ണൂർ മെഡിക്കൽ കോളേജ് 150 സീറ്റിലേക്കും പാലക്കാട് കരുണയിൽ 30 സീറ്റിലേക്കുമാണ് സ്വന്തം നിലക്ക് പ്രവേശനം നടത്തിയത്. ഈ 180 സീറ്റും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഹൈക്കോടതിയും സുപ്രീം കോടതിയും പിന്നീട് ജെയിംസ് കമ്മിറ്റി തീരുമാനം ശരിവച്ചു. പിൻവാതിലിലൂടെയുള്ള ഈ പ്രവേശന നടപടി സാധൂകരിക്കുകയാണ് ഇപ്പോൾ ഇടതുവലതു രാഷ്ട്രീയക്കാർ .

'കോഴിക്കോട്ടെ കോയമാർക്കും...
പാലായിലെ പാതിരിമാർക്കും...
സമസ്ത കേരള നായന്മാർക്കും...
വിദ്യാഭ്യാസം പണയം വച്ച്..
കാശ് പിടുങ്ങിയ ഭരണക്കാരെ..
ഒന്നോർത്തോളൂ സൂക്ഷിച്ചോളൂ...
വെട്ടിപ്പിന്റെ കാശും കൊണ്ട്...
നാട് ഭരിക്കാൻ നോക്കണ്ട...'

ഈ മുദ്രാവാക്യം നിങ്ങൾക്ക് ഓർമയുണ്ടോ ?

വിദ്യാർത്ഥികളെ മുന്നിൽ നിർത്തി നടത്തിയ എല്ലാ സമരങ്ങളിലും എൽ ഡി എഫ് ഇങ്ങനെയൊക്കെത്തന്നെയാണ് മുൻപും പെരുമാറിയിട്ടുള്ളത് .
ഇതാ അല്പം ചരിത്രം .

1 . പ്രീ ഡിഗ്രി ബോർഡ് സമരം
1986 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടിഎം ജേക്കബ് , കൊണ്ടുവന്നു വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിക്കെതിരെ പൊരുതിയിരുന്നു . കേരളം കത്തിയെരിഞ്ഞ സമരങ്ങൾ .
ഒടുവിൽ 1998 ലെ LDF ,പ്രീഡിഗ്രി അടർത്തി മാറ്റി ,പ്ലസ് ടൂ രൂപീകരിച്ച് നടപ്പാക്കി.

2 . വിളനിലം സമരം
വിളനിലത്തിന്റെ ഡിഗ്രി വ്യാജമാണെന്ന് പറഞ്ഞു 1991 ൽ കരുണാകരൻ സർക്കാരിനെതിരെ നടത്തിയ സമരങ്ങൾ . കേരളം വീണ്ടും രണഭൂമിയായി . എന്നിട്ടോ ?

അതും ഒത്തുതീർപ്പിൽ അവസാനിച്ചു .

3 . സ്വാശ്രയ കോളേജ് സമരം

ഓർമ്മയുണ്ടോ അന്നാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് . 1994 നവംബർ 25 നു .
എന്നിട്ടോ 1998 ലെ LDF സർക്കാർ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.

ഈ ലിസ്റ്റിൽ ഇടം പിടിക്കുകയാണിപ്പോൾ കണ്ണൂർ - കരുണ മെഡിക്കൽ കോളേജ് പ്രതിഷേധങ്ങളും . അല്ലെ ?

വി ടി ബൽറാം VT Balram നിങ്ങളുടെ പല നിലപാടുകളോടും രാഷ്ട്രീയ കാഴ്ചപ്പാടുകളോടും വിയോജിപ്പുണ്ട് .

എന്നാൽ ഇന്ന് ഈ വിഷയത്തിൽ നിങ്ങൾ എടുത്ത നിലപാടിന് സല്യൂട്ട് .

നിയമസഭയിൽ ഇന്ന് നിങ്ങൾ സംസാരിച്ചത് ചരിത്രത്തിൽ ഇടം പിടിക്കും . അത് വഴി നിങ്ങളും .
(വി ടി ബാലറാമിന്റെ നിയമസഭാപ്രസംഗം ഇവിടെ കേൾക്കാം . )

എല്ലാരും കേൾക്കണം . പ്രത്യേകിച്ചും നിയമസഭംഗങ്ങളായ ബാക്കി 139 പേർ ഇതൊന്നു കൂടി കേൾക്കണം .

സഖാക്കളേ മുദ്രവാക്യങ്ങളും, രക്തസാക്ഷികളും , ജീവിക്കുന്ന രക്തസാക്ഷികളും ഒരലങ്കാരമല്ല .
മറിച്ചു നെഞ്ചിലെ നീറുന്ന കനലും ചരിത്രവുമാണ് .