കോഴിക്കോട്: ലോകാരോഗ്യസംഘടന വിലക്കിയ ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ
ൻ എന്ന് പറയുന്ന പെൺ ചേലാകർമ്മം, മനുഷ്യാവകാശങ്ങൾ ഹനിക്കുകയും, സ്ത്രീകൾക്ക് എതിരായുള്ള വിവേചനവും ആയിട്ടാണ് ആധുനിക സമുഹം വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യസംഘടന പെൺ ചേലാകർമ്മത്തെ ഇങ്ങനെ നിർവചിക്കുന്നു: 'സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കല്ലാതെ, പൂർണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ, മുറിവേൽപ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവർത്തിയും ഇതിൽപ്പെടുന്നു''. ലോകാരോഗ്യ സംഘടനയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പെൺ സുന്നത്തിനെതിരെ ശക്തമായ കാമ്പയിൻ, ആഫ്രിക്കൻ രാജ്യങ്ങളിലൊക്കെ നടത്തി വരുന്നുണ്ട്. അതിന്റെ ഫലമായി വലിയ തോതിൽ ഈ അനാചാരത്തെ ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്.

അപ്പോഴാണ് പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിൽ പെൺചേലാകർമ്മം കൊണ്ടുവരണം എന്ന രീതിയിൽ ചില ഇസ്ലാമിക പണ്ഡിതർ തന്നെ രംഗത്ത് എത്തുന്നത്. ഉസ്താദ് നവാസ് മന്നാനി എന്ന സുന്നി പ്രാസംഗികൻ, പെൺ ചേലാകർമ്മത്തെ ന്യായീകരിക്കുകയും അത് ആണിനും പെണ്ണിനും ഒരുപോലെ ചെയ്യേണ്ട ദീൻ നിർബന്ധമാക്കിയ കാര്യമാണെന്നാണ് പറയുന്നത്. നവാസ് മന്നാനിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, ഇദ്ദേഹം വലിയ വിമർശനങ്ങളും നേരിടുകയാണ്.

'ചേലാകർമ്മം ആണിനും പെണ്ണിനും ഒരുപോലെ'

നവാസ് മന്നാനിയുടെ വിവാദ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. ' പ്രിയപ്പെട്ട സഹോദരങ്ങളെ, ഒരു പ്രമാദമായ വിഷയത്തിന്റെ ചുരുളഴിച്ചുതരാൻ പോവുകയാണ്. ചേലാകർമ്മം. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒന്ന് ശ്രദ്ധിക്കുക. ഇവിടെ പരുഷന്മാരോട് ചേലാകർമ്മം ചെയ്യണം എന്നല്ല പറഞ്ഞത്, മറിച്ച്, ഈ പറഞ്ഞത് മുഴുവൻ ആണിനും പെണ്ണിനും ബാധ്യതയാണ്. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, ചേലാകർമ്മം എന്നത് ആണിനും പെണ്ണിനും ഒരുപോലെ അള്ളാഹുവിന്റെ ദീൻ പറഞ്ഞിട്ടുള്ള കാര്യമാണ്. കേരളത്തിൽ പൊതുവേ, നമ്മൾ ഒക്കെ അംഗീകരിക്കുന്നത് മഹാനായ, സെയ്നുദ്ദീൻ മഹ്ദുമിന്റെ ഗ്രന്ഥമാണ്. അതിൽ വളരെ വ്യക്തമായി, ഇട്ടുകൊടുത്തിട്ടുണ്ട്. ആണിനും പെണ്ണിനും ചേലാകർമ്മം നിർബന്ധമാണെന്ന്.

എനിക്ക് വിനയത്തോട് കൂടി എന്റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരോട് ഒരു കാര്യം പറയാനുള്ളത്, സാംസ്‌കാരിക നേതാക്കന്മാരോട് ഒരു കാര്യം പറയാനുള്ളത്, നിങ്ങൾ ദീനി വിഷയം പറയുമ്പോൾ സൂക്ഷിക്കേണ്ടിയിരിക്കുന്നു. നിങ്ങൾ ദീൻ പഠിക്കാതെയാണ് പറയുന്നത്. നിങ്ങളോട് ആരാ പറഞ്ഞത് ഈ ചേലാകർമ്മം സ്ത്രീകൾ ചെയ്യുന്നത്, ദീനി വിരുദ്ധമാണെന്ന്, ആരാണ് നിങ്ങളോട് പറഞ്ഞത്. ഗൗരവത്തോടെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ മനസ്സിലാക്കാനുള്ളത്, ആണിനും പെണ്ണിനും നിർബന്ധമായ, എന്നാൽ മിക്ക ഇമാമീങ്ങളുടെ അടുത്തും പെണ്ണുങ്ങൾക്ക് സുന്നത് ആണ് എന്ന് പറയുന്ന, ഒരു കാര്യമാണ് ചേലാകർമ്മം. എത് ഭാഗത്താണ് കർമ്മം നടത്തേണ്ടത് എന്നും, അതിന്റെ ഭാഗങ്ങൾ എങ്ങനെയാണ് ശരീരത്തിൽനിന്ന് നീക്കം ചെയ്യേണ്ടത്, എന്നൊക്കെ വളരെ വ്യക്തമായിട്ട് കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ചേലാകർമ്മം എന്ന് പറയുന്നത് പരസ്യമായി ചെയ്യുന്നത് സുന്നത്തും, സ്ത്രീകളുടെ ചേലാകർമ്മം രഹസ്യമായി ചെയ്യുന്നത് സുന്നത്തും ആണ് എന്ന്, കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വളരെ വ്യവസ്ഥാപിതമായി വ്യക്തമായി പറയുന്നുണ്ട്.

അതുകൊണ്ട് എന്റെ പ്രിയപ്പെട്ട സഹോദരൻ അറിയുക, ചേലാകർമ്മം എന്ന് പറയുന്നത്, സ്ത്രീക്കും പുരുഷനും നിർബന്ധമായ കാര്യമാണ്. അത് സ്ത്രീകളുടെ വിഷയത്തിൽ സുന്നത്താണെന്ന് അഭിപ്രായം, മിക്ക ഉലമാക്കളും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ എന്തുകൊണ്ട് ഇതുവരെ നടന്നിട്ടില്ല, എന്ന് ചോദിച്ചാൽ ഇത് കൈകാര്യം ചെയ്യാൻ പറ്റിയ സ്ത്രീകൾ, ഈ കേരളത്തെ സംബന്ധിച്ചേടത്താളം ഇല്ല. പല നാടുകളിലും അവർ അത് ചെയ്തു വരുന്നുണ്ട്. എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ അതുകൊണ്ട് അത് ദീനി വിരുദ്ധമാണെന്ന് എഴുതിത്ത്തള്ളാൻ പാടില്ല, അത് അള്ളാഹുവിന്റെ ദീനിനോടുള്ള വെല്ലുവിളിയാണ്''- ഇങ്ങനെയാണ് നവാസ് മന്നാനി പനവൂർ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.

പെൺ ചേലാകർമ്മം കേരളത്തിലും

ഇന്ത്യയിൽ പെൺകുട്ടികളുടെ ചേലാകർമ്മം, ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറുബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയിൽ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണു പൊതുവെയുള്ള വിശ്വാസം. എന്നാൽ, സഹിയോ എന്ന സംഘടന, 2017ൽ നടത്തിയ അന്വേഷണത്തിൽ പെൺ സുന്നത്ത് കേരളത്തിന്റെ ചിലഭാഗങ്ങളിൽ നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി. കോഴിക്കോട് നിന്ന് അത്തരം പരാതികൾ ഉയർന്നതിനെ തുടർന്ന് ഒരു ക്ലിനിക്ക് അടച്ചുപൂട്ടിയിരുന്നു. ഇത് മാതൃഭുമി പത്രം വലിയ വാർത്തയാക്കിയതും വൻ വിവാദമായി.

2017 ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ, പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായി. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകർമ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്നാണ് പറഞ്ഞത്. അവരുടെ വാദമനുസരിച്ച് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും, മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.

ഡോക്ടർ വിശദീകരിക്കുന്നത് പ്രകാരം, പെൺസുന്നത്തിൽ സ്ത്രീകളുടെ യോനീഛദത്തിന്റെ അറ്റത്തുള്ള തോൽ നീക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ പറയുന്നത് ഇത് വൈവാഹികജീവിതം അത്യാഹ്ലാദകരമാക്കുന്നു എന്നാണ്. മാത്രമല്ല ചില ഭർത്താക്കന്മാരും, ഭാര്യമാരും ഇതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നുണ്ട്. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സർവ്വസാധാരണമാണെന്നും ഇതിൽ യാതൊരു അപകടം ഇല്ലെന്നും അവർ സാക്ഷ്യപെടുത്തുന്നു. ഇത് വാർത്ത ആയതോടെയാണ് കേസ് ആവുകയും ക്ലിനിക്ക് അടച്ചുപൂട്ടേണ്ടിയും വന്നത്.

ഗുണങ്ങൾ ഇല്ല, ദോഷങ്ങൾ മാത്രം

ലോകത്ത് നടന്ന വിവിധ പഠനങ്ങൾ തെളിയിക്കുന്നത്, ചേലാകർമ്മം മൂലം പുരുഷനോ, സ്ത്രീക്കോ യാതൊരു ഗുണവും ഇല്ല എന്നതാണ്. പുരുഷനും അവന്റെ സെൻസിറ്റീവായ അഗ്രചർമ്മം ഛേദിക്കപ്പെടുന്നതുകൊണ്ട് ലൈംഗികാനുഭൂതി കുറയുകയാണ് ചെയ്യുക.

ലോകാരോഗ്യസംഘടനയുടെ വിവരണം അനുസരിച്ച്, പെൺസുന്നത്തുകൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് താനും. രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ ഇതുമൂലം ഉണ്ടാകാനിടയുണ്ട്. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ ഭാഗത്ത് ഉണ്ടാവുന്ന പരിക്ക് സ്ത്രീകളുടെ ലൈംഗിക ആസ്വാദനശേഷിയെ ബാധിക്കും. അതുതന്നെയാണ് പെൺ ചേലാകർമ്മത്തിന്റെ ലക്ഷ്യവും. സ്ത്രീകളുടെ ലൈംഗിക ആനന്ദം മരവിപ്പിക്കുന്നതിലുടെ അവളെ കാലാകാലവും ഒരു പുരുഷന്റെ അടിമയാക്കി വെക്കാം എന്നാണ് ഇവർ കരുതുന്നത്.

ഒരു ഇസ്ലാമിക ആചാരമല്ല, ഇതിനെ കുറിച്ച് ഖുർആനിൽ എവിടെയും പ്രതിപാദിച്ചിട്ടുമില്ല. ഇത് മുസ്ലിംകളുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ഒരു ആചാരമല്ല താനും. ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികളും, യഹൂദന്മാരും, അനിമിസ്റ്റ് വിഭാഗക്കാരും ഇത് പിന്തുടരാറുണ്ട്. ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ്. ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങൾ ഇല്ലെന്നാണ് അറിയുന്നത്. പക്ഷേ ആഗോളവ്യാപകമായി പെൺചേലാകർമ്മത്തിനെതിരെ വൻ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഈ അനാചരാത്തെ പ്രബുദ്ധം എന്ന് അറിയപ്പെടുന്ന കേരളത്തിൽ ന്യായീകരിക്കുന്നത് എന്നോർക്കണം.