മുംബൈ: സ്വപ്‌ന സുന്ദരി സണ്ണി ലിയോൺ പുതുവർഷാഘോഷത്തിൽ മുഖ്യാതിഥി. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിക്കുന്ന ചടങ്ങിലാണ് സണ്ണി ലിയോൺ മുഖ്യാതിഥിയായി എത്തുന്നത്. ബംഗളുരുവിലെ സ്വകാര്യ കമ്പനിയാണ് സംഘാടകർ. ചില ഐടി സ്ഥാപനങ്ങൾ വഴിയാണ് പരിപാടിയുടെ ടിക്കറ്റ് വിതരണം. ചെയ്യുന്നത്. താരത്തിന്റെ വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കർണാടകയിലെ ആരാധകർ.

അതേസമയം സണ്ണി ലിയോണിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. കർണാടകയുടെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും കുറിച്ച് യാതൊരു അറിവുമില്ലാത്ത നടിയെ സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രക്ഷണ വേദിക യുവസേനയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

സണ്ണി ലിയോണിനെപ്പോലെ ഒരു പോൺ താരത്തെ വരവേറ്റ് പുതുവർഷം ആഘോഷിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് രക്ഷണ വേദിക യുവസേനയുടെ സംസ്ഥാന പ്രസിഡന്റ് ആർ ഹരീഷ് പറഞ്ഞു. ലവ് യു ആലിയ, ഡി.കെ തുടങ്ങിയ കന്നട ചിത്രങ്ങളിൽ സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്.