തിരുവനന്തപുരം: തലസ്ഥാനത്തെ ഇളക്കി മറിക്കാൻ ബോളിവുഡിന്റെ ഹോട്ട് നായിക സണ്ണി ലിയോൺ എത്തുന്നു. മെയ് 26ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ദ ഇന്ത്യൻ ഡാൻസ് ബിനാലെ 2 കെ18' എന്ന ഡാൻസ് ഷോയിൽ പങ്കെടുക്കാനാണ് ആരാധകരുടെ സ്വന്തം സണ്ണ ചേച്ചി തിരുവനന്തപുരത്ത് എത്തുന്നത്. ഒന്നിനു പുറകെ ഒന്നായി 35 ലധികം നൃത്തരൂപങ്ങൾ എത്തുന്ന മൂന്നു മണിക്കൂർ നൃത്ത മാരത്തോണിൽ സണ്ണി ലിയോൺ കാഴ്‌ച്ചക്കാരിൽ ആവേശം പകരും.

വൈകിട്ട് ഏഴിന് ആരംഭിക്കുന്ന നൃത്ത ബിനാലെ ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണെന്ന് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടറും സംവിധായകനുമായ ഡാഡു ഓഷ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സണ്ണി ലിയോണിയോടൊപ്പം, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി 250ലധികം നർത്തകർ അണിനിരക്കും. അന്തർദേശീയവും, ദേശീയവുമായ നൃത്തകലാ രൂപങ്ങൾ മൂന്ന് മണിക്കൂർ തുടർച്ചയായി അരങ്ങേറും. ഓൺലൈനായും, നിശ്ചിത കേന്ദ്രങ്ങളിലൂടെയും ആയിരിക്കും ടിക്കറ്റ് വില്പന. 600 രൂപ മുതൽ 5,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ഓഷമ ക്ലബ് 69, ഡോ.പി.അനിൽകുമാർ, എം. ജെ.ഇൻഫ്രാസ്ട്രക്ച്ചർ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം സണ്ണി ലിയോൺ കൊച്ചിയിൽ എത്തിയപ്പോൾ ജനസാഗരം ആർത്തിരമ്പിയിരുന്നു. യുവാക്കളുടെ ആവേശം അതിരു കടന്നപ്പോൾ പൊലീസ് ലാത്തി ചാർജ്ജ് നടത്തിയിരുന്നു. ഡാൻസ് ബിനാലെയിലേക്ക് സണ്ണിയെ ക്ഷണിക്കാൻ കൊച്ചിയിലെ ആരാധകപ്രവാഹവും ഒരു കാരണമാണെന്ന് സംഘാടകർ പറഞ്ഞു.