ബെംഗളൂരു: പുതുവർഷത്തലേന്ന് ബെംഗളൂരുവിൽ ഷോ നടത്താനുള്ള തീരുമാനത്തിൽ നിന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ പിന്മാറി.കന്നഡ സംസ്‌കാരത്തിന് എതിരാണെന്ന് വാദിച്ചുകൊണ്ടാണ് കന്നഡ അനുകൂല സംഘടനകൾ സണ്ണിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചത്.കരവെ യുവസേന ഇക്കാര്യം ആവശ്യപ്പെട്ട് ബെംഗളൂരു പൊലീസ കമ്മീഷണറെ സമീപിച്ചിരുന്നു.

തനിക്കും നൃത്തസംഘത്തിനും സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന ബെംഗളൂരു പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് പിന്മാറുന്നതെന്ന് സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു. ആളുകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അവർ പറഞ്ഞു.'എന്നെ എതിർത്തവരും പിന്തുണച്ചവരും എപ്പോഴും ഓർക്കേണ്ട കാര്യം, ഒരിക്കലും മറ്റുള്ളവരെ നിങ്ങൾക്ക് വേണ്ടി സംസാരിക്കാനും തിരഞ്ഞെടുക്കാനും അനുവദിക്കരുത്.നിങ്ങൾക്ക് നിങ്ങളുടേതായ ശബ്ദവും തിരഞ്ഞെടുപ്പുകളും വേണം.നിങ്ങളാണ് ചെറുപ്പക്കാർ. നിങ്ങളാണ് പുതിയ ഇന്ത്യ', സണ്ണി ലിയോൺ പറഞ്ഞു.

ബെംഗളൂരുവിൽ നടക്കുന്ന പാർട്ടിക്ക് സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായാണ് കർണാടക രക്ഷണ വേദികെ യുവ സേന പ്രവർത്തകരാണ് രംഗത്തെത്തിയത്.ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കിൽ ഡിസംബർ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു സംഘടനയുടെ ഭീഷണി.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാർട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. പ്രതിഷേധക്കാർ സണ്ണി ലിയോണിന്റെ പോസ്റ്ററുകൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂ ഇയർ ഈവ് 2018 എന്ന പേരിട്ട പരിപാടിയിൽ പങ്കെടുക്കാനാണ് സണ്ണി ലിയോൺ വരാനിരുന്നത്. അതേസമയം സണ്ണിലിയോണിന് മതിയായ സുരക്ഷ ഒരുക്കാൻ വിസമ്മതിച്ച കർണാടക പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ നിശിത വിമർശനം ഉയർന്നിരിക്കുകയാണ്.