മോഹൻലാലിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമയാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തിൽ 1995 ൽ റിലീസിനെത്തിയ ചിത്രത്തിലെ ആട് തോമയെന്ന മോഹൻലാൽ കഥാപാത്രത്തിന് ഇന്നും ഏറെ സ്വീകാര്യതയാണ് ഉള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്ന വാർത്ത അതുകൊണ്ട് തന്നെ സിനിമാ പ്രേക്ഷകർ ഏറെ കൈയടിയോടെയാണ് വരവേറ്റത്. എന്നാൽ ഇതിന് പിന്നാലെ വിവാദവും തലപൊക്കിയിരുന്നു.സ്ഫടികം രണ്ടാം ഭാഗം ഒരുക്കാൻ ആർക്കും അവകാശമില്ലെന്നും ആരെങ്കിലും മുന്നോട്ടുവന്നാൽ തന്നെയും ചെയ്യാനാകില്ലെന്നും ഭദ്രൻ വ്യക്തമാക്കിയതാണ് വിവാദത്തിന് കാരണം. എന്നാൽ സിനിമയുമായി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ബിജു കട്ടക്കലിപ്പോൾ.

സ്ഫടികത്തിനു രണ്ടാം ഭാഗം ഇല്ലെന്നും ആടുതോമയുടെ മകൻ ഒരിക്കലും ഗുണ്ടയാകില്ലെന്നും ഭദ്രൻ പറഞ്ഞെങ്കിലും സംവിധായകൻ ബിജു കട്ടക്കൽ ചിത്രവുമായി മുന്നോട്ടു പോവുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.നാല് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 അനൗൺസ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്നും ബിജു കട്ടക്കൽ പറയുന്നു.

'സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വർഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നിൽ. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തൻ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാൻ ആർക്കും ഉപയോഗിക്കാവുന്ന ഗ്‌ളാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.''ആരോപണങ്ങൾ ഉണ്ടാകട്ടെ, സിനിമ തിയറ്ററിൽ വരുമ്പോഴാണ് യഥാർത്ഥത്തിൽ ഇതിലെന്താണെന്ന് ആളുകൾ തിരിച്ചറിയൂ. ഇപ്പോൾ മോഹൻലാലിന്റെ പേര് വച്ച് ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാകില്ലായിരുന്നു. യങ് സൂപ്പർസ്റ്റാർ എന്നാണ് ഞാൻ പോസ്റ്ററിൽ പറഞ്ഞിരുന്നത്. ഇതെന്റെ പുതുപുത്തൻ റെയ്ബാൻ ആണെന്നതാണ് ഭദ്രൻ സാറിനുള്ള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി തന്നെ മുന്നോട്ടുപോകും.'ബിജു പറഞ്ഞു.

സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോൺ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവർ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തിൽ വെളിപ്പെടുത്തി. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേത്. സണ്ണി ലിയോൺ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. സിൽക്ക് സ്മിതയുടെ മകളുടെ വേഷമാണ്. അന്ന് സ്ഫടികം വന്നപ്പോഴും സിൽക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെ. 'സ്ഫടികം 2 ഇരുമ്പൻ ' മാസും ക്ലാസുമായിരിക്കും.'ബിജു പറഞ്ഞു.

യുവേഴ്സ് ലവിങ്ലി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. വൻ ബഡ്ജറ്റിൽ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ഈ ചിത്രം നിർമ്മിക്കുന്നു. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുകയാണ്.