- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിരികെ കേരള കൂപ്പായ്ത്തിൽ കളത്തിലെത്തി; ഐപിഎല്ലിലേക്ക് പരിഗണിക്കാത്തതിന് പിന്നാലെ വിരമിക്കൽ; ഇനി സിനിമയിൽ സജീവമാകാൻ ശ്രീശാന്ത്; ബോളിവുഡ് എൻട്രി 'ഐറ്റം നമ്പർ വൺ' സിനിമയിൽ സണ്ണി ലിയോണിനൊപ്പം; മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കണമെന്ന് ശ്രീ
കൊച്ചി: ശരിക്കുമൊരു സിനിമാക്കഥയ്ക്കുള്ള വകുപ്പുണ്ട്, മലയാളം ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ജീവിതം. ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിൽ അംഗമായിരുന്നു ഈ മലയാളി താരം. പേസ് ബൗളിംഗിൽ അഗ്രസീവ് ശൈലി കൊണ്ടുവന്ന താരം. ഐപിഎൽ കോഴ വിവാദത്തിൽ കുരുങ്ങി വർഷങ്ങളോളം കളിക്കളത്തിന് പുറത്തായിട്ടും തിരികെ എത്തി കേരളത്തിന് വേണ്ടി കളിച്ച ശേഷം വിരമിച്ചു ശ്രീശാന്ത്. വിരമിക്കൽ പ്രഖ്യാപന വേളയിൽ എന്താണ് ഭാവി പരിപാടിയെന്ന് ശ്രീശാന്തിനോട് ചോദ്യം ഉയർന്നിരുന്നു. അന്ന് സിനിമയിൽ ചേക്കേറുമെന്നാണ് ശ്രീശാന്ത് പറഞ്ഞത്.
സിനിമിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. സണ്ണി ലിയോണിനൊപ്പമാണ് ശ്രീശാന്ത് സിനിമയിൽ അഭിനയിക്കുന്നത്. ഗായകനായും അഭിനേതാവായുമെല്ലാം സിനിമാ പ്രേമികൾക്കു തന്നെ കാണാമെന്നാണു ശ്രീ പറയുന്നത്. ഐറ്റം നമ്പർ വൺ എന്ന സിനിമയിലാണ് സണ്ണിയും ശ്രീശാന്തും അഭിനയിക്കുന്ന്. ഈ സിനിമയിൽ ശ്രീശാന്ത് ഗാനം ആലപിക്കുന്നുമുണ്ട്. നേരത്തേ ഒരു സിനിമയിൽ ശ്രീശാന്ത് അഭിനയിച്ചിരുന്നു.അന്ന് ആ സിനിമയിൽ തന്നെ ആരും കണ്ടിട്ടുണ്ടാവില്ല, ഹിന്ദിയിലാക്കി യുട്യൂബിലിട്ടപ്പോൾ മികച്ച പ്രതികരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
വിരമിക്കലിനു ശേഷമുള്ള നല്ല അവസരമായി കണ്ടാണ് ഐറ്റം നമ്പർ വണ്ണിൽ അഭിനയിക്കാൻ തീരുമാനിച്ചത്. സ്വന്തം നാട്ടിൽ തന്നെ തന്റെ ആദ്യത്തെ പാട്ട് റെക്കോർഡ് ചെയ്യാൻ സാധിച്ചതു ഭാഗ്യമാണ്. മറ്റു റെക്കോർഡിങ്ങുകൾ മുംബൈയിലായിരുന്നു. ഇതൊരു എളുപ്പമുള്ള, ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയിനർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ളേവറുള്ള കഥാപാത്രമാണ് തന്റേതെന്നും ശ്രീശാന്ത് പറഞ്ഞു.
കേരള രഞ്ജി ടീമിൽ തിരികെയെത്തിയ ശ്രീശാന്ത് കഴിഞ്ഞ മാർച്ചിലാണു വിരമിച്ചത്. ഐപിഎൽ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട വിലക്കുകൾക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
ഐപിഎൽ വാതുവയ്പ് വിവാദത്തിൽ കുരുങ്ങി ദീർഘകാലം പുറത്തിരുന്നതിന് ശേഷം ക്രിക്കറ്റിലേക്കും പിന്നാലെ രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ നേടിയ വിക്കറ്റ് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്ന ശ്രീശാന്തിന്റെ വീഡിയോ വൈറലായിരുന്നു. മുപ്പത്തിയൊൻപതാം വയസ്സിൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം ഒന്നുമാത്രമായിരുന്നു ശ്രീശാന്തിന്റെ തിരിച്ചുവരിവിനുള്ള ഊർജ്ജം നൽകിയത്.
വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ പിച്ചിൽ കമിഴ്ന്ന് കിടന്നായിരുന്നു ശ്രീശാന്തിന്റെ വിക്കറ്റ് ആഘോഷം. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ വിക്കറ്റ് ലഭിച്ച സന്തോഷത്തിൽ പിച്ചിനെ പ്രണമിക്കുകയായിരുന്നു താനെന്ന് ശ്രീശാന്ത് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ അന്ന് കുറിച്ചത്. പിന്നാലെ പരിശീലനത്തിനിടെ പരുക്കേറ്റ് കേരളാ രഞ്ജി ടീമിൽ നി്ന്നും പുറത്തായതോടെ ശ്രീശാന്തിന്റെ വിരമിക്കൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് സജീവ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതായി മുൻ ഇന്ത്യൻ താരം പ്രഖ്യാപിച്ചത്. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നാണു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ ടീമിന്റെ ഓരോ ദക്ഷിണാഫ്രിക്കൻ പര്യടനവും ആരാധകർക്ക് ഇപ്പോൾ ആദ്യ പരമ്പര നേട്ടത്തിനായുള്ള കാത്തിരിപ്പാണെങ്കിൽ കുറച്ചുകാലം മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റെങ്കിലും ജയിക്കുക എന്നത് തന്നെ ഇന്ത്യൻ ടീമിന് വലിയ നേട്ടമായിരുന്നൊരു കാലമുണ്ടായിരുന്നു. അത് സാധ്യമായത് എസ് ശ്രീശാന്ത് എന്ന് മലയാളി പേസറുടെ മികവിലായിരുന്നുവെന്നത് മലയാളികൾ ഇന്നും അഭിമാനത്തോടെ ഓർത്തെടുക്കുന്ന മുഹൂർത്തമാണ്.
2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനംത്തിലായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന് ഒരു മലയാളി താരം മുഖ്യ കാർമികനായത്. അതിനുമുമ്പ് നടന്ന പരമ്പരകളിലൊന്നും ഒരു ടെസ്റ്റിൽ പോലും ജയിക്കാനാകാതെ മടങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ചത് പേസ് കൊണ്ടും സ്വിങ് കൊണ്ടും ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച മലയാളി താരം ശ്രീശാന്തിന്റെ ബൗളിംഗായിരുന്നു.
ജൊഹ്നാസ്ബർഗിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷ കൈവിട്ടതാണ്. എന്നാൽ പോരാട്ടവീര്യത്തിൽ ആർക്കും പിന്നിലല്ലാത്ത ശ്രീശാന്ത് വീറോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് കേവലം 84 റൺസിൽ അവസാനിച്ചു. സ്വിങ് ബൗളിംഗിന്റെ സൗന്ദര്യം മുഴുവൻ പന്തുകളിലാവാഹിച്ച് ശ്രീ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രി ആടിയുലഞ്ഞു. 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു ആദ്യ ഇന്നിങ്സിൽ ശ്രീശാന്ത് പിഴുതെടുത്തത്.
ആദ്യം ഉഗ്രനൊരു ഇൻസ്വിഗറിലൂടെ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്തിനെ മടക്കിയ ശ്രീ ഹാഷിം അംലയെയും പിന്നാലെ മടക്കി. പിന്നീടായിരുന്നു ഒരുപക്ഷെ ശ്രീശാന്ത് കരിയറിൽ തന്നെ എറിഞ്ഞിട്ടുള്ളതിൽ ഏറ്റവും മികച്ച പന്ത് പിറന്നത്. അതിന് മുന്നിൽ വീണതോ ദക്ഷിണാഫ്രിക്കൻ നിരയിലെയെന്നു മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിരുന്ന ജാക് കാലിസും. മാർക്ക് ബൗച്ചറെയും ഷോൺ പൊള്ളോക്കിനയും കൂടി മടക്കിയാണ് ശ്രീ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അവിസ്മരണീയമാക്കിയത്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ച ശ്രീശാന്ത് തന്നെയായിരുന്നു ആ മത്സരത്തിൽ കളിയിലെ താരവും.
എം.എസ് ധോനി നയിച്ച ട്വന്റി 20 ടീം 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോൾ ഫൈനലിൽ പാക്കിസ്ഥാൻ താരം മിസ്ബാഹ് ഉൾ ഹഖിന്റെ നിർണായകമായ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. ജയപരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ പാക് ബാറ്റർ മിസ്ബാ ഉൾ ഹഖിനെ ഷോട്ട് ഫൈൻ ലെഗ്ഗിൽ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്റെ ദൃശ്യം ആരാധകർക്ക് ഇന്നും ആവേശം നൽകുന്ന ഓർമയാണ്. തുടർന്ന് 2011-ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു.
ഐപിഎൽ വാതുവയ്പ്പു വിവാദവുമായി ബന്ധപ്പെട്ട വിലക്കുകൾക്കുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന് അധികം വൈകും മുൻപാണ് താരം വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചത്. നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്കോട്ടിൽ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു.
ഈ സീസണിലെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ കളിച്ച് 2 വിക്കറ്റുകൾ വീഴ്ത്തി. പരുക്ക് ഭേദമായി ടീമിൽ തിരിച്ചെത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് ഉറപ്പു നൽകിയ താരം, തികച്ചും അപ്രതീക്ഷിതമായാണ് ഇന്ന് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
രാജ്യാന്തര തലത്തിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ശ്രീശാന്ത്, ഇടക്കാലത്ത് ഐപിഎൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങിയിരുന്നു. ടെസ്റ്റിൽനിന്ന് 87 വിക്കറ്റുകൾ സ്വന്തമാക്കി. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പുരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെ രാജ്യാന്തര കരിയറിലെ അവസാന ടെസ്റ്റും കളിച്ചു.
ഏകദിനത്തിൽ 53 മത്സരങ്ങളിൽനിന്ന് 75 വിക്കറ്റുകൾ വീഴ്ത്തി. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 55 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2005 ഒക്ടോബർ 25ന് ശ്രീലങ്കയ്ക്കെതിരെ നാഗ്പുരിലായിരുന്നു ഏകദിന അരങ്ങേറ്റം. 2011 ഏപ്രിലിൽ ശ്രീലങ്കയ്ക്കെതിരെ തന്നെ അവസാന ഏകദിനം കളിച്ചു. 10 ട്വന്റി20 മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകളും നേടിയിട്ടുണ്ട്. 12 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ട്വന്റി20 അരങ്ങേറ്റം. 2008 ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരെ അവസാന ട്വന്റി20 മത്സരം കളിച്ചു.
മറുനാടന് ഡെസ്ക്