ന്യൂയോർക്ക്: ആഗോളതലത്തിൽ സമാധാന സന്ദേശം നൽകി പ്രവർത്തന നിരതമായിരിക്കുന്ന 'ദ വേൾഡ് പീസ് മിഷന്റെ ചെയർമാനും, പ്രമുഖ കുടുംബ പ്രേഷിതനും, ജീവകാരുണ്യപ്രവർത്തകനും, ഫാമിലി കൗൺസിലറും പ്രശസ്ത സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ വച്ച് 2015 ജൂൺ 30 മുതൽ ഓഗസ്റ്റ് 10 വരെ കുടുംബജീവിതത്തിന് ആവശ്യമായ പ്രബോധനങ്ങൾ നൽകി ''സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും'' (on Earth as it is in Heaven) എന്ന മുഖ്യചിന്താധാരയിലൂന്നി ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. 

''കരുണയും, കരുതലും, കാവലുമായി ജീവിച്ച്, വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിർത്തി ഇരുളിന്റെ ഒരു പൊട്ടുപോലുമില്ലാതെ ജീവിക്കുവാനും, പരസ്പരം ആത്മാർത്ഥമായി ആദരിക്കുവാനും, അറിവിൽ നിന്ന് തിരിച്ചറിവിന്റെ തീരങ്ങളിലേക്ക് സഞ്ചരിക്കുവാനും, പുറത്തൊരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശമുണ്ടെന്ന ആത്മീയബോധത്തോടെ നിലനിന്ന് ആന്തരിക യൗവ്വനം നിലനിർത്തുവാനും അങ്ങനെ സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും ശ്രീ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഈ ഫാമിലി കോൺഫറൻസ് ഉപകരിക്കുമെന്ന് വേൾഡ് പീസ് മിഷന്റെ ആത്മീയ രക്ഷാധികാരി ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

വേൾഡ് പീസ് മിഷന്റെ ''സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും'' എന്ന ജീവിത സ്പർശിയായ പ്രബോധന പരമ്പര ഈ വർഷം ജനുവരിയിൽ സൗത്ത് ആഫ്രിക്കയിൽ നിന്ന് ആരംഭിച്ചു. ഓഗസ്റ്റ് വരെയുള്ള അമേരിക്കൻ പര്യടനത്തിനുശേഷം ഓസ്ട്രേലിയ, ന്യൂസിലാന്റ,് യു. എ. ഇ, യൂറോപ്പ്- യു. കെ എന്നിവടങ്ങളിലും ഈ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നുണ്ട്.

ഈ കോൺഫറൻസിൽ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണർവ്വും, തലമുറകൾ അനുഗ്രഹീതമാകാനുള്ള അറിവും, ദൈവാനുഭവത്തിന്റെ നിറവും നേടാൻ സംഘാടകർ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കൂടൂതൽ വിവരങ്ങൾക്ക്: twpmorg@gmail.com/ 91-944-715-4999