മെൽബൺ:പ്രശസ്ത കുടുംബപ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത ഫാമിലി കൗൺസിലറും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് മെൽബൺ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന മൂന്നാമത് സെന്റ് ആന്റണിയുടെ നൊവേന തിരുനാളിനോടനുബന്ധിച്ചു വചനസന്ദേശം നൽകി.

ആരവംപോലെ അനുഭവപ്പെടുന്ന അർഥമില്ലാത്ത ശബ്ദങ്ങളെ പ്രാർത്ഥനയായി തെറ്റിദ്ധരിച്ച് ജീവിതത്തിൽ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തർ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാർത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്‌മേൽമറിച്ച് സ്വന്തം ദൗർബല്യത്തെ കണെ്ടത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകൾ ഉണ്ടാകണമെന്നും അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി നൽകി ഭൂമിയിൽ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാമെന്നും സണ്ണി സ്റ്റീഫൻ പറഞ്ഞു.

സാധാരണ ധ്യാനരീതികളിൽനിന്നു വ്യത്യസ്തമായി തിരുവചനത്തെ പ്രായോഗിക ജീവിത പാഠങ്ങളായി പകർത്തി സണ്ണി സ്റ്റീഫൻ നൽകുന്ന ഉൾക്കരുത്തുള്ള പ്രബോധനങ്ങൾ, മനസിന്റെ ആഴങ്ങളിൽ പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും പങ്കെടുത്ത എല്ലാവർക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും അസിസ്റ്റന്റ് വികാരി ഫാ. ജോർജ് ഫെലിഷിയസ് പറഞ്ഞു.