- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജുവിന് മറുപടിയുമായി റോയ്-വില്യംസൺ കൂട്ടുകെട്ട്; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ്; പരാജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾക്കും മങ്ങൽ; പഴായ അർധ സെഞ്ച്വറിക്കിടയിലും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി സഞ്ജു
ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ നാലാം സ്ഥാനത്തേക്ക് ചേക്കേറാനുള്ള രാജസ്ഥാൻ റോയൽസിന്റെ മോഹങ്ങൾ തച്ചുതകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സിന് ഏഴ് വിക്കറ്റിന്റെ ജയം. ഇതോടെ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത മങ്ങി. 165 റൺസ് വിജയലക്ഷ്യം ജേസൻ റോയ്, കെയ്ൻ വില്യംസൺ എന്നിവരുടെ അർധ സെഞ്ചുറികളിൽ 18.3 ഓവറിൽ സൺറൈസേഴ്സ് മറികടന്നു.
സൺറൈസേഴ്സിന്റെ സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണിത്. തുടർച്ചായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ചിട്ടും സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഡേവിഡ് വാർണർക്ക് പകരം ജേസൺ റോയിയെ കൊണ്ടുവന്ന സൺറൈസേഴ്സിന്റെ തീരുമാനമാണ് മത്സരത്തിൽ നിർണായകമായത്.
165 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും വൃദ്ധിമാൻ സാഹയും ചേർന്ന് നൽകിയത്. ആദ്യ അഞ്ചോവറിൽ ഇരുവരും ചേർന്ന് 57 റൺസ് അടിച്ചെടുത്തു. റോയ് ആയിരുന്നു കൂടുതൽ അപകടകാരി. ഡേവിഡ് വാർണർക്ക് പകരം ടീമിലിടം നേടിയ ഇംഗ്ലീഷ് താരം കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.
എന്നാൽ ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ സാഹയെ മടക്കി മഹിപാൽ ലോംറോർ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. കയറിയടിക്കാൻ ശ്രമിച്ച സാഹയെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി. 11 പന്തുകളിൽ നിന്ന് 18 റൺസെടുത്താണ് താരം മടങ്ങിയത്. സാഹയ്ക്ക് പകരം നായകൻ വില്യംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തു.
വില്യംസണും നന്നായി കളിക്കാൻ തുടങ്ങിയതോടെ ജേസൺ റോയിയുടെ ആത്മവിശ്വാസം വർധിച്ചു. രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് റോയ് അപകടകാരിയായി. സൺറൈസേഴ്സിനായി അരങ്ങേറ്റ മത്സരം കുറിച്ച താരം 36 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തി. ഒപ്പം ടീം സ്‌കോർ 100 കടത്തി. രാഹുൽ തെവാത്തിയ എറിഞ്ഞ 11-ാം ഓവറിൽ ജേസൺ റോയിയെ പുറത്താക്കാനുള്ള സുവർണാവസം ജയ്സ്വാൾ പാഴാക്കി.
എന്നാൽ തൊട്ടടുത്ത ഓവറിൽ ജേസൺ റോയിയെ മടക്കി ചേതൻ സക്കറിയ രാജസ്ഥാന് ആശ്വാസം പകർന്നു. പുറകോട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച റോയിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി സഞ്ജുവിന്റെ കൈയിലെത്തി. വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ 50-ാം ഐ.പി.എൽ ക്യാച്ചാണിത്. 42 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 60 റൺസെടുത്താണ് താരം മടങ്ങിയത്.
പിന്നാലെ വന്ന പ്രിയം ഗാർഗിനും പിടിച്ചുനിൽക്കാനായില്ല. ആദ്യ പന്തിൽ തന്നെ മുസ്താഫിസുർ റഹ്‌മാന് വിക്കറ്റ് നൽകി താരം പവലിയനിലേക്ക് മടങ്ങി. ഇതോടെ സൺറൈസേഴ്സിന്റെ റൺറേറ്റ് കുറഞ്ഞു. ഗാർഗിന് ശേഷം ക്രീസിലെത്തിയ അഭിഷേക് ശർമയെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ ഇരുവരെയും തളച്ചു.
അവസാന നാലോവറിൽ 26 റൺസായിരുന്നു സൺറൈസേഴ്സിന് വേണ്ടിവന്നത്. മുസ്താഫിസുർ എറിഞ്ഞ 17-ാം ഓവറിൽ വെറും നാല് റൺസ് മാത്രമാണ് സൺറൈസേഴ്സിന് നേടാനായത്. ഇതോടെ വിജയലക്ഷ്യം മൂന്നോവറിൽ 22 റൺസായി.
എന്നാൽ 18-ാം ഓവറെറിഞ്ഞ സക്കറിയയുടെ ആദ്യ പന്തിൽ തന്നെ സിക്സ് നേടി അഭിഷേക് ശർമ സൺറൈസേഴ്സിന്റെ സമ്മർദം കുറച്ചു. പിന്നാലെ വില്യംസൺ ബൗണ്ടറി കൂടി നേടിയതോടെ മത്സരം സൺറൈസേഴ്സിന്റെ കൈയിലായി. തൊട്ടടുത്ത ഓവറിൽ വില്യംസൺ ടീമിനായി വിജയറൺ നേടി. ഒപ്പം അർധസെഞ്ചുറിയും കുറിച്ചു. 41 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്ത വില്യംസണും 16 പന്തുകളിൽ നിന്ന് 21 റൺസിച്ച അഭിഷേക് ശർമയും പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്‌മാൻ, മഹിപാൽ ലോംറോർ, ചേതൻ സക്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
57 പന്തുകളിൽ നിന്ന് മൂന്ന് സിക്സുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയോടെ 82 റൺസെടുത്ത സഞ്ജുവിന്റെ ഒറ്റയ്ക്കുള്ള പോരാട്ടമാണ് രാജസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഈ ഇന്നിങ്സിന്റെ ബലത്തിൽ റൺവേട്ടക്കാരുടെ പട്ടികയിൽ സഞ്ജു ധവാനെ മറികടന്ന് ഒന്നാമതെത്തി. നിലവിൽ പത്തുമത്സരങ്ങളിൽ നിന്ന് 433 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒപ്പം ഐ.പി.എല്ലിൽ 3000 റൺസ് മറികടക്കുകയും ചെയ്തു.
മഹിപാൽ ലോംറോറിനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. പിന്നാലെ വന്ന റിയാൻ പരാഗ് ആദ്യ പന്തിൽ തന്നെ കൗളിന് വിക്കറ്റ് നൽകി മടങ്ങി. 28 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ലോംറോർ പുറത്താവാതെ നിന്നു.
സൺറൈസേഴ്സിനായി സിദ്ധാർത്ഥ് കൗൾ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സന്ദീപ് ശർമ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്പോർട്സ് ഡെസ്ക്