- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോകത്തെവിടെയും ഇതുവരെ എത്തിയിട്ടില്ലാത്ത ഭയങ്കരനായ കോവിഡ് വൈറസ് ലണ്ടനിൽ; അനുനിമിഷം പെറ്റുപെരുകുന്ന വൈറസ് ബാധിച്ചാൽ ആയിരങ്ങൾ മരിച്ചു വീണേക്കാം; ബ്രിട്ടനിൽ രോഗവ്യാപനം കാട്ടുതീ പോലെ പടരാൻ കാരണം കോവിഡ് വൈറസിന് പുതിയ വകഭേദം; കോവിഡിനെ നമുക്ക് തോൽപ്പിക്കാനാവില്ലേ?
ലണ്ടൻ: അറിയുംതോറും ദുരൂഹതകൾ വർദ്ധിപ്പിക്കുന്ന ഒരു പ്രതിഭാസമായി മാറുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനവിധേയമായിക്കൊണ്ടിരിക്കുന്ന ഈ വൈറസിന്റെ വിവിധ മുഖങ്ങൾ അറിഞ്ഞു വരുമ്പോഴേക്കും കൂടുതൽ കൂടുതൽ അറിയുവാനുണ്ടെന്ന അനുമാനത്തിലാണ് ശാസ്ത്രലോകം എത്തിച്ചേരുന്നത്. കഴിഞ്ഞവർഷം അവസാനത്തോടെ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട സാർസ് കോവ്-2 എന്ന് ശാസ്ത്രീയനാമമുള്ള ഈ വൈറസ് ഇതിനോടകം തന്നെ ഒന്നിലേറെ തവണ മ്യുട്ടേഷന് വിധേയമായി വ്യത്യസ്ത രൂപഭേദങ്ങൾ സ്വീകരിച്ചിരുന്നു.
ഇപ്പോൾ പുറത്തുവരുന്ന വാർത്ത്, വീണ്ടും പ്രകീർണാന്തരം അഥവാ മ്യുട്ടേഷൻ സംഭവിച്ച് പുതിയൊരു വകഭേദം കൂടി ഉണ്ടായിരിക്കുന്നു എന്നാണ്. തന്റെ മുൻഗാമികളേക്കാൾ ശക്തനായ ഈ പുതിയ അവതാരത്തിന് 70 ശതമാനത്തോളം അധിക വ്യാപനശേഷിയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണയിലധികം വ്യാപനശേഷിയുള്ള വൈറസിന്റെ സാമീപ്യം തികച്ചും ഭയപ്പെടുത്തുന്നതാണെന്നാണ് പ്രശസ്ത പകർച്ചവ്യാധി വിദഗ്ദൻ ജോൺ ഏഡ്മണ്ട്സ് പറയുന്നത്.
ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുവാൻ ഈ പുതിയ ഇനം വൈറസാണ് കാരണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പറഞ്ഞു. ഈ മഹാവ്യധിയുടെ ഏറ്റവും ഭയാനകമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ നാം പോയ്ക്കൊണ്ടിരിക്കുന്നതെന്നും, ഈ പുതിയ വകഭേദത്തെ ചെറുക്കുവാൻ സാധാരണ മുൻകരുതലുകളോന്നും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ലണ്ടനും തെക്കൻ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും ടയർ-4 നിയന്ത്രണങ്ങൾക്ക് കീഴിലാക്കി.
വി യു ഐ-202012/01 എന്ന് നാമകരണം ചെയ്തിരിക്കുന്ന സാർസ് കോവ്-2 വൈറസിന്റെ ഈ വകഭേദം അത്യന്തം അപകടകാരിയാണെന്നോ, വാക്സിനെ പ്രതിരോധിക്കുമെന്നോ പറയാനാവില്ലെന്നായിരുന്നു മുൻപ് ക്രിസ് വിറ്റ് പറഞ്ഞിരുന്നത്. ഈ വൈറസിന് ബ്രിട്ടനകത്തു തന്നെയാണ് മ്യുട്ടേഷൻ സംഭവിച്ചതെന്നാണ് കരുതുന്നത്. എന്നാൽ അക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. രോഗവ്യാപനത്തിന്റെ വേഗത നിശ്ചയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ആർ നിരക്കിനെ 0.4 ശതമാനം വരെ വർദ്ധിപ്പിക്കാൻ ഈ പുതിയ ഇനം കൊറോണ വൈറസിനാകുമെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാവായ വാലൻസ് പറയുന്നത്.
നാടകീയമായ ഈ വെളിപ്പെടുത്തലോടെ ഇംഗ്ലണ്ടിന്റെ മൂന്നിൽ ഒരു ഭാഗം സ്ഥലങ്ങളിൽ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ റദ്ദു ചെയ്യുവാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. ലണ്ടനിലും പരിസരത്തുള്ള കൗണ്ടികളിലും അതീവ കർശനമായ ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.അത്യാവശ്യമില്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കുക, ക്രിസ്ത്മസ്സ് ദിനത്തിൽ ഉൾപ്പടെ വീടിനുള്ളിൽ കഴിയുക തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഈ പുതിയ വൈറസിനെ കുറിച്ച് പഠിക്കുന്ന കോവിഡ്-19 ജിനോമിക്സ് യു കെ കൺസോർഷ്യം പറയുന്നത്, യഥാർത്ഥ കൊറോണയുമായി തട്ടിച്ചു നോക്കുമ്പോൾ ഈ പുതിയ ഇനത്തിൽ 17 ഓളം കാതലായ മാറ്റങ്ങൾ ദൃശ്യമാണെന്നാണ്. ഇത്രയധികം മാറ്റങ്ങൾ ഒരു മ്യുട്ടേഷനിൽ സംഭവിക്കുക എന്നത് തന്നെ അസാധാരണമാണെന്ന് ഇവർ പറയുന്നു. ഇതിൽ തന്നെ സുപ്രധാനമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. കുന്തമുനയുടെ ആകൃതിയിലുള്ള ഈ സ്പൈക്കുകൾ ഉപയോഗിച്ചാണ് വൈറസ് മനുഷ്യകോശങ്ങളിൽ പിടിച്ചു തൂങ്ങുന്നതും രോഗത്തിന് കാരണമാകുന്നതും.
സ്പൈക്ക് പ്രോട്ടീനിൽ വന്ന മാറ്റം തീർത്തും ആശങ്കാജനകമാണെന്നാണ് ശാസ്ത്രലോകം പൊതുവേ വിലയിരുത്തുന്നത്. കാരണം ഫൈസറിന്റേതുൾപ്പടെയുള്ള പ്രധാന വാക്സിനുകളെല്ലാം ഈ സ്പൈക്ക് പ്രോട്ടീനെ ലക്ഷ്യം വച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിൽ വന്ന മാറ്റം വാക്സിന്റെ പ്രതിരോധ ശേഷിയെ വിപരീതമായി ബാധിച്ചേക്കാം. മാത്രമല്ല, ഒരിക്കൽ രോഗം ബാധിച്ച് സുഖപ്പെട്ട ഒരു വ്യക്തി നേടിയെടുക്കുന്ന സ്വയം പ്രതിരോധ ശക്തിക്കും ഈ പുതിയ ഇനത്തെ തടയാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ പുതിയ ഇനം വൈറസിനെ വാക്സിനേഷൻ ബാധിക്കില്ല എന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ലണ്ടനിലും പരിസരപ്രദേശങ്ങളിലും ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ഇംഗ്ലണ്ടിന്റെ ബാക്കി ഭാഗങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. നേരത്തേ ഡിസംബർ 23 മുതൽ 27 വരെ മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഒത്തുചേരാം എന്നുണ്ടായിരുന്നത് ഇപ്പോൾ ക്രിസ്ത്മസ് ദിനത്തിലേക്ക് മാത്രമാക്കി ചുരുക്കി. പുതുക്കിയ നിയന്ത്രണങ്ങളെ കുറിച്ച് രണ്ടാഴ്ച്ചകൾക്ക് ശേഷം പുനരവലോകനം നടത്തും.
വെയിൽസും ബബിൾ സംഗമത്തിനുള്ള അനുവാദം ഒരു ദിവസത്തേക്ക് മാത്രമായി വെട്ടിച്ചുരുക്കുകയാണ്. സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രാവിലക്ക് കൂടുതൽ കർക്കശമാക്കിക്കൊണ്ട് നിക്കോള സ്റ്റർജനും പ്രഖ്യാപനം നടത്തി. ഇവിടെയും കുടുംബങ്ങൾ തമ്മിൽ ഒത്തുചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ, കെന്റ്, ബക്കിങ്ഹാംഷയർ, ബെർക്ക്ഷയർ, സറേ, ഗോസ്പോർട്ട്, ഹാവന്റ്, പോർറ്റ്സ്മൗത്ത്, റോതെർ ആൻഡ് ഹേസ്റ്റിങ്സ് എന്നിവിടങ്ങളിലായിരിക്കും ടയർ 4 നിയന്ത്രണങ്ങൾ ഉണ്ടാവുക. ലണ്ടൻ, ബെഡ്ഫോർഡ്, മില്ട്ടൺ കീനെസ്, ല്യുട്ടൺ, പീറ്റർബറോ, ഹേർട്ട്ഫോർഡ്ഷയർ തുടങ്ങിയ ഭാഗങ്ങളിലും ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരും.
നവംബറിൽ പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ടയർ-4 സോണിൽ ഉണ്ടാവുക. മറ്റു സോണുകളിൽ ഉള്ളവരോട് ടയർ-4 മേഖലയിലേക്ക് യാത്രചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഇതിനെതിരെ പ്രതിഷേധവും കനത്തിട്ടുണ്ട്. ഭരണകക്ഷി എം പിമാർ തന്നെ ഇതിനെതിരായി രംഗത്ത് എത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ കൊണ്ട് രോഗവ്യാപനം തടയുവാൻ കഴിയാത്ത സാഹചര്യത്തിൽ, ക്രിസ്ത്മസ്സ് ആഘോഷങ്ങൾ ഇല്ലാതെയാക്കുവാൻ മാത്രമേ ഇതുകൊണ്ട് പ്രയോജനപ്പെടു എന്നാണ് അവർ പറയുന്നത്.
മറുനാടന് ഡെസ്ക്